പ്ലസ് വണ്‍: 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചിട്ടും മലബാറില്‍ ഇപ്പോഴും പതിനായിരങ്ങള്‍ പുറത്ത്
പ്ലസ്‌വണ്‍ പഠനത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ പരിധിക്ക് പുറത്താവുന്നത് മലപ്പുറം ജില്ലയിലായിരിക്കും. നിലവിലെ കണക്ക് അനുസരിച്ച് ജില്ലയില്‍ 11,648 സീറ്റുകളുടെ കുറവുണ്ടാവും.
സ്വന്തം പ്രതിനിധി
കോഴിക്കോട്: 20 ശതനമാനം സീറ്റ് വര്‍ധിപ്പിച്ച് മലബാറിലെ പ്ലസ് വണ്‍ സീറ്റുകളുടെ അപര്യാപ്ത പരിഹാരിക്കാനുള്ള സര്‍ക്കാര്‍ നീക്കവും വേണ്ടത്ര ഫലം കാണില്ല. പതിനായിരങ്ങള്‍ ഇപ്പോഴും പടിക്ക് പുറത്താണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പ്ലസ്‌വണ്‍ പഠനത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ പരിധിക്ക് പുറത്താവുന്നത് മലപ്പുറം ജില്ലയിലായിരിക്കും. ജില്ലയില്‍ 75,257 കുട്ടികളാണ് ഇത്തവണ ഉപരിപഠനത്തിന് യോഗ്യത നേടിയത്. 50,340 സീറ്റുകള്‍ മാത്രമുള്ള ഇവിടെ 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ചാലും 11,000ല്‍ അധികം കുട്ടികള്‍ക്ക് അവസരം ലഭിക്കില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മലപ്പുറത്ത് 10,645 സീറ്റാണ് വര്‍ധിപ്പിച്ചത്. നിലവിലെ കണക്ക് അനുസരിച്ച് ജില്ലയില്‍ 11,648 സീറ്റുകളുടെ കുറവുണ്ടാവും.
മലബാറിലെ ഏഴു ജില്ലകളിലാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ചു നല്‍കിയത്. ബാക്കിയിടങ്ങളില്‍ 10 ശതമാനം സീറ്റുകളും വര്‍ധിപ്പിച്ചു നല്‍കിയിരുന്നു.
പാലക്കാട് ജില്ലയില്‍ 5,653 സീറ്റാണ് അധികം കിട്ടിയത്. ഉവിടെ 4598 കുട്ടികള്‍ക്ക് പ്ലസ് വണ്ണിന് സീറ്റ് ലഭിക്കില്ല. 6894 അധിക സീറ്റുകള്‍ ലഭിച്ച കോഴിക്കോടിന് 3,064 സീറ്റും 1,771 അധിക സീറ്റ് ലഭിച്ച വയനാടിന് 1,041സീറ്റും കുറവുണ്ടാവും. 5453 അധിക സീറ്റ് ലഭിച്ച കണ്ണൂര്‍ ജില്ലയില്‍ 1,261 കുട്ടികള്‍ക്ക് പ്ലസ് വണ്ണിന് സീറ്റ് ലഭിക്കില്ല.2855 സീറ്റ് അധികമായി ലഭിച്ച കാസര്‍കോടിന് 2154 സീറ്റ് കുറവുണ്ടാവും.
അതേ സമയം 6,275 സീറ്റ് കിട്ടിയ തിരുവനന്തപുരത്ത് 3,759 സിറ്റ് അധികമുണ്ടാവും. പത്തനം തിട്ടയില്‍ 4440ഉം കോട്ടയത്ത് 2572 ഉം എറണാകുളത്ത് 104 ഉം ആലപ്പുഴയില്‍ 722 ഉം ഇടുക്കിയില്‍ 670 ഉം സിറ്റ് ഒഴിഞ്ഞുകിടക്കും.
അതാത് ജില്ലകളിലെ അപര്യാപ്തത പരിഗണിക്കാതെയാണ് സീറ്റ് വര്‍ധന നടത്തിയത്. പ്രവേശനത്തിന് യോഗ്യത നേടിയ വിദ്യാര്‍ഥികളുടെ എണ്ണം പരിഗണിക്കാതെ 2019ല്‍ അനുവദിക്കപ്പെട്ട പ്ലസ്‌വണ്‍ സീറ്റുകളുടെ എണ്ണത്തിന് അടിസ്ഥാനത്തില്‍ സീറ്റ് വര്‍ധന നടപ്പാക്കിയതിനാലാണ് മലബാര്‍ മേഖലയില്‍ സീറ്റുകളുടെ അപര്യാപ്തത തുടരാന്‍ കാരണമാവുന്നത്.
മാത്രമല്ല സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതോടെ സ്‌കൂളുകളിലെ വിദ്യാര്‍ഥി അധ്യാപക അനുപാതം താളം തെറ്റും. ഒരു ക്ലാസില്‍ 50 കുട്ടികള്‍ വേണ്ടിടത്ത് 65ല്‍ അധികം പേരാവും നിലവിലെ സാഹചര്യത്തില്‍. ഇത് കുട്ടികളുടെ പഠന നിലവാരം താഴ്ത്താനിടയാക്കും. അതിനാല്‍ തന്നെ അധിക ബാച്ചുകള്‍ അനുവദിക്കലാണ് ഫലപ്രദമായ പരിഹാരമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.