പ്ലസ്‌വണ്‍ പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു; സപ്തംബര്‍ 24 മുതല്‍ ഒക്ടോബര്‍ 18 വരെ
തിരുവനന്തപുരം: പ്ലസ്‌വണ്‍ പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു. സപ്തംബര്‍ 24 മുതല്‍ ഒക്ടോബര്‍ 18 വരെയാണ് പരീക്ഷ. വിഎസ്എസ്ഇ പരീക്ഷ സെപ്തംബര്‍ 24 മുതല്‍ ഒക്ടോബര്‍ 13 വരെ നടക്കും. ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പരീക്ഷകള്‍ ഓഫ്‌ലൈനായി നടത്താന്‍ സുപ്രിംകോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് പുതുക്കിയ ടൈംടേബിള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഓരോ പരീക്ഷയ്ക്കിടയിലും അഞ്ച് ദിവസങ്ങള്‍ വരെ ഇടവേളയിട്ടാണ് സമയക്രമം നിശ്ചയിച്ചത്. എല്ലാ പരീക്ഷകളും രാവിലെ തന്നെ നടത്തും.
ടൈംടേബിള്‍ dhsekerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൊവിഡ് മാനദണ്ഡം പൂര്‍ണമായും പാലിച്ചായിരിക്കും പരീക്ഷ നടത്തുകയെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പരീക്ഷകള്‍ക്ക് മുമ്പ് ക്ലാസ് മുറികള്‍ അണുവിമുക്തമാക്കും. 48 ഓളം വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി പരിഗണിച്ച് കേരളത്തില്‍ പ്ലസ്‌വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്തുന്നത് സുപ്രിംകോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് കൊവിഡ് മാനദണ്ഡം പൂര്‍ണമായി പാലിച്ച് പരീക്ഷ നടത്താമെന്ന് സര്‍ക്കാരിന്റെ ഉറപ്പിന്‍മേല്‍ സുപ്രിംകോടതി പ്ലസ്‌വണ്‍ ഓഫ്‌ലൈന്‍ പരീക്ഷയ്ക്ക് അനുമതി നല്‍കുകയായിരുന്നു.