രാജ്യത്തെ എല്ലാ പോലിസുകാര്‍ക്കും ഒരേ യൂനിഫോം; നിര്‍ദേശവുമായി മോദി
കേന്ദ്ര അന്വേഷണ ഏജന്‍സികളുമായി സംസ്ഥാനങ്ങള്‍ സഹകരിക്കണം. ക്രമസമാധാനപാലനം എതെങ്കിലും ഒരു സംസ്ഥാനത്തിന്റെയോ കേന്ദ്രത്തിന്റെയോ മാത്രം പ്രശ്‌നമല്ല.
ന്യൂഡല്‍ഹി: ആഭ്യന്തര സുരക്ഷയ്ക്കായി എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാനയിലെ സൂരജ് കുണ്ഡില്‍ നടക്കുന്ന സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെയും ഡിജിപിമാരുടെയും ദ്വിദിന സമ്മേളനത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. പ്രസംഗത്തില്‍ സുപ്രധാന നിര്‍ദേശങ്ങളും മോദി മുന്നോട്ടുവച്ചു. ഫൈവ് ജിയുടെ വരവോടെ സൈബര്‍ സുരക്ഷയില്‍ കൂടുതല്‍ ജാഗ്രത വേണമെന്നും മോദി പറഞ്ഞു.
കേന്ദ്ര അന്വേഷണ ഏജന്‍സികളുമായി സംസ്ഥാനങ്ങള്‍ സഹകരിക്കണം. ക്രമസമാധാനപാലനം എതെങ്കിലും ഒരു സംസ്ഥാനത്തിന്റെയോ കേന്ദ്രത്തിന്റെയോ മാത്രം പ്രശ്‌നമല്ല. ഇരുവിഭാഗങ്ങളും ഒന്നിച്ച് സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും മോദി പറഞ്ഞു. പോലിസിനെ കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടില്‍ ഗുണപരമായിട്ടുള്ള മാറ്റങ്ങള്‍ വേണം. ഇതിന് ഭരണ നേതൃത്വം ഇടപെടണം. കൊവിഡ് കാലത്ത് കേന്ദ്ര ഏജന്‍സികളും സംസ്ഥാനത്തെ പോലിസും മികവുറ്റരീതിയിലായിരുന്നു പ്രവര്‍ത്തിച്ചതെന്നും മോദി ചൂണ്ടിക്കാട്ടി
കുറ്റകൃത്യങ്ങളുടെ വേഗത മുന്നില്‍കണ്ട് കാലോചിതമായ പരിഷ്‌കരണം അന്വേഷണ ഏജന്‍സികളുടെ ഭാഗത്തുനിന്നുണ്ടാവണം. പൊതുവായ പൂളിലൂടെ കേന്ദ്ര ഏജന്‍സികളും സംസ്ഥാന പോലിസും ഒന്നിച്ചുപ്രവര്‍ത്തിക്കുന്ന ഡാറ്റാബെയ്‌സ് ഉണ്ടാക്കണമെന്ന് മോദി പറഞ്ഞു. ഭീകരത തടയുന്നതില്‍ യുഎപിഎ സുപ്രധാന പങ്കാണ് വഹിച്ചത്.
രാജ്യത്തെ എല്ലാ പോലിസ് യൂനിഫോം ഏകീകരിക്കണമെന്നും മോദി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ പോലിസ് യൂനിഫോമില്‍ വ്യത്യാസമുണ്ട്. അത് ഒഴിവാക്കി ഇന്ത്യയിലെ എല്ലാ പോലിസിനും ഒരേ സ്വഭാവത്തിലുള്ള യൂനിഫോം വേണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാജ്യം ഒരു യൂനിഫോം എന്നതാവണം മുദ്രാവാക്യമെന്നും എന്നാല്‍ ഇത് അടിച്ചേല്‍പ്പിക്കില്ലെന്നും മോദി പറഞ്ഞു.