ആരോഗ്യ ഇന്‍ഷുറന്‍സ് ബോധവല്‍ക്കരണത്തിന്റെ മറവില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണം; ചെലവ് 15 കോടി
ഇതിനകം വലിയ വിവാദത്തിലായ പദ്ധതിയെക്കുറിച്ച് വിവരിച്ച് പ്രധാനമന്ത്രി നേരിട്ട് രാജ്യത്തെ കോടിക്കണക്കിന് വീടുകളിലേക്ക് കത്തെഴുതാനാണ് പരിപാടി. 7.5 കോടി കത്തുകളാണ് ഇതിനായി പ്രിന്റ് ചെയ്തിരിക്കുന്നതെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. 15.75 കോടി രൂപയാണ് ഇതിനുള്ള ചെലവ്.
ന്യൂഡല്‍ഹി:: തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ഏത് വിധേനയും വോട്ടര്‍മാരെ പാട്ടിലാക്കാനുള്ള തന്ത്രവുമായി ബിജെപി സര്‍ക്കാര്‍. നരേന്ദ്ര മോദി സര്‍ക്കാര്‍ ഈയിടെ പ്രഖ്യാപിച്ച ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ മറവില്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്താനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനകം വലിയ വിവാദത്തിലായ പദ്ധതിയെക്കുറിച്ച് വിവരിച്ച് പ്രധാനമന്ത്രി നേരിട്ട് രാജ്യത്തെ കോടിക്കണക്കിന് വീടുകളിലേക്ക് കത്തെഴുതാനാണ് പരിപാടി. 7.5 കോടി കത്തുകളാണ് ഇതിനായി പ്രിന്റ് ചെയ്തിരിക്കുന്നതെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. 15.75 കോടി രൂപയാണ് ഇതിനുള്ള ചെലവ്.
പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന(പ്രധാനമന്ത്രി ജനാരോഗ്യ പദ്ധതി) എന്ന് രേഖപ്പെടുത്തിയിട്ടുള്ള പച്ചയും വെള്ളയും നിറത്തിലുള്ള കവറിന് പുറത്ത് മോദിയുടെ ചിത്രം വലുതായി പ്രിന്റ് ചെയ്തിട്ടുണ്ട്. രണ്ട് പേജുള്ള കത്ത് പക്ഷേ മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രധാന്‍മന്ത്രി ആവാസ് യോജന, പ്രധാന്‍മന്ത്രി ഉജ്വല യോജന, സൗഭാഗ്യ സ്‌കീം, പ്രധാന്‍മന്ത്രി ജീവന്‍-ജ്യോതി ബീമ യോജന തുടങ്ങി മോദി നടപ്പാക്കിയ എട്ട് പദ്ധതികളെക്കുറിച്ചു വിവരിക്കാനാണ് ഉപയോഗിക്കുന്നത്. കത്തിന്റെ അവസാനത്തിലാണ് ഏതാനും വരികളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയെക്കുറിച്ച് പറയുന്നത.
ഓരോ കത്തിനും നാല്‍പ്പത് രൂപ ചെലവ് വരുമെന്നും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് ആകെ അനുവദിച്ച തുക 2,000 കോടി രൂപ ആണെന്നിരിക്കേ ഇതിനുള്ള തുക എവിടെ നിന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും സിപിഎം എംപി എം ബി രാജേഷ് ചോദിച്ചു.
കേരളത്തില്‍ ആദ്യ ഘട്ടത്തില്‍ 12 ലക്ഷം കത്തുകള്‍ വിതരണം ചെയ്തതായാണ് അറിയുന്നത്. ഓരോ സംസ്ഥാനങ്ങള്‍ക്കും വേണ്ടി അതത് ഭാഷകളിലാണ് കത്തു തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് മാത്രം ഇതിനകം രണ്ട് ലക്ഷം കോപ്പി കത്തുകള്‍ എത്തിക്കഴിഞ്ഞു. പാലക്കാട് ജില്ലയിലും രണ്ടു ലക്ഷത്തോളം കത്തുകള്‍ വിതരണം ചെയ്യും. കത്തുകള്‍ കൃത്യമസയത്ത് എത്തിക്കുന്നതിന് പോസ്റ്റല്‍ ഡിപാര്‍ട്ട്‌മെന്റിലേക്ക് മുകളില്‍ നിന്ന് വലിയ സമ്മര്‍ദ്ദമുണ്ട്. ഒരു കത്തുപോലും അഡ്രസിലുള്ളയാള്‍ക്ക് കിട്ടാതെ മടങ്ങരുതെന്ന കര്‍ശന ഉത്തരവ് പോസ്‌റ്റോഫിസുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. കത്ത് കിട്ടിയ ഉടനെ തന്നെ ഡെലിവറി പ്രക്രിയ തുടങ്ങണം. ഞായറാഴ്ചയാണ് നിരവധി കത്തുകള്‍ കിട്ടിയത്. അന്ന് തന്നെ അത് വിതരണത്തിനുള്ള നടപടിയും തുടങ്ങി.
അതേ സമയം, കത്തുകള്‍ അയക്കാനുള്ള ചെലവ് ഭരണസംബന്ധമായ ചെലവായാണ് കണക്കാക്കുകയെന്നും പദ്ധതിത്തുകയില്‍ ഉള്‍പ്പെടുത്തില്ലെന്നും ആയുഷ്മാന്‍ ഭാരത് സിഇഒ ഇന്ദു ഭൂഷണ്‍ പറഞ്ഞു.