ലഘുലേഖ പിടിച്ചെന്ന് കരുതി ഒരാള്‍ മാവോവാദിയാവില്ലെന്ന് യുഎപിഎ സമിതി അധ്യക്ഷന്‍
പോലിസ് യുഎപിഎ ചുമത്തിയ മിക്ക കേസുകളിലും വ്യക്തമായ തെളിവില്ലായിരുന്നു. ഇക്കാരണത്താലാണ് യുഎപിഎ സമിതി പ്രോസിക്യൂഷന്‍ അനുമതി നിഷേധിക്കുന്നത്. പകുതിയിലധികം കേസുകള്‍ തള്ളിയതും തെളിവില്ലാത്തതിനാലാണ്.
കൊച്ചി: ഒരാളുടെ കൈയില്‍നിന്ന് ലഘുലേഖ പിടിച്ചെന്ന് കരുതി അയാള്‍ മാവോവാദിയാണെന്ന് പറയാനാവില്ലെന്ന് യുഎപിഎ സമിതി അധ്യക്ഷന്‍ റിട്ട. ജസ്റ്റിസ് പി എസ് ഗോപിനാഥന്‍. കോഴിക്കോട് മാവോവാദി ബന്ധമാരോപിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരേ യുഎപിഎ ചുമത്തിയ പശ്ചാത്തലത്തില്‍ സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാവോ ബന്ധത്തിന് വ്യക്തമായ തെളിവ് വേണം. നിരോധിതസംഘടനയില്‍ അംഗമായിരുന്നുവെന്ന് പോലിസ് തെളിയിക്കണം. ലഘുലേഖ കൈയിലുണ്ടെന്ന് കരുതി മാവോവാദിയാണെന്ന് പറയാനാവില്ല. മാവോവാദികളുടെ നിര്‍ദേശപ്രകാരം പ്രചാരണത്തിന് ഉപയോഗിച്ചതാണെന്ന് വ്യക്തമാണം. എങ്കില്‍ മാത്രമേ പ്രോസിക്യൂഷന്‍ അനുമതി നല്‍കൂ എന്നും നീതിപൂര്‍വമായി മാത്രമേ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കൂ എന്നും പി എസ് ഗോപിനാഥന്‍ പറഞ്ഞു.
പോലിസ് യുഎപിഎ ചുമത്തിയ മിക്ക കേസുകളിലും വ്യക്തമായ തെളിവില്ലായിരുന്നു. ഇക്കാരണത്താലാണ് യുഎപിഎ സമിതി പ്രോസിക്യൂഷന്‍ അനുമതി നിഷേധിക്കുന്നത്. പകുതിയിലധികം കേസുകള്‍ തള്ളിയതും തെളിവില്ലാത്തതിനാലാണ്. ഈ അടുത്തകാലത്ത് യുഎപിഎ ചുമത്തപ്പെട്ട 13 കേസുകള്‍ സമിതി മുമ്പാകെ വന്നിരുന്നു. ഇതില്‍ ഒമ്പത് കേസുകള്‍ക്ക് വിചാരണ അനുമതി നിഷേധിച്ചിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നു ഈ കേസുകളില്‍ യുഎപിഎ ചുമത്തപ്പെട്ടത്. വ്യക്തമായ തെളിവുണ്ടെങ്കില്‍ മാത്രമേ വിചാരണ നടപടികള്‍ക്ക് കേസ് കൈമാറാന്‍ കഴിയൂ. കോഴിക്കോട്ടെ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ തെളിവുണ്ടെങ്കില്‍ മാത്രമേ പ്രോസിക്യൂഷന്‍ അനുമതി നല്‍കൂ എന്നും പി എസ് ഗോപിനാഥന്‍ കൂട്ടിച്ചേര്‍ത്തു.