ജാവദേക്കറുമായുള്ള ചര്‍ച്ച; ഇപിയെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റേണ്ടെന്ന് സിപിഎം
ഇ പി ജയരാജനെതിരേ നടക്കുന്നത് കള്ളപ്രചാരണമെന്നും കമ്മ്യൂണിസ്റ്റ് വിരോധമാണെന്നും പറഞ്ഞ എം വി ഗോവിന്ദന്‍, ഇപിക്ക് നിയമപരമായി നേരിടാനുള്ള എല്ലാ പിന്തുണയും നല്‍കുമെന്നും പറഞ്ഞു. ആരോപണം ഉന്നയിച്ചവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ ഇ പിയോട് നിര്‍ദേശിച്ചിട്ടുണ്ട്. ബിജെപി നേതാവിനെ കണ്ടത് തെറ്റാണെന്ന് പറയാനാവില്ല. വ്യക്തിപരമായി ഒരാളെ കണ്ടാല്‍ അതൊക്കെ തെറ്റായിപ്പോയെന്ന് പറയാനാവില്ല. സാമൂഹിക ജീവിതത്തിലെ സാംസ്‌കാരിക മൂല്യമുള്ള ഒരു രാഷ്ട്രീയമാണ് നമ്മളെല്ലാവരും കൈകാര്യം ചെയ്യുന്നത്. ആരെങ്കിലും ഒരാളെ കണ്ട ഉടനെ ആ രാഷ്ട്രീയം അവസാനിച്ചുപോവുമെന്നത് എന്ത് തെറ്റായ വിശകലനമാണ്. പ്രധാനമന്ത്രിയെവരെ കണ്ടാല്‍ എന്താണ് പ്രശ്‌നം. അവരോട് മിണ്ടാന്‍ പാടില്ല, കാണാന്‍ പാടില്ല എന്ന് പറയുന്നത് ശരിയായ രാഷ്ട്രീയമല്ല. ചര്‍ച്ചയ്ക്ക് പോവുമ്പോഴൊക്കെ സ്ഥിരമായി കാണാറുണ്ട്. അതേസമയംതന്നെ രാഷ്ട്രീയത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കാന്‍ സാധിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. നേരത്തേ, വിവാദമുണ്ടായപ്പോള്‍ തന്നെ ഇ പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു തുടരുന്നതിനെതിരേ സിപി ഐ രംഗത്തെത്തിയിരുന്നു. ഇതിനെ പൂര്‍ണമായും തള്ളുന്നതാണ് സിപിഎം സംസ്ഥാന സമിതിയിലെ തീരുമാനം. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിക്കുമെന്നും ബിജെപിക്ക് ഒരിടത്തും ജയിക്കാനാവില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.