വിലക്കയറ്റം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിപണിയിലിടപെടണം; 23 മുതല്‍ 28 വരെ സംസ്ഥാന വ്യാപക പ്രതിഷേധം: പി അബ്ദുല്‍ ഹമീദ്
അരി വില ഒരു മാസത്തിനുള്ളില്‍ 15 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. 2021 ല്‍ മട്ട അരി കിലോയ്ക്ക് 38 ആയിരുന്നത് ഇപ്പോള്‍ 55-60 രൂപയായിരിക്കുകയാണ്. അരി വില കൂടിയതോടെ ഉപോല്‍പ്പന്നങ്ങളായ അവല്‍, അരിപ്പൊടികള്‍, അരച്ച മാവ് എന്നിവയ്ക്കും വില ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്.
തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടേതുള്‍പ്പെടെ അനിയന്ത്രിത വിലക്കയറ്റം മൂലം ജനജീവിതം ദുസ്സഹമായിരിക്കുകയാണെന്നും പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിപണിയിലിടപെടണമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. ഈ ആവശ്യമുന്നയിച്ച് ഒക്ടോബര്‍ 23 മുതല്‍ 28 വരെ സംസ്ഥാന വ്യാപകമായി വിവിധ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 'നിത്യോപയോക സാധനങ്ങളുടെ തീവില: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വിപണിയില്‍ ഇടപെടുക' എന്ന മുദ്രാവാക്യമുയര്‍ത്തി മണ്ഡലം തലങ്ങളില്‍ പ്രതിഷേധ ധര്‍ണയും ബ്രാഞ്ച് തലങ്ങളില്‍ പ്രചാരണ പരിപാടികളും സംഘടിപ്പിക്കും.
അരി വില ഒരു മാസത്തിനുള്ളില്‍ 15 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. 2021 ല്‍ മട്ട അരി കിലോയ്ക്ക് 38 ആയിരുന്നത് ഇപ്പോള്‍ 55-60 രൂപയായിരിക്കുകയാണ്. അരി വില കൂടിയതോടെ ഉപോല്‍പ്പന്നങ്ങളായ അവല്‍, അരിപ്പൊടികള്‍, അരച്ച മാവ് എന്നിവയ്ക്കും വില ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. സപ്ലൈകോയിലുള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു. ആന്ധ്രയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും അരി വരവ് കുറഞ്ഞതും പാക്കയ്ക്കറ്റ് അരിയ്ക്ക് അഞ്ച് ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയതുമാണ് വില വര്‍ധയന്ക്ക് കാരണമായതെന്ന് മൊത്ത വ്യാപാരികള്‍ പറയുന്നത്.
അരിക്കു പുറമെ മുളക്, മല്ലി, പയര്‍ വര്‍ഗങ്ങള്‍, ഡിറ്റര്‍ജന്റുകള്‍, വാഷിങ് പൗഡറുകള്‍, ബിസ്‌കറ്റുകള്‍, കറിപ്പൊടികള്‍, സാമ്പാര്‍ പൊടി, മീറ്റ് മസാല,സണ്‍ഫ്‌ളവര്‍ ഓയില്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് ക്രമാതീതമായി വില വര്‍ധിച്ചിരിക്കുന്നു. ഉണക്ക മുളക് കിലോയ്ക്ക് 160 (2021)- 320 (2022), മുളക് പൊടി 260 (2021)-330 (2022). അതായത് ഉണക്ക മുളകിന് വില ഇരട്ടിയായിരിക്കുന്നു. 80 രൂപയായിരുന്ന പയര്‍ വില 130 ആയി വര്‍ധിച്ചു. കടലയുടെ വിലയും അമിതമായി വര്‍ധിച്ചിരിക്കുന്നു.
പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, പാചക വതക സിലിണ്ടര്‍ എന്നിവയുടെ വിലയും ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു. 2021 ജൂലൈ 01 ന് 852.50 രൂപയായിരുന്ന ഗാര്‍ഹിക സലിണ്ടറിന്റെ വില നിലവില്‍ 1070.50 രൂപയാണ്. 2020 മേയ് മാസം ലിറ്ററിന് 71.26 രൂപയയായിരുന്ന പെട്രോള്‍ വില നിലവില്‍ 107.71 രൂപയാണ്. 2020 ല്‍ 69.39 രൂപയായിരുന്ന ഡീസല്‍ വില 96.52 രൂപയായി വര്‍ധിച്ചിരിക്കുന്നു.
സര്‍ക്കാര്‍ വിപണിയിലിടപെടാതിരിക്കുക, വില നിര്‍ണയാവകാശം കമ്പനികള്‍ക്ക് നല്‍കുക തുടങ്ങിയ കോര്‍പറേറ്റ് പ്രമോഷന്‍ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതാണ് നിലവിലുള്ള സ്ഥിതിയ്ക്കു കാരണമായത്. ജനജീവിതം ദുസ്സഹമാകുമ്പോള്‍ രാജ്യം അരാജകത്വത്തിലേക്ക് നീങ്ങും. ശ്രീലങ്കയിലെ അവസ്ഥ നമുക്ക് പാഠമാകണം. രാജ്യത്തിന്റെ നിലനില്‍പ്പിന് സര്‍ക്കാരുകളുടെ അടിയന്തര ഇടപെടല്‍ ആവശ്യമാണ്.
ജനജീവിതം ദുസ്സഹമാക്കുന്ന വിലക്കയറ്റത്തില്‍ നിന്നു ശ്രദ്ധ തിരിക്കാന്‍ അപ്രധാന വിഷയങ്ങളില്‍ ചര്‍ച്ച വഴിതിരിച്ചുവിടുകയാണ് സാമ്പ്രദായിക പാര്‍ട്ടികള്‍. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും പി അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന സമിതിയംഗം അന്‍സാരി ഏനാത്ത് സംബന്ധിച്ചു.