പ്രിയങ്കയെ വലിച്ചിഴച്ച് പോലിസ്; രാഹുലും അറസ്റ്റിൽ; ഡൽഹിയിൽ സംഘർഷം
രാജ്യത്ത് ജനാധിപത്യമെന്നത് ഓർമ മാത്രമായി മാറിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സമാധാനപരമായി രാഷ്ട്രപതി ഭവനിലേക്ക് പോകാനാണ് ശ്രമിച്ചത്.
ന്യൂഡൽഹി: അവശ്യസാധനങ്ങളുടെ വിലവർധനവ് തൊഴിലില്ലായ്മ ജിഎസ്ടി എന്നിവയ്‌ക്കെതിരേ കോൺഗ്രസ് ഡൽഹിയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടയിൽ രാഹുൽഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പോലിസ് അറസ്റ്റ് ചെയ്തു. ഏറെ നേരം നീണ്ട സംഘർഷത്തിനൊടുവിൽ മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ളവരെ അറസ്റ്റ് ചെയ്തു നീക്കുകയായുരന്നു. നിരോധനാജ്ഞ ലംഘിച്ചതിനാണ് അറസ്റ്റ്.
രാജ്യത്ത് ജനാധിപത്യമെന്നത് ഓർമ മാത്രമായി മാറിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സമാധാനപരമായി രാഷ്ട്രപതി ഭവനിലേക്ക് പോകാനാണ് ശ്രമിച്ചത്. പോലിസിന് ഞങ്ങളെ ബലം പ്രയോഗിച്ച് നീക്കാം. ഭയമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എഐസിസി ആസ്ഥാനത്തു നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്കു പ്രകടനം നടത്തുന്നതിനിടയിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പോലിസ് വലിച്ചിഴയ്ക്കുകയും ചെയ്തു. പോലിസ് ബാരിക്കേഡ് ചാടിക്കടന്നുമുന്നോട്ട് പോയപ്പോഴാണ് പോലിസിന്റെ നടപടി
കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗങ്ങളും മുതിർന്ന നേതാക്കളും പ്രധാനമന്ത്രിയുടെ വസതിയിലേക്കും ലോക്സഭാ, രാജ്യസഭാ എംപിമാർ പാർലമെന്റിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്കുമാണ് പ്രതിഷേധ പ്രകടനം നടത്താൻ തീരുമാനിച്ചിരുന്നത്.
പ്രതിഷേധത്തിന് മുന്നോടിയായി എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് എഐസിസി ആസ്ഥാനം കേന്ദ്രസേനയും ഡൽഹി പോലിസും വളഞ്ഞു. ജന്തർമന്തർ ഒഴികെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഡൽഹി പോലിസ് പ്രതിഷേധം നടത്താൻ അനുമതി നിഷേധിച്ചത്.