ഇ അബൂബക്കറിന് ഫലപ്രദമായ ചികില്‍സ നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം
പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതിനു മുന്നോടിയായാണ് രാജ്യവ്യാപകമായി നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി ജയിലിലടച്ചത്.
ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ നേതാവ് ഇ അബൂബക്കറിന് എല്ലാ അസുഖങ്ങള്‍ക്കും ഫലപ്രദമായ ചികിത്സ നല്‍കാന്‍ തിഹാര്‍ ജയില്‍ സൂപ്രണ്ടിന് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. അര്‍ബുദം ഉള്‍പ്പെടെയുള്ള ഗുരുതര രോഗം കാരണം ബുദ്ധിമുട്ടുന്നതിനാല്‍ ചികില്‍സക്കായി ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് ഇ അബൂബക്കര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. നേരത്തേ ജാമ്യം അനുവദിക്കണമെന്ന ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഇ അബൂബക്കര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ഹരജിയില്‍ എന്‍.ഐ.എ (ദേശീയ അന്വേഷണ ഏജന്‍സി) മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വന്തം നിലക്ക് ചലിക്കാന്‍ പോലും കഴിയാത്ത ഇ അബൂബക്കറിന് ഒരു സഹായിയെ വച്ചുകൊടുത്തിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അദിത് പൂജാരി ചൂണ്ടിക്കാട്ടി. മലയാളവും ഇംഗ്ലീഷും മാത്രം സംസാരിക്കുന്ന അദ്ദേഹത്തിന് സഹായിയുമായി ആശയ വിനിമയം നടത്താനാവുന്നില്ല. ക്രിമിനല്‍ പശ്ചാത്തലങ്ങളൊന്നുമില്ലാത്ത ഒരു സ്‌കൂള്‍ അധ്യാപകനായിരുന്നു അബൂബക്കര്‍ എന്നും 71ാം വയസ്സില്‍ ജീവിതത്തില്‍ ആദ്യമായാണ് ജയിലില്‍ എത്തുന്നതെന്നും അഭിഭാഷകന്‍ വാദിച്ചെങ്കിലും എന്‍ ഐഎ ഇക്കാര്യത്തെ എതിര്‍ക്കുകയായിരുന്നു. പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതിനു മുന്നോടിയായാണ് രാജ്യവ്യാപകമായി നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി ജയിലിലടച്ചത്.