ഉദ്യോഗാര്‍ഥികള്‍ കുടുംബസമേതം സെക്രട്ടേറിയറ്റിന് മുന്‍പില്‍; പ്രതീക്ഷ നാളത്തെ മന്ത്രിസഭായോഗത്തില്‍

നട്ടുച്ചയ്ക്ക് സെക്രട്ടേറിയറ്റിന് മുന്നിലെ ടാര്‍ റോഡില്‍ ആണ്‍-പെണ്‍ ഉദ്യോഗാര്‍ഥികളുടെ ശയനപ്രദക്ഷിണം ആരിലും അനുകമ്പയുണ്ടാക്കുന്നത്

Update: 2021-02-14 07:57 GMT

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ കഴിഞ്ഞ മൂന്നാഴ്ചയായി നടക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ സമരം കൂടുതല്‍ തീവ്രമാവുന്നു. ആദ്യഘട്ടത്തില്‍ സെക്രട്ടേറിയറ്റിന് മുന്‍പില്‍ ഇരുപ്പ് സമരമായിരുന്നുവെങ്കില്‍, പിന്‍വാതില്‍ നിയമനങ്ങളും കൂട്ട സ്ഥിരപ്പെടുത്തലും വിവാദമായതോടെ ആത്മഹത്യ ഭീഷണി ഉള്‍പ്പെടെയുള്ള സമര രീതി സ്വീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സമരം കൂടുതല്‍ തീക്ഷ്ണമാവുകയാണ്. നട്ടുച്ചയ്ക്ക് കൊടുംവേനലില്‍ സെക്രട്ടേറിയറ്റിന് മുന്നിലെ ടാര്‍ ചെയ്ത റോഡില്‍ ആണ്‍-പെണ്‍ ഉദ്യോഗാര്‍ഥികള്‍ ഇപ്പോള്‍ ശയനപ്രദക്ഷിണം നടത്തുകയാണ്. ഇതിന് പുറമെ സിവില്‍ പോലിസ് ഓഫിസര്‍ റാങ്ക് ലിസ്റ്റിലുള്ളവര്‍ പിന്‍നടത്തം ഉള്‍പ്പെടെയുള്ള സമരവും നടത്തുന്നുണ്ട്. നടുറോഡില്‍ നട്ടുച്ചയ്ക്കുള്ള ശയനപ്രദക്ഷിണ സമരം ആരിലും അനുകമ്പയുണ്ടാക്കുന്നതാണ്.

ഈ മാസം 22 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നമെന്ന് ഉദ്യോഗാര്‍ഥികള്‍ അറിയിച്ചു. അതിനൊപ്പം ഇപ്പോള്‍ കുടുംബ സമേതം സമരത്തിന് എത്തുകയാണ്. സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരക്കാരേക്കാള്‍ സമരത്തിന് പിന്‍തുണ അര്‍പ്പിച്ച് പ്രതിപക്ഷ സംഘടനകളുള്‍പ്പെടെ ധാരാളം പേര്‍ എത്തുന്നുണ്ട്. ഇപ്പോള്‍ സമരത്തിന് കൂടുതല്‍ തീവ്രത വരാന്‍ കാരണം നാളത്തെ മന്ത്രിസഭാ യോഗത്തില്‍ അനുകൂല തീരുമാനമെടുപ്പിക്കാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ധം ശക്തമാക്കണമെന്ന് ഉദ്യോഗാര്‍ഥികള്‍ കരുതുന്നത്് കൊണ്ടാണ്.

കഴിഞ്ഞ ദിവസം ചില ഡിവൈഎഫ്‌ഐ നേതാക്കളുടെ മധ്യസ്ഥതതയില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. റാങ്ക് ലിസ്റ്റ് നീട്ടുക എന്നത് മാത്രമാണ് ഉദ്യോഗാര്‍ഥികള്‍ മുന്നോട്ട വച്ച ആവശ്യം. പക്ഷേ ഈ ആവശ്യത്തോട് നോക്കാം, പരിശോധിക്കാം തുടങ്ങിയ മറുപടികളാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്. ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യുക, പ്രമോഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ അനുകൂല സമീപനമായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്.

തുടക്കത്തില്‍ പ്രതിപക്ഷം ഇളക്കിവിടുന്ന സമരമാണെന്നും റാങ്ക് ലിസ്റ്റിലുള്ളവര്‍ക്കെല്ലാം ജോലി ലഭിക്കുമെന്ന് ആരാണ് ഇവരോട് പറഞ്ഞത് തുടങ്ങിയ സമരത്തെ തള്ളിപ്പറയാന്‍ മന്ത്രിമാരായ തോമസ് ഐസക്കും പി ജയരാജനും ഉള്‍പ്പെടെ ശ്രമിച്ചിരുന്നു. എന്നാല്‍ ദുര്‍ബല വാദങ്ങള്‍ക്കൊണ്ട് പിടിച്ച് നില്‍ക്കാന്‍ കഴിയുന്ന ഒന്നല്ല ഉദ്യോഗാര്‍ഥികളുടെ സമരമെന്ന് മുഖ്യമന്ത്രിയുടെ ഈ വിഷയത്തിലുള്ള വിശദീകരണത്തിന് ശേഷം മുന്നണിക്കും സര്‍ക്കാരിനും ബോധ്യം വന്നിട്ടുണ്ട്്.

അതേ സമയം ഈ ചര്‍ച്ചയോടെ ഉദ്യോഗാര്‍ഥികള്‍ക്ക് സമരം വിജയിക്കുമെന്ന പ്രതീക്ഷയ്ക്ക് കൂടുതല്‍ സാധ്യത കൈവന്നു. മാത്രമല്ല, പ്രതിപക്ഷ സംഘടനകള്‍ സമരം ഏറ്റെടുത്തതോടെ സര്‍ക്കാരിന് സമരം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നുണ്ട്. പ്രതിപക്ഷ നേതാവ്് നയിക്കുന്ന ഐശ്വര്യകേരള യാത്ര തിരുവനന്തപുരത്ത് എത്തുന്നതിന് മുന്‍പ് തന്നെ പ്രശ്‌നം പരിഹരിക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഇതിനൊക്കെ പുറമെ, ചാനല്‍, സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ സര്‍ക്കാര്‍ അനുകൂലികള്‍ക്ക് ഈ വിഷയത്തില്‍ മേല്‍ക്കൈ നേടാനും കഴിയുന്നില്ല.

ഇതിനൊപ്പം, തുടര്‍ഭരണം എന്ന മുന്നണി സ്വപ്‌നങ്ങള്‍ക്ക് ഉദ്യോഗാര്‍ഥി സമരം തടസ്സമായിക്കൂട എന്നും പാര്‍ട്ടി വിലയിരുത്തുന്നു. ഇതൊക്കൊ തന്നെയും ഉദ്യോഗാര്‍ഥികളും തിരിച്ചറിയുന്നുണ്ട്. സര്‍ക്കാര്‍ ജോലി ലഭിക്കണമെങ്കില്‍ പഠിച്ചാല്‍ മാത്രം പോരെന്നും സെക്രട്ടേറിയറ്റിന് മുന്‍ കടുത്ത സമരമുറ കൂടി നടത്തേണ്ടിവരുന്നത്, പൊതു ജനങ്ങളുടെ ഇടയിലും പ്രത്യേകിച്ച് യുവാക്കളുടെ ഇടയിലും ചര്‍ച്ചയാവുന്നുണ്ട്.

സര്‍ക്കാരിനെ ഏറ്റവുമധികം പ്രതിസന്ധിയിലാക്കുന്നത് സമരക്കാര്‍ക്ക് ലഭിക്കുന്ന വര്‍ധിച്ച ജനപിന്തുണയാണ്.

Tags:    

Similar News