സെക്രട്ടേറിയറ്റിന് മുന്നില്‍ പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് പ്രതിഷേധിച്ചു
ഉദ്യോഗാര്‍ഥികളെ പോലിസ് ആശുപത്രിയിലേയ്ക്ക് മാറ്റി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരത്തിലായിരുന്ന പിഎസ്‌സി റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ഥികള്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് പ്രതിഷേധിച്ചു. കന്റോണ്‍മെന്റ് പോലിസ് എത്തി പ്രതിഷേധക്കാരെ പിന്‍തിരിപ്പിക്കാന്‍ നോക്കിയെങ്കിലും അവര്‍ വഴങ്ങിയില്ല. മണ്ണെണ്ണ ഒഴിച്ചവരെ വസ്ത്രം മാറാന്‍ പോലിസ് നിര്‍ബന്ധച്ചെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. സമരക്കാര്‍ സെക്രട്ടേറിയറ്റ് പാതയിലും മണ്ണെണ്ണ ഒഴിച്ചിരുന്നു. ഒടുവില്‍, സമരക്കാരെ പോലിസ് വസ്ത്രം മാറാന്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇതിനിടെ, അഗ്നിശമനസേന എത്തി റോഡ് മുഴുവന്‍ വെള്ളമൊഴിച്ച് മണ്ണെണ്ണ നീക്കി.
വൈകീട്ട് അഞ്ചിന് മുന്‍പ് ഈ വിഷയത്തില്‍ തീരുമാനമുണ്ടാവണമെന്ന് ഉദ്യോഗാര്‍ഥികള്‍ ആവിശ്യപ്പെട്ടു. ദിവസങ്ങളായി സെക്രട്ടേറിയറ്റിന് മുന്‍പില്‍ വിവിധ റാങ്ക് ലിസ്റ്റുകളിലുള്ള ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിച്ച് വരുകയായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവുമുണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് ഉദ്യോഗാര്‍ഥികള്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് പ്രതിഷേധിച്ചത്. പിന്‍വാതില്‍ നിയമനങ്ങളും കൂട്ടസ്ഥിരപ്പെടുത്തലും തകൃതിയായി നടക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഉദ്യോഗാര്‍ഥികള്‍ കടുത്ത പ്രതിഷേധ പരിപാടികളിലേയ്ക്ക് നീങ്ങിയത്.