രാഹുല്‍ ഇ ഡിക്ക് മുന്നില്‍;എഐസിസി ആസ്ഥാനത്ത് സംഘര്‍ഷം;കൊടിക്കുന്നില്‍ സുരേഷ് എംപിയുള്‍പ്പെടേ നിരവധി നേതാക്കള്‍ അറസ്റ്റില്‍
ചോദ്യം ചെയ്യലിന് മുന്നോടിയായി ഇഡി ഓഫിസിന് ചുറ്റും വന്‍ സുരക്ഷയാണ് പോലിസ് ഒരുക്കിയിരുന്നത്
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി രാഹുല്‍ ഗാന്ധി രണ്ടാം ദിനവും ഇഡിക്ക് മുന്നില്‍ ഹാജരായി.എഐസിസി ആസ്ഥാനത്ത് പോലിസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം.രാഹുലിനൊപ്പം പ്രകടനവുമായി പോകാനെത്തിയ കൊടിക്കുന്നില്‍ സുരേഷ് എംപി ഉള്‍പ്പെടേയുള്ള നിരവധി നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്തു.
പ്രവര്‍ത്തകരെ പോലിസ് വാഹനത്തില്‍ ബലമായി പിടിച്ചു കയറ്റുകയായിരുന്നു.എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍,ജെബി മേത്തര്‍ എന്നിവരേയും കസ്റ്റഡിയിലെടുത്തു. ജെബി മേത്തറിനെ വലിച്ചിഴച്ചാണ് പോലിസ് വാഹനത്തില്‍ കയറ്റിയത്.എംപിയുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും അംഗീകരിച്ചില്ലെന്നും,വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റുകയായിരുന്നെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ആരോപിച്ചു.ചോദ്യം ചെയ്യലിന് മുന്നോടിയായി ഇഡി ഓഫിസിന് ചുറ്റും വന്‍ സുരക്ഷയാണ് പോലിസ് ഒരുക്കിയിരുന്നത്. വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂറാണ് രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തത്. ഇതിനു പിന്നാലെ ഇന്ന് ഹാജരാകാന്‍ രാഹുലിനോട് ആവശ്യപ്പെടുകയായിരുന്നു.കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള സെക്ഷന്‍ അമ്പതിന്റെ അടിസ്ഥാനത്തിലാണ് രാഹുലിന്റെ മൊഴി രേഖപ്പെടുത്തിയത്. ഇ ഡിയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ പദവിയുള്ള അന്വേഷണ ഉദ്യോഗസ്ഥന്‍ അടക്കം മൂന്ന് പേരാണ് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കുന്നത്. ഇന്നലെ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത കേരളത്തിലെ എംപിമാരടക്കമുള്ള നേതാക്കളെയും രാത്രി വൈകിയാണ് ഡല്‍ഹി പോലിസ് വിട്ടയച്ചത്.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സിനെ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് രൂപീകരിച്ച യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം.ഈ വിഷയത്തിലാണ് രാഹുലിനെ ഇ ഡി ചോദ്യംചെയ്യുന്നത്.