രാജസ്ഥാന്‍ മന്ത്രിസഭാ പുനസ്സംഘടന: അശോക് ഗലോട്ട് മന്ത്രിസഭയില്‍ 15 പേരുടെ സത്യപ്രതിജ്ഞ ഇന്ന്

Update: 2021-11-21 06:07 GMT

ജയ്പൂര്‍: ദീര്‍ഘകാലമായി രാജസ്ഥാന്‍ കോണ്‍ഗ്രസ്സില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്ന അശോക് ഗലോട്ട്, സച്ചിന്‍ പൈലറ്റ് അധികാരത്തര്‍ക്കത്തിന് താല്‍ക്കാലിയ പരിഹാരമായി മന്ത്രിസഭാ പുനസ്സംഘടന ഇന്ന് നടക്കും. നാല് മണിയോടെ 15 മന്ത്രിമാര്‍ ഗലോട്ട് മന്ത്രിസഭയില്‍ മന്ത്രിമാരായി സ്ഥാനമേല്‍ക്കും. പുതിയ മുപ്പത് അംഗ മന്ത്രിസഭയില്‍ സച്ചിന്‍ പക്ഷത്തുനിന്ന് അഞ്ച് പേരുണ്ടാവും. ശനിയാഴ്ച രാത്രിയാണ് ചിത്രം ഏകദേശം വ്യക്തമായത്.

ഇന്ന് സ്ഥാനമേല്‍ക്കുന്നവരുടെ വിശദാംശങ്ങള്‍ വൈകീട്ട് പുറത്തുവിടും. മന്ത്രിസഭയില്‍ 15 പുതിയ മുഖങ്ങളാണ് ഉള്ളത്. അതില്‍ നാല് പേര്‍ ജൂനിയര്‍ മന്ത്രിമാരായിരിക്കും.

ഹേമരം ചൗധരി, വിശ്വേന്ദ്ര സിംഗ്, രമേഷ് മീണ, ബിജേന്ദ്ര സിങ് ഒല, മുരാരിലാല്‍ മീണ തുടങ്ങി അഞ്ച് പേരാണ് സച്ചിന്‍ പക്ഷത്തുനിന്ന് മന്ത്രിമാരാവുക. ഇതില്‍ ആദ്യത്തെ മൂന്ന് പേരും കാബനറ്റ് പദവിയിലാണ്. ബാക്കി രണ്ട പേര്‍ സഹമന്ത്രിമാരായിരിക്കും.

വിശ്വേന്ദ്ര സിംഗ് രണ്ട് തവണ എംഎല്‍എയായിട്ടുള്ളയാളാണ്. രമേശ് മീണ സപോത്രയിലെ എംഎല്‍എയാണ്. കഴിഞ്ഞ ജൂലൈയില്‍ ഗലോട്ട് - സച്ചിന്‍ തര്‍ക്കത്തിന്റെ ഭാഗമായി സച്ചിനടക്കം മൂന്നുപേരും മന്ത്രിസഭയില്‍ നിന്ന് പുറത്തുപോകേണ്ടിവന്നു.

ജൂലൈ വരെ മീണ ടൂറിസം, ദേവസ്വം മന്ത്രിയായിരുന്നു. ഹേമറാം ചൗധരി ഭക്ഷ്യവകുപ്പും കൈകാര്യം ചെയ്തു. ഹേമാറാം ആറ് തവണ എംഎല്‍എയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. മുന്‍ റവന്യൂ മന്ത്രിയുമായിരുന്നു.

മഹേന്ദ്രജിത്ത് സിംഗ് മാളവ്യ, രാംലാല്‍ ജാട്ട്, മഹേഷ് ജോഷി, മംമ്ത ഭൂപേഷ്, ടിക്കാറാം ജൂലി, ഭജന്‍ ലാല്‍ ജാതവ്, ഗോവിന്ദ് റാം മേഘ്‌വാള്‍, ശകുന്തള റാവത്ത്. സാഹിദ ഖാനും രാജേന്ദ്ര സിംഗ് ഗുധ എന്നിവരാണ് മന്ത്രിസഭയിലെത്തുന്ന പുതിയ മുഖങ്ങള്‍. 

പുതിയ കാബിനറ്റില്‍ സച്ചിന്റെ പദവി എന്തായിരിക്കുമെന്ന് വ്യക്തമല്ല. നേരത്തെ അദ്ദേഹം ഉപമുഖ്യമന്ത്രിയായിരുന്നു. സച്ചിന്‍ പൈലറ്റ് ഗുജറാത്തിലെ പാര്‍ട്ടി ചാര്‍ജ്ജ് ഏറ്റെടുക്കണമെന്നാണ് രാഹുല്‍, പ്രിയങ്ക പക്ഷത്തിന്റെ താല്‍പ്പര്യം. അടുത്ത വര്‍ഷം ഒടുവിലാണ് ഗുജറാത്തിലെ തിരഞ്ഞെടുപ്പ്. പക്ഷേ, രാജസ്ഥാനില്‍ തന്നെ തുടരാനാണ് പൈലറ്റിന്റെ താല്‍പര്യം. അടുത്ത മുഖ്യമന്ത്രിയാവുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹത്തിന്റെ പക്ഷത്തുള്ള നേതാക്കള്‍ പറയുന്നു.

സച്ചിനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളു തമ്മില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് പുതിയ മന്ത്രിസഭാ വികസനത്തിന് വഴി തെളിഞ്ഞത്. യോഗത്തില്‍ സോണിയാഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പങ്കെടുത്തു.

പുനസ്സംഘടനയുടെ മുന്നോടിയായി അശോക് ഗലോട്ട് മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരും രാജിവച്ചിരുന്നു.

Tags:    

Similar News