രാജസ്ഥാന്‍ മന്ത്രിസഭാ വികസനം: 'ജാതി, ഗ്രൂപ്പ്, മതം'; പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ എന്തൊക്കെ?
ദീര്‍ഘകാലമയി രാജസ്ഥാന്‍ കോണ്‍ഗ്രസ്സിലെ തലവേദനയായിരുന്നു അശോക് ഗലോട്ട്, സച്ചിന്‍ പൈലറ്റ് പോര്. കേന്ദ്ര നേതൃത്വം എത്ര ശ്രമിച്ചിട്ടും പരിഹാരമാവാതെ തുടര്‍ന്നിരുന്ന പ്രതിസന്ധിക്കാണ് ഇപ്പോള്‍ വിരാമമാവുന്നത്.
അശോക് ഗലോട്ട്, സച്ചിന്‍ പക്ഷത്തുള്ളവര്‍ക്ക് മന്ത്രിപദവികള്‍ വീതം വയ്ക്കുകയാണ് ഇന്നത്തെ മന്ത്രിസഭാ പുനസംഘടനയുടെ പ്രധാനവശം. ഒപ്പം 2023 തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സമുദായ സമവാക്യങ്ങളും പരിഗണിക്കണം.
പുതിയ മന്ത്രിസഭയില്‍ 15 പേരുടെ പട്ടിക ശനിയാഴ്ച പുറത്തുവിട്ടു. അതില്‍ 11 പേര്‍ കാബിനറ്റ് പദവിയിലും ബാക്കി സഹമന്ത്രിമാരുമായിരിക്കും.
ഹെമാറം ചൗധരി, മഹേന്ദ്ര ജീത് സിംഗ് മാളവ്യ, രാംലാല്‍ ജാട്ട്, മഹേഷ് ജോഷി, വിശ്വേന്ദ്ര സിംഗ്, രമേഷ് മീണ, മംമ്ത ഭൂപേഷ് ബൈര്‍വ, ഭജന്‍ലാല്‍ ജാതവ്, ടിക്കാറാം ജൂലി, ഗോവിന്ദ് റാം മേഘ്‌വാള്‍, ശകുന്തള റാവത്ത് തുടങ്ങിയവരാണ് പട്ടികയിലുള്ള കാബിനറ്റ് മന്ത്രിമാര്‍.
സാഹിദ, ബ്രിജേന്ദ്ര സിംഗ് ഓല, രാജേന്ദ്ര സിംഗ് ഗുധ, മുരാരി ലാല്‍ മീണ തുടങ്ങിയവര്‍ സഹമന്ത്രിമാരുമാവും.
മംമ്ത ഭൂപേഷ് ബൈര്‍വ, ഭജന്‍ലാല്‍ ജാതവ്, ടിക്കാറാം ജൂലി എന്നിവര്‍ നേരത്തെ സഹമന്ത്രിമാരായിരുന്നു. പുതിയ പുനസ്സംഘടനയില്‍ അവര്‍ കാബിനറ്റ് പദവിയിലേക്ക് ഉയരും.
പുതിയ 15 പേരില്‍ ഹേമരം ചൗധരി, വിശ്വേന്ദ്ര സിംഗ്, രമേഷ് മീണ, ബ്രിജേന്ദ്ര സിംഗ് ഓല, മുരാരി ലാല്‍ മീണ എന്നിവര്‍ സച്ചിന്റെ അടുപ്പക്കാരാണ്. ഓലയും മുരളി ലാലും സഹമന്ത്രിമാരാണ്. മറ്റുള്ളവര്‍ കാബിനറ്റ് മന്ത്രിമാരും. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് പ്രശ്‌നം രൂക്ഷമായ സമയത്ത് പൈലറ്റിനൊപ്പം നിന്ന് 18 പേരില്‍ അടങ്ങുന്നവരാണ് ഇപ്പോള്‍ മന്ത്രിമാരാവുന്ന അഞ്ച് പേരും.
ആ സമയത്ത് ഒരു മാസത്തോളം ഇവര്‍ ഹരിയാന, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലെ രഹസ്യകേന്ദ്രങ്ങളിലാണ് കഴിഞ്ഞിരുന്നത്. വിശ്വേന്ദ്ര സിങ്ങിനെയും രമേശ് മീണയെയും പിന്നീട് കാബിനറ്റ് സ്ഥാനത്തുനിന്ന് നീക്കി. രണ്ട് പേരെയും കോണ്‍ഗ്രസ് അംഗത്വത്തില്‍ നിന്നുതന്നെ പുറത്താക്കിയിരുന്നു. എന്തായാലും ഇരുവരും കാബിനറ്റ് മന്ത്രിമാരായാണ് പാര്‍ട്ടിയില്‍ തിരിച്ചെത്തുന്നത്. സച്ചിന്‍ പൈലറ്റിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ഇത്.
അതിനിടയില്‍ വിശ്വേന്ദ്ര സിങ്, ഗലോട്ട് പക്ഷത്തേക്ക് ചാഞ്ഞതായി പ്രചാരണമുണ്ടായിരുന്നു. ഹെമാറം ചൗധരിയും കാബിനറ്റിലുണ്ട്. അദ്ദേഹം നിയമസഭാ അംഗത്വം രാജി വച്ചിരുന്നുവെങ്കിലും രാജി സ്വീകരിച്ചിട്ടില്ല. ഇന്ന് സ്ഥാനമേല്‍ക്കുന്ന പതിനഞ്ചില്‍ പത്തും ഗലോട്ട് പക്ഷക്കാരാണ്. അതില്‍ മഹേഷ് ജോഷിയും രാംലാല്‍ ജാട്ടും ഗലോട്ടിന്റെ വലംകയ്യാണ്. ജോഷി പാര്‍ട്ടി വിപ്പുമായിരുന്നു.
പുതുതായി സ്ഥാനമേല്‍ക്കുന്നവരില്‍ ഏഴ് പേര്‍ എസ് സി, എസ്ടി വിഭാഗത്തില്‍ നിന്നുള്ളവരാണ്. നാല് പേര്‍ ദലിത് വിഭാഗത്തില്‍ നിന്നും മൂന്ന് പേര്‍ ആദിവാസി വിഭാഗത്തില്‍ നിന്നും. മൂന്ന് ദലിത് എംഎല്‍എമാര്‍ നേരത്തെ സഹമന്ത്രിമാരായിരുന്നു. ഇത്തവണ അവരെ കാബിനറ്റ് പദവിയിലേക്ക് ഉയര്‍ത്തി. ഇത് 2023 മന്ത്രിസഭ ലക്ഷ്യമിട്ടുള്ള നടപടിയെന്നാണ് കരുതുന്നത്.
എസ് സി , എസ് ടി വിഭാഗത്തിന് സംവരണം ചെയ്തിരുന്ന സീറ്റില്‍ ഭൂരിഭാഗവും 2018 തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനാണ് ലഭിച്ചത്. എന്നിട്ടും എസ് സി, എസ് ടി വിഭാഗത്തില്‍ നിന്ന് മന്ത്രിമാരില്ലെന്ന പ്രശ്‌നം പൈലറ്റിന്റെ വിശ്വസ്തരായ വേദ് പ്രകാശും സോളങ്കിയും ഉയര്‍ത്തിയിരുന്നു.
നാല് പേര്‍ ജാട്ട് വിഭാഗത്തില്‍ നിന്നാണ്. ശകുന്തള റാവത്ത് ഗുജ്ജാര്‍ സമുദായക്കാരിയാണ്. നേരത്തെ കാബിനറ്റ് പദവിയില്‍ മന്ത്രിയായിരുന്നു. പൈലറ്റ് പക്ഷക്കാരിയുമാണ്. മറ്റൊരു മന്ത്രി സഹാദിയ മുസ് ലിമാണ്.
കഴിഞ്ഞ ദിവസം മുഴുവന്‍ മന്ത്രിമാരും രാജിവച്ചിരുന്നെങ്കിലും മൂന്ന് പേരുടെ രാജി മാത്രമേ ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുള്ളു. അതായത് ബാക്കി മന്ത്രിമാര്‍ നിലവില്‍ മന്ത്രിസഭയുടെ ഭാഗമാണ്. 15 പേര്‍ പുതുതായി എത്തിയാല്‍ ആകെ മന്ത്രിമാരുടെ എണ്ണം മുഖ്യമന്ത്രിയടക്കം 30ആവും.