രാജസ്ഥാന്‍: സച്ചിന്‍ പക്ഷക്കാരന്‍ ഗെഹ്‌ലോട്ടിനൊപ്പം

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി സച്ചിന്‍ പൈലറ്റ് അനുരഞ്ജന ശ്രമങ്ങള്‍ നടത്തി വരുന്നതിനിടെയാണ് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മുതിര്‍ന്ന നേതാവ് മറുപക്ഷത്തെത്തിയത്.

Update: 2020-08-10 18:15 GMT

ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപിയുമായി ഗൂഢാലോചന നടത്തിയെന്ന് ആരോപണമുള്ള പ്രമുഖ നേതാവ് ഭന്‍വര്‍ ലാല്‍ ശര്‍മ എംഎല്‍എ അശോക് ഗെഹ്ലോട്ടിനെ കണ്ട് പിന്തുണ അറിയിച്ചു. സച്ചിന്‍ പക്ഷത്തിനൊപ്പമായിരുന്ന ഭന്‍വര്‍ ലാല്‍ ജയ്പൂരിലെത്തിയാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ സന്ദര്‍ശിച്ചത്. ഗെഹ്ലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് ഇടനിലക്കാരനായി നിന്ന സഞ്ജയ് ജയിന്‍ എന്ന വ്യവസായിയുമായി ഭന്‍വര്‍ ലാല്‍ ശര്‍മ സംസാരിക്കുന്നതിന്റെ ഓഡിയോ അശോക് ഗെഹ്ലോട്ട് പക്ഷം പുറത്തുവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് ഭരണപക്ഷമായ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായത്.


ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി സച്ചിന്‍ പൈലറ്റ് അനുരഞ്ജന ശ്രമങ്ങള്‍ നടത്തി വരുന്നതിനിടെയാണ് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മുതിര്‍ന്ന നേതാവ് മറുപക്ഷത്തെത്തിയത്. 'പാര്‍ട്ടി ഒരു കുടുംബം പോലെയാണ്. അശോക് ഗെഹ്ലോട്ട് അതിന്റെ തലവനാണ്. ആരെങ്കിലും കുടുംബത്തില്‍ അസ്വസ്ഥനായാല്‍ അവര്‍ ഭക്ഷണം കഴിക്കില്ല. ഒരു മാസത്തേക്ക് ഞാന്‍ എന്റെ അതൃപ്തി അറിയിച്ചു. ഇപ്പോള്‍ എനിക്ക് ഒരു നീരസവും ഇല്ല' എന്നായിരുന്നു അശോക് ഗെഹ്ലോട്ടിനെ കണ്ടശേഷം ഭന്‍വര്‍ ലാല്‍ ശര്‍മയുടെ വാക്കുകള്‍




Tags:    

Similar News