മഴ മുന്നറിയിപ്പില്‍ മാറ്റം;എട്ട് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട്
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട്.കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉച്ചയ്ക്കു പന്ത്രണ്ടു മണിക്കു പുറത്തിറക്കിയ അറിയിപ്പിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്.കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്,കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് മാത്രമാണ് നിലവില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് എന്നായിരുന്നു രാവിലത്തെ മുന്നറിയിപ്പ്.എന്നാല്‍ കേരളത്തിന് മുകളില്‍ അന്തരീക്ഷചുഴിയും മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നതിനാല്‍ മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
മഴ കനത്തതോടെ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. പമ്പ, മണിമല, അച്ചന്‍കോവില്‍, കക്കാട് നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്.പറമ്പിക്കുളം ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കി വിടുകയും ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്തതോടെ ചാലക്കുടി പുഴയില്‍ വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.കോന്നി കല്ലേലി ഭാഗത്ത് അച്ചന്‍കോവിലാര്‍ കരകവിഞ്ഞു.റാന്നിയിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമായി.പാലായില്‍ മീനച്ചിലാറിലും ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നു.കാഞ്ഞിരപ്പിള്ളി കോരുത്തോട് ക്രോസ് വേ വെള്ളത്തിലായി. അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് അപകടനിലയില്‍ തുടരുകയാണ്.
ഇടുക്കി ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. ഇതേത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍, ഇടുക്കി ഡാമുകളിലേക്ക് നീരൊഴുക്ക് കൂടി. തൊടുപുഴയാറിലും ജലനിരപ്പ് ഉയര്‍ന്നു. നദീതീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.ഉയര്‍ന്ന തിരമാലകള്‍ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.