നഷ്ടം ആറ് ലക്ഷം; സര്‍ക്കാര്‍ സഹായം 5000 രൂപ; കലാപ ഇരകളെ ദ്രോഹിച്ച് ഡല്‍ഹി പോലിസ്
53 പേര്‍ കൊല്ലപ്പെടുകയും 300ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കലാപത്തിന് ശേഷം വടക്ക് കിഴക്കന്‍ ഡല്‍ഹി ശാന്തമായെങ്കിലും മുസ് ലിംകളെ വേട്ടയാടുന്നത് പോലിസ് തുടരുകയാണ്.
ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഹിന്ദുത്വര്‍ നടത്തിയ മുസ് ലിം വിരുദ്ധ വംശഹത്യത്തില്‍ വീടും കച്ചവടസ്ഥാപനങ്ങളും നഷ്ടപ്പെട്ട മുസ് ലിംകള്‍ക്ക് സര്‍ക്കാര്‍ സഹായവും ലഭ്യമാവുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ പലയിടങ്ങളിലും കലാപകാരികള്‍ക്കൊപ്പം ചേര്‍ന്ന് മുസ് ലിംകള്‍ക്കെതിരേ ആക്രമണം അഴിച്ചുവിട്ട ഡല്‍ഹി പോലിസ് തന്നേയാണ് സര്‍ക്കാര്‍ സഹായം തടയുന്നതിനും കൂട്ടു നിന്നതെന്ന് 'ദി വയര്‍' റിപോര്‍ട്ട് ചെയ്യുന്നു.
53 പേര്‍ കൊല്ലപ്പെടുകയും 300ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കലാപത്തിന് ശേഷം വടക്ക് കിഴക്കന്‍ ഡല്‍ഹി ശാന്തമായെങ്കിലും മുസ് ലിംകളെ വേട്ടയാടുന്നത് പോലിസ് തുടരുകയാണ്.
കലാപത്തില്‍ ഇരയായവരെ സഹായിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു. കലാപം കെട്ടടങ്ങിയ ഉടനെ 2020 ഫെബ്രുവരി 27നാണ് ഡല്‍ഹി സര്‍ക്കാര്‍ നഷ്ടപരിഹാര പദ്ധതി പ്രഖ്യാപിച്ചത്. നഷ്ടത്തിന്റെ 50 ശതമാനം നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ഈ പദ്ധതി പ്രകാരം പരമാവധി അഞ്ച് ലക്ഷം രൂപവരെ സഹായം ലഭിക്കും. എന്നാല്‍, സര്‍ക്കാര്‍ സഹായം ലഭിക്കണമെങ്കില്‍ പോലിസ് എഫ്‌ഐആര്‍ കോപ്പിയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഡല്‍ഹിയില്‍ പലയിടങ്ങളിലും കലാപകാരികള്‍ക്കൊപ്പം ചേര്‍ന്ന ഡല്‍ഹി പോലിസ് നഷ്ടം പരിഹാരം നല്‍കുന്നതിലും മുസ് ലിംകളെ അവഗണിച്ചു. കൃത്യ സമയത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ പോലിസ് കലാപത്തിന് ഇരായായവരെ ദ്രോഹിക്കുകയായിരുന്നു. എഫ്‌ഐആര്‍ കോപ്പി ലഭിക്കുന്നതിന് വേണ്ടി കലാപത്തിലെ ഇരകള്‍ പോലിസ് സ്‌റ്റേഷനുകള്‍ കയറി ഇറങ്ങേണ്ടി വന്നു. കലാപം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലിസ് തയ്യാറായില്ല. തുടര്‍ന്ന് ഇരകളെ സഹായിക്കാനായി രൂപീകരിച്ച നിയമ സഹായ സമിതികളുടെ സഹായത്തോടെ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് മിക്ക കേസുകളിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പോലിസ് തയ്യാറായത്. എന്നാല്‍, കൃത്യമായ അന്വേഷണം നടത്താതെ ഇരകള്‍ക്ക് സഹായം ലഭിക്കുന്നത് പോലിസ് തടഞ്ഞു. കലാപത്തില്‍ കച്ചവട സ്ഥാപനം പൂര്‍ണമായും അഗ്നിക്കിരയായി ആറ് ലക്ഷത്തോളം നഷ്ടം സംഭവിച്ച കരീം എന്നയാള്‍ക്ക് 5000 രൂപമാത്രമാണ് സര്‍ക്കാര്‍ സഹായം ലഭിച്ചത്. തന്റെ കട ഹിന്ദുത്വര്‍ അഗ്നിക്കിരയാക്കുന്നത് കണ്ട് കരീം പോലിസ് സഹായം തെടിയെങ്കിലും യാതൊരു സഹായവും ലഭിച്ചിരുന്നില്ല. കലാപകാരികള്‍ കരീമിനെ വധിക്കാന്‍ ശ്രമിച്ചെങ്കിലും കെട്ടിട ഉടമയും സുഹൃത്തുക്കളും ചേര്‍ന്ന് രക്ഷപ്പെടുത്തി. തുടര്‍ന്ന് പരാതിയുമായി പോലിസ് സ്‌റ്റേഷനില്‍ എത്തിയെങ്കിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ പോലിസ് മടക്കി അയക്കുകയായിരുന്നു. തുടര്‍ച്ചയായി പോലിസ് സ്‌റ്റേഷനില്‍ കയറി ഇറങ്ങിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന ഉറപ്പില്‍ പോലിസ് കരീമിനെ മടക്കി അയച്ചു. അഞ്ച് മാസം കഴിഞ്ഞിട്ടും പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതായതോടെ കരീം നിയമ സമഹായ സമിതിയെ സമീപിക്കുകയായിരുന്നു. അവരുടെ സഹായത്തോടെ കോടതിയെ സമീപിച്ചതോടെയാണ് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായത്. എന്നാല്‍, കൃത്യമായി നഷ്ടം റിപ്പോര്‍ട്ട് ചെയ്യാതെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെ കരീമിന് അര്‍ഹമായി ലഭിക്കേണ്ട സര്‍ക്കാര്‍ സഹായവും നഷ്ടമായി. തന്റെ സുപ്രധാന രേഖകളും ഡിപ്ലോമ സര്‍ട്ടിഫിക്കറ്റും ഉള്‍പ്പടെ ആറ് ലക്ഷത്തിലധികം രൂപയുടെ നഷ്ടം ഉണ്ടായിട്ടും 5000 രൂപ മാത്രമാണ് കരീമിന് ലഭിച്ചത്. ഇത് തന്നേയാണ് ഒട്ടുമിക്ക ഇരകളുടേയും അവസ്ഥ.
ഡല്‍ഹി കലാപത്തില്‍ 25,000 കോടി രൂപ നഷ്ടം സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്വകാര്യ വസ്തു വകകളും വ്യാപാര സ്ഥാപനങ്ങളും മറ്റും അക്രമികള്‍ തീവച്ച് നശിപ്പിച്ചിരുന്നു. ഇതുകണക്കാക്കിയാണ് നഷ്ടം 25,000 കോടിയുടേതാണെന്ന് വിലയിരുത്തുന്നത്.
കലാപത്തില്‍ ഏകദേശം 92 വീടുകളാണ് അക്രമികള്‍ തീവച്ച് നശിപ്പിച്ചത്. 57 കടകള്‍, 500 വാഹനങ്ങള്‍, 6 ഗോഡൗണുകള്‍, 2 സ്‌കൂളുകള്‍, 4 ഫാക്ടറികള്‍, 4 ആരാധനാലയങ്ങള്‍ തുടങ്ങിയവയും കലാപകാരികള്‍ തീവച്ച് നശിപ്പിച്ചു.
എന്നാല്‍, കലാപത്തിന് കാരണമായ വിവാദ പ്രസ്താവനകള്‍ നടത്തിയ ബിജെപി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേശ് ശര്‍മ എന്നിവര്‍ക്കെതിരെ ഇതുവരെ ഡല്‍ഹി പോലിസ് നടപടി കൈക്കൊണ്ടിട്ടില്ല. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കലാപത്തിന് തുടക്കമിട്ടത് ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ കപില്‍ മിശ്രയുടെ തീവ്രവര്‍ഗീയവിദ്വേഷ പ്രസംഗമെന്ന് ഡല്‍ഹി ന്യൂനപക്ഷ കമീഷന്റെ വസ്തുതാന്വേഷണ സമിതി റിപ്പോര്‍ട്ട്. പൗരത്വനിയമഭേദഗതിക്ക് എതിരെ പ്രതിഷേധിക്കുന്നവരെ കൈകാര്യം ചെയ്യാനാണ് ഫെബ്രുവരി 23ന് മൗജ്പുരിലെ പ്രസംഗത്തില്‍ കപില്‍ മിശ്ര പറഞ്ഞത്. പിന്നാലെ 100 മുതല്‍ 1000 ആളുകള്‍ വരുന്ന അക്രമിസംഘങ്ങള്‍ മാരകായുധങ്ങളുമായി തെരുവിലിറങ്ങി. 'ജയ് ശ്രീറാം', 'ഹര്‍ ഹര്‍ മോഡി', 'മുസ്‌ലിംകളെ വകവരുത്തുക' ആക്രോശങ്ങള്‍ മുഴക്കി അക്രമം അഴിച്ചുവിട്ടു.
ഏകപക്ഷീയമായാണ് ഡല്‍ഹി പോലിസ് അന്വേഷണം നടത്തിയതെന്നും സുപ്രീംകോടതി അഭിഭാഷകന്‍ എം ആര്‍ ഷംസാദ് അധ്യക്ഷനായ സമിതി ചൂണ്ടിക്കാട്ടി. വിവാദ പ്രസംഗം നടത്തുമ്പോള്‍ കപില്‍ മിശ്രയ്ക്കു പിന്നില്‍ ഡിസിപി വേദ്പ്രകാശ് സൂര്യയുമുണ്ടായിരുന്നു. ചില സ്ഥലങ്ങളില്‍ പോലിസുകാര്‍ അക്രമങ്ങളില്‍ പങ്കാളികളായി. 'ജനഗണമന' ആലപിക്കാന്‍ ആവശ്യപ്പെട്ട് അഞ്ച് മുസ്‌ലിം ചെറുപ്പക്കാരെ പോലിസുകാര്‍ മര്‍ദിച്ചത് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു.
ഡല്‍ഹിയിലെ വര്‍ഗീയകലാപം യാദൃച്ഛികമായി പൊട്ടിപ്പുറപ്പെട്ടതല്ല. തെക്കന്‍ ഡല്‍ഹിയിലെ ശാഹീന്‍ബാഗില്‍ വനിതകള്‍ നടത്തിവരുന്ന ഐതിഹാസികമായ, സമാധാനപരമായ, വമ്പിച്ച ജനപിന്തുണ നേടിയ സമരത്തിന്റെ മാതൃകയിലുള്ള പ്രതിഷേധങ്ങള്‍ പലയിടങ്ങളിലും ഉയര്‍ന്നുവന്നിരുന്നു. അത്തരത്തിലുള്ള ഒരു പുതിയ സമരവേദി വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ തുറക്കുന്നത് തടയാന്‍ ബിജെപി നേതാവ് കപില്‍ മിശ്ര ശ്രമിച്ചതാണ് കലാപത്തിലേക്ക് നയിച്ചത്.
ആസൂത്രിതമായ അക്രമത്തിനു മുന്നില്‍ രാഷ്ട്രീയകക്ഷികള്‍ മരവിച്ചുനില്‍ക്കുന്ന കാഴ്ചയാണ് ഡല്‍ഹിയില്‍ കണ്ടത്. ഡല്‍ഹി സര്‍ക്കാറിന് പോലിസിന്റെ മേല്‍ നിയന്ത്രണമില്ല. അതുകൊണ്ട് കലാപം നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കഴിയുമായിരുന്നില്ല. പക്ഷേ, 70 അംഗ നിയമസഭയിലെ 62 അംഗങ്ങള്‍ ആം ആദ്മി പാര്‍ട്ടിയില്‍ പെട്ടവരാണ്. ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന് ആപത്തുകാലത്ത് സഹായവും ആശ്വാസവും നല്‍കുന്നതില്‍ ആം ആദ്മി പാര്‍ട്ടിയും കെജ്‌രിവാളും തയ്യാറായിരുന്നില്ല. കലാപത്തിന് ശേഷവും ഇരകളായ മുസ് ലിംകളെ കയ്യൊഴിയുന്ന നടപടിയാണ് ഡല്‍ഹി സര്‍്ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സംഭവങ്ങള്‍. കലാപത്തിലെ ഇരകള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചെങ്കിലും യഥാര്‍ത്ഥ ഇരകളായ മുസ്‌ലിംകള്‍ക്ക് അത് പൂര്‍ണമായും ലഭിച്ചില്ല. പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതേയും കൃത്യമായ നഷ്ടം റിപ്പോര്‍ട്ട് ചെയ്യാതേയും ഇരകളെ വീണ്ടും ദ്രോഹിച്ചു.