എട്ടാം വട്ട ചര്‍ച്ച തുടങ്ങി; വിവാദ നിയമം പിന്‍വലിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച് കര്‍ഷക സംഘടനകള്‍

കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കര്‍ഷകസംഘടനകളുടെ നിലപാട്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി 26ന് ശേഷം സമരം ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Update: 2021-01-08 10:49 GMT

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന കര്‍ഷകസംഘടനകളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള എട്ടാം വട്ട ചര്‍ച്ചയ്ക്ക് ഡല്‍ഹിയില്‍ തുടക്കം. കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കര്‍ഷകസംഘടനകളുടെ നിലപാട്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി 26ന് ശേഷം സമരം ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിയമം നടപ്പാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്ന പുതിയ ഫോര്‍മുല കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ചേക്കുമെന്ന് സൂചനയുണ്ട്. ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍. കര്‍ഷകസമരം 44ാം ദിവസത്തിലേക്ക് കടന്ന ഘട്ടത്തിലാണ് ഇന്ന് എട്ടാംവട്ട ചര്‍ച്ച നടക്കുന്നത്. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനിലാണ് കര്‍ഷകരും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ച നടക്കുന്നത്. കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെ കൂടാതെ പീയുഷ് ഗോയല്‍ അടക്കമുള്ള മറ്റ് മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കര്‍ഷക സംഘടനകളെ പ്രതിനിധീകരിച്ച് 41 നേതാക്കളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ഒറ്റ അജണ്ടയിലൂന്നിയ ചര്‍ച്ച വേണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം. സര്‍ക്കാര്‍ ചില ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറായേക്കുമെന്നും റിപ്പോട്ടുകളുണ്ട്. കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്ന ഫോര്‍മുലയാണ് കേന്ദ്രം മുന്നോട്ടുവെക്കാന്‍ ആലോചിക്കുന്നത്.

Tags:    

Similar News