കാബൂള്‍: ബക്രീദ് പ്രമാണിച്ച് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി പ്രസംഗം നടത്തുന്നതിനു തൊട്ടുമുമ്പ് പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപം റോക്കറ്റ് ആക്രമണം. പ്രസിഡന്റിന്റെ കൊട്ടാരവും യുഎസ് എംബസി ഉള്‍പ്പെടെ നിരവധി നയതന്ത്ര സ്ഥാപനങ്ങളും ഉള്‍ക്കൊള്ളുന്ന 'ഗ്രീന്‍ സോണിന്' സമീപമാണ് പ്രാദേശിക സമയം രാവിലെ എട്ടോടെ റോക്കറ്റ് ആക്രമണമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അഫ്ഗാന്‍ ദൗത്യത്തില്‍ നിന്നു അമേരിക്കയും നാറ്റോയും പിന്‍മാറിയതിനു പിന്നാലെയാണ് ആക്രമണം.
'അഫ്ഗാനിസ്താന്റെ ശത്രുക്കള്‍ ഇന്ന് കാബൂള്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ റോക്കറ്റ് ആക്രമണം നടത്തി. മൂന്ന് വ്യത്യസ്ത ഭാഗങ്ങളിലാണ് റോക്കറ്റ് പതിച്ചത്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ഇതേക്കുറിച്ച് അന്വേഷണം നടത്തുന്നതായും അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് മിര്‍വായിസ് സ്റ്റാനിക്‌സായി പറഞ്ഞു. അതേസമയം, കനത്ത സുരക്ഷയ്ക്കിടെ ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം അശ്‌റഫ് ഗനി രാജ്യത്തെ അഭിസംബോധന ചെയ്തു. അഫ്ഗാനിസ്താന്റെ ഭാവി നിര്‍ണയിക്കുന്നത് അഫ്ഗാനികളാണ്. തങ്ങള്‍ ഐക്യത്തിലാണെന്ന് അഫ്ഗാനികള്‍ പ്രവര്‍ത്തനത്തിലൂടെ തെളിയിക്കണം. അടുത്ത മൂന്ന് മുതല്‍ ആറ് മാസം വരെ ജനങ്ങളുടെ ഉറച്ച നിലപാടുകള്‍ സ്ഥിതിഗതികളില്‍ മാറ്റംവരുത്തും. അഫ്ഗാനികളോട്, പ്രത്യേകിച്ച് സ്ത്രീകളോട് താലിബാന് എന്തെങ്കിലും അനുഭാവമുണ്ടോയെന്നും അശ്‌റഫ് ഗനി പ്രസംഗത്തില്‍ പറഞ്ഞു. കൊട്ടാരത്തിന് നേരെ 2020 ഡിസംബറിലും റോക്കറ്റ് ആക്രമണമുണ്ടായിരുന്നു.
Rockets fired at Afghanistan presidential palace ahead of Eid al-Adha