അഭയാര്‍ത്ഥി ക്യാംപുകളിലും ഭീതിയൊഴിയാതെ റോഹിഗ്യന്‍ കുടുംബങ്ങള്‍
കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പടിഞ്ഞാറെ ഡല്‍ഹിയിലെ ഇന്ദിരാപുരിയില്‍ പ്രവര്‍ത്തിക്കുന്ന തടങ്കല്‍ പാളയത്തിലേക്കാണ് കുടുംബങ്ങളെ കൊണ്ട് പോയതെന്ന് കാളിന്ദി കുഞ്ച് അഭയാര്‍ത്ഥി ക്യാംപിലെ കമ്മ്യൂണിറ്റി ലീഡല്‍ അന്‍വര്‍ ഷാ ആലം പറഞ്ഞു.
ന്യൂഡല്‍ഹി: മ്യാന്‍മാറിലെ വംശീയാക്രമണങ്ങളില്‍ നിന്ന് ജീവനും കൊണ്ടോടിയ റോഹിഗ്യന്‍ മുസ് ലിംകള്‍ ഡല്‍ഹിയിലെ അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയുന്നത് ഭീതിയോടെ. അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയുന്നവരെ ഡല്‍ഹി പോലിസ് പിടിച്ചുകൊണ്ട് പോകുന്നതാണ് റോഹിഗ്യന്‍ കുടുംബങ്ങളെ ഭീതിയിലാഴ്ത്തുന്നത്.
മാര്‍ച്ച് 31ന് ഡല്‍ഹി കാളിന്ദി കുഞ്ച് അഭയാര്‍ത്ഥി ക്യാംപില്‍ നിന്ന് നാല് കുടുംബങ്ങളെ ഡല്‍ഹി പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. എഴുപത്കാരാനായ സുല്‍ത്താന്‍ അഹമ്മദ്, അദ്ദേഹത്തിന്റെ ഭാര്യ ഹാലിമ, മക്കളായ നൂര്‍ മുഹമ്മദ്, ഉസ്മാന്‍ എന്നിവരേയാണ് ഡല്‍ഹി പോലിസ് പിടിച്ചുകൊണ്ട് പോയത്. ഒരാഴ്ച്ച മുമ്പ് ആറ് പേരടങ്ങുന്ന കുടുംബത്തേയും സമാനമായ രീതിയില്‍ കസ്റ്റഡിയിലെടുത്തിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പടിഞ്ഞാറെ ഡല്‍ഹിയിലെ ഇന്ദിരാപുരിയില്‍ പ്രവര്‍ത്തിക്കുന്ന തടങ്കല്‍ പാളയത്തിലേക്കാണ് കുടുംബങ്ങളെ കൊണ്ട് പോയതെന്ന് കാളിന്ദി കുഞ്ച് അഭയാര്‍ത്ഥി ക്യാംപിലെ കമ്മ്യൂണിറ്റി ലീഡല്‍ അന്‍വര്‍ ഷാ ആലം പറഞ്ഞു. എന്തിനാണ് അഭയാര്‍ത്ഥി കുടംബങ്ങളെ തടവില്‍ പാര്‍പ്പിക്കുന്നതെന്ന് വ്യക്തമാക്കാന്‍ പോലിസ് തയ്യാറായില്ലെന്നും ആലവും അഭയാര്‍ത്ഥി ക്യാംപില്‍ കഴിയുന്ന മറ്റു അംഗങ്ങളും പറഞ്ഞു. എന്തിനാണ് അഭയാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തതെന്ന് അന്വേഷിച്ച കമ്മ്യൂണിറ്റി ലീഡര്‍മാരെ പോലിസ് ഭീഷണിപ്പെടുത്തിയതായും അഭയാര്‍ത്ഥികള്‍ പറഞ്ഞു. 'പോലിസ് നടപടിയില്‍ ഇടപെട്ടാല്‍ അടുത്ത ഇര നിങ്ങളാവും', പോലിസ് ഭീഷണിപ്പെടുത്തിയതായി കമ്മ്യൂണിറ്റി ലീഡര്‍ മിനാര പറഞ്ഞു.
തന്റെ അമ്മായിയേയും കുടുംബത്തേയും പോലിസ് കൊണ്ട് പോകുന്നത് അറിഞ്ഞാണ് സംഭവ സ്ഥലത്ത് എത്തിയതെന്ന് മിനാര പറഞ്ഞു. 'അമ്മായി രോഗിയാണ്. വയറ് വേദനക്ക് മരുന്ന് കഴിക്കുന്നുണ്ട്. മരുന്നോ മറ്റു സാധനങ്ങളോ എടുക്കാന്‍ പോലും പോലിസ് അനുവദിച്ചില്ല'. മിനാര പറഞ്ഞു.
കേന്ദ്രത്തിന്റെ നിര്‍ദേശ പ്രകാരമാണ് അഭയാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തതെന്നും മുകളില്‍ നിന്നുള്ള ഉത്തരവ് പാലിക്കാതിരിക്കാനാവില്ലെന്നും കാളിന്ദി കുഞ്ച് പോലിസ് എസ്എച്ച്ഒ പറഞ്ഞതായി അഭയാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ ഫസല്‍ അബ്ദലി പറഞ്ഞു.