റൂര്‍ക്കി ധര്‍മസന്‍സദ്: വിദ്വേഷപ്രസംഗം നിയന്ത്രിക്കണമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം

Update: 2022-04-26 10:08 GMT

ന്യൂഡല്‍ഹി: മുന്‍കൂട്ടി നോട്ടിസ് നല്‍കിയിട്ടും ധര്‍മസന്‍സദിലെ വിദ്വേഷപ്രസംഗങ്ങള്‍ നിയന്ത്രിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രിംകോടതി. റൂര്‍ക്കിയില്‍ നടക്കാനിരിക്കുന്ന അടുത്ത ധര്‍മസന്‍സദില്‍ ഇത്തരം വിദ്വേഷപ്രസംഗങ്ങള്‍ ഉണ്ടാവരുതെന്നും ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കി. ബുധനാഴ്ചയാണ് റൂര്‍ക്കിയിലെ ധര്‍മസന്‍സദ് നടക്കുന്നത്.

ജസ്റ്റിസ് ഖാന്‍വില്‍കര്‍ അധ്യക്ഷനായ സുപ്രിംകേടതി ബെഞ്ചിന്റെയാണ് വിധി. വിദ്വേഷപ്രസംഗങ്ങള്‍ തടയാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശിച്ചു.

ഹരിദ്വാറിലും ഡല്‍ഹിയിലും നടന്ന ധര്‍മ്മ സന്‍സദില്‍ മുസ് ലിം സമുദായത്തെ ലക്ഷ്യമിട്ട് നടത്തിയ വിദ്വേഷ പ്രസംഗത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മുന്‍ ഹൈക്കോടതി ജഡ്ജിയും മുതിര്‍ന്ന അഭിഭാഷകയുമായ അഞ്ജന പ്രകാശും മാധ്യമപ്രവര്‍ത്തകന്‍ കുര്‍ബാന്‍ അലിയും സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി. 

ബുധനാഴ്ച നടക്കുന്ന ധര്‍മസന്‍സദിന്റെ വിവരം ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ കബില്‍ സിബലാണ് കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.

ഏതെങ്കിലും സാഹചര്യത്തില്‍ വിദ്വേഷപ്രസംഗം നടക്കുകയാണെങ്കില്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാവേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. വീണ്ടും അതുണ്ടാവില്ലെന്ന(വിദ്വേഷപ്രസംഗം) ഉറപ്പില്ലെന്നും കോടതി ആശങ്കപ്രകടിപ്പിച്ചു.

സംസ്ഥാന സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കണമെന്ന് അവരുടെ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. വിദ്വേഷപരാമര്‍ശങ്ങള്‍ തടയാന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ സുപ്രിംകോടതി ഓര്‍മിപ്പിച്ചു.

റൂര്‍ക്കി സന്‍സദിനെതിരേ മറ്റൊരു ഹരജി കൂടിയുണ്ടെന്ന് കബില്‍ സിബല്‍ കോടതിയെ അറിയിച്ചു.

ഏപ്രില്‍ 17-19 തിയ്യതികളിലെ ധര്‍മസന്‍സദിനെക്കുറിച്ച് സത്യവാങ്മൂലം നല്‍കാനും കോടതി ആവശ്യപ്പെട്ടു.

സത്യവാങ്മൂലം മെയ് 7നു മുമ്പ് സമര്‍പ്പിക്കണം. മെയ് 9നാണ് അടുത്ത ഹിയറിങ്.

Tags:    

Similar News