സര്‍ക്കാര്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ആര്‍എസ്എസ് ക്യാമ്പിന് അനുമതി നല്‍കുന്നു; കര്‍ണാടക സംസ്ഥാന സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി മുസ് ലിം സംഘടനകള്‍
ബെംഗളൂരു: കര്‍ണാടകയിലെ സര്‍ക്കാര്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പരിശീലന ക്യാമ്പുകള്‍ നടത്താന്‍ ബിജെപി സര്‍ക്കാര്‍ ആര്‍എസ്എസ്സിന് അനുമതി നല്‍കുന്നുവെന്ന് വിദ്യാര്‍ത്ഥികളും മുസ് ലിം സംഘടനകളും. പ്രത്യക്ഷ സമരത്തിന് നേതൃത്വം നല്‍കുമെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കര്‍ണാടകയിലെ ഭരണകക്ഷിയായ ബിജെപി മൊറാര്‍ജി ദേശായി റസിഡന്‍ഷ്യല്‍ എജ്യുക്കേഷന്‍ സ്ഥാപനങ്ങളില്‍ ആര്‍എസ്എസ് ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുകയാണെന്നും ഇത് ഉടന്‍ അവസാനിപ്പിക്കണമെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി വാസുദേവ റെഡ്ഡി പറഞ്ഞു. ആര്‍എസ്എസ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ എസ്എഫ്‌ഐ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കോലാറിലെ മുല്‍ബാഗല്‍ താലൂക്കിലും വടക്കന്‍ കര്‍ണാടകയിലെ ബിദറിലും ക്യാമ്പ് നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'വര്‍ഗീയ ശക്തിയായി അറിയപ്പെടുന്ന ആര്‍എസ്എസിന് വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമ്പുകള്‍ നടത്താന്‍ അനുമതിയുണ്ട്. സാമൂഹ്യക്ഷേമ വികസന മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി തന്നെ വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമ്പുകള്‍ നടത്താന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്,' വാസുദേവ റെഡ്ഡി പറഞ്ഞു.
ഭരണകക്ഷിയായ ബിജെപി വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കുന്നതിന്റെ ഭാഗമാണിത്. ഹിജാബ്, സ്‌കൂള്‍ സിലബസ് പരിഷ്‌കരണ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയെന്ന നിലയിലാണ് വര്‍ഗീയത എന്ന ആശയവുമായി ബിജെപി വരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആര്‍എസ്എസിന് കൈമാറാനുള്ള ബിജെപിയുടെ ശ്രമമാണിത്. ഞങ്ങള്‍ അതിനെ അപലപിക്കുന്നു'- അദ്ദേഹം ആരോപിച്ചു.
ഈ ആര്‍എസ്എസ് ക്യാമ്പുകള്‍ ഉടന്‍ അവസാനിപ്പിക്കണം. ആ ക്യാമ്പുകളില്‍ ആയുധങ്ങള്‍ ഉപയോഗിക്കുകയും ശാരീരിക പരിശീലനം നല്‍കുകയും ചെയ്യുന്നു. ആര്‍എസ്എസ് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. ഈ ക്യാമ്പുകള്‍ ആര്‍ദ്രമായ മനസ്സില്‍ എന്ത് സ്വാധീനം ചെലുത്തുമെന്നത് ആശങ്കാജനകമാണ്'- വാസുദേവ റെഡ്ഡി പറഞ്ഞു.
പ്രശിക്ഷന്‍ ശിവിര്‍ (പരിശീലന ക്യാമ്പുകള്‍) നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും യുവാക്കളെ യോഗാസന, വ്യക്തിത്വ വികസനം, ദേശീയത എന്നിവയില്‍ പരിശീലിപ്പിക്കുന്നതിനാണ് ഇത് ചെയ്യുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയാണ് അനുമതി നല്‍കിയത്. കോലാര്‍ ജില്ലാ റസിഡന്‍ഷ്യല്‍ ഹോസ്റ്റലില്‍ ഒരാഴ്ചത്തെ ക്യാമ്പ് നടത്താനാണ് പ്രേരണ പ്രതിസ്ഥാന് അനുമതി നല്‍കിയിരിക്കുന്നത്.
ഉത്തര കന്നഡ ജില്ലയിലും അക്ഷയ സേവാ പ്രതിഷ്ഠാന വഴി സമാനമായ ക്യാമ്പ് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. വടക്കന്‍ കര്‍ണാടകയില്‍ മറ്റൊരു ക്യാമ്പ് ആസൂത്രണം ചെയ്യുന്നുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.