ചെക്ക് പോസ്റ്റുകളില്‍ പരിശോധനയ്ക്ക് ആര്‍എസ്എസുകാര്‍; അനുമതിയില്ലെന്ന് പോലിസ്

Update: 2020-04-12 06:38 GMT
ചെക്ക് പോസ്റ്റുകളില്‍ പരിശോധനയ്ക്ക് ആര്‍എസ്എസുകാര്‍; അനുമതിയില്ലെന്ന് പോലിസ്

ഹൈദരാബാദ്: ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് തെലങ്കാനയിലെ ചെക്ക് പോസ്റ്റില്‍ പോലിസിനെ പരിശോധനയില്‍ സഹായിക്കാന്‍ ആര്‍എസ്എസിന്റെ യൂനിഫോമണിഞ്ഞ വോളന്റിയര്‍മാരെത്തിയത് അനുമതിയില്ലാതെയെന്ന് പോലിസ്. ആര്‍എസ്എസ് യൂനിഫോമണിഞ്ഞ് ഏതാനും യുവാക്കള്‍ കൈയില്‍ ലാത്തിയും പിടിച്ച് വാഹനങ്ങള്‍ പരിശോധിക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലാ ചെക്ക് പോസ്റ്റിലെ ചിത്രങ്ങളാണ് പ്രചരിച്ചത്. ആര്‍എസ്എസിന്റെ സന്നദ്ധപ്രവര്‍ത്തകര്‍ എല്ലാദിവസവും 12 മണിക്കൂര്‍ പോലിസ് വകുപ്പിനെ സഹായിക്കുന്നുവെന്നാണ് ട്വിറ്ററിലൂടെ പ്രചരിപ്പിക്കുന്നത്. സംഭവം വിവാദമാവുകയും പോലിസിന്റെ പണിയും ആര്‍എസ്എസിനു നല്‍കിയിട്ടുണ്ടോയെന്ന ചോദ്യവുമായി നിരവധി പേര്‍ രംഗത്തുകയും ചെയ്തു.

    ആര്‍എസ്എസുകാര്‍ വാഹനങ്ങള്‍ പരിശോധിക്കുകയും വാഹനമോടിക്കുന്നവരില്‍ നിന്ന് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആവശ്യപ്പെടുന്നതും സ്ഥിരീകരിച്ചതായി രചക്കൊണ്ട പോലിസ് കമ്മീഷണര്‍ മഹേഷ് ഭാഗവത് പറഞ്ഞു. വ്യാഴാഴ്ച തലേന്ന് ഭോംഗീറില്‍ നിന്ന് ചില ചിത്രങ്ങള്‍ ലഭിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അവിടെ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഞങ്ങള്‍ ജോലി ചെയ്യാമെന്നു അവരോട് പോലിസ് പറഞ്ഞു. ഇതു പ്രകാരം ആര്‍എസ്എസുകാര്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും ചെക്ക് പോയിന്റിലേക്ക് വന്നിട്ടില്ല. ഇത് പോലിസിന്റെ ജോലിയാണ്. ഞങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയും. ആര്‍ക്കും അതിന് ഒരു അനുമതിയും നല്‍കിയിട്ടില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.

    അതേസമയം, പ്രാദേശിക പോലിസുകാരുമായി സന്നദ്ധപ്രവര്‍ത്തനത്തിനു ആര്‍എസ്എസ് ധരാണയായിരുന്നുവെന്നും എന്നാല്‍ ചിലരുടെ എതിര്‍പ്പ് കാരണം പോലിസ് സമ്മര്‍ദ്ദത്തിലായതാണെന്നും തെലങ്കാന ആര്‍എസ്എസ് പ്രാന്ത് പ്രചാര്‍ പ്രമുഖ് ആയുഷ് നാദിംപള്ളി പറഞ്ഞു. പ്രധാനമന്ത്രിയുടെയും നിരവധി കേന്ദ്രമന്ത്രിമാരുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഫോളോ ചെയ്യുന്ന ഫ്രണ്ട്‌സ് ഓഫ് ആര്‍എസ്എസ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ആര്‍എസ്എസുകാരുടെ വാഹനപരിശോധനയുടെ ചിത്രം ട്വീറ്റ് ചെയ്തത്.

Tags:    

Similar News