ഗുരുഗ്രാമില്‍ മുസ്‌ലിംകളെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാന്‍ ആര്‍എസ്എസ്: 37 ഇടങ്ങളിലെ ജുമുഅ 18 ഇടങ്ങളിലാക്കി ചുരുക്കാന്‍ മുസ്‌ലിം രാഷ്ട്രീയ മഞ്ചിനെ രംഗത്തിറക്കി

ഹിന്ദുത്വര്‍ തടഞ്ഞതിനെ തുടര്‍ന്ന് മുടങ്ങിയ സ്ഥലങ്ങളില്‍ അടുത്ത വെള്ളിയാഴ്ച ജുമുഅ നമസ്‌ക്കരിക്കാനുറച്ച് മുസ്‌ലിം സംഘടനകള്‍ രംഗത്ത് വന്നതോടെയാണ് പുതിയ പ്രീണന നീക്കവുമായി ഹിന്ദുത്വര്‍ രംഗത്തെത്തിയിരിക്കുന്നത്. മുസ്‌ലിം ഏകതാ മഞ്ച്, ഗുഡ്ഗാവ് മുസ്‌ലിം കൗണ്‍സില്‍ എന്നീ സംഘടനകള്‍ ആര്‍എസ്എസ് നീക്കത്തിനെതിരേ ജില്ലാഭരണ കൂടത്തിന് കത്ത്‌നല്‍കിയിട്ടുണ്ട്

Update: 2021-12-07 17:28 GMT
ഗുരുഗ്രാമില്‍ മുസ്‌ലിംകളെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാന്‍ ആര്‍എസ്എസ്:    37 ഇടങ്ങളിലെ ജുമുഅ 18 ഇടങ്ങളിലാക്കി ചുരുക്കാന്‍ മുസ്‌ലിം രാഷ്ട്രീയ മഞ്ചിനെ രംഗത്തിറക്കി

ഗുരുഗ്രാം: ഗുരുഗ്രാമില്‍ മുസ്‌ലിംകളെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാന്‍ ആര്‍എസ്എസ് ശ്രമം. 37 ഇടങ്ങളിലെ ജുമുഅ 18 ഇടങ്ങളിലാക്കി ചുരുക്കാന്‍ മുസ്‌ലിം രാഷ്ട്രീയ മഞ്ചിനെ രംഗത്തിറക്കിയിരിക്കുകയാണ്. ഹിന്ദുത്വര്‍ തടഞ്ഞതിനെ തുടര്‍ന്ന് മുടങ്ങിയ സ്ഥലങ്ങളില്‍ അടുത്ത വെള്ളിയാഴ്ച ജുമുഅ നമസ്‌ക്കരിക്കാനുറച്ച് മുസ്‌ലിം സംഘടനകള്‍ രംഗത്ത് വന്നതോടെയാണ് പുതിയ പ്രീണന നീക്കവുമായി ഹിന്ദുത്വര്‍ രംഗത്തെത്തിയിരിക്കുന്നത്. മുസ്‌ലിം ഏകതാ മഞ്ച്, ഗുഡ്ഗാവ് മുസ്‌ലിം കൗണ്‍സില്‍ എന്നീ സംഘടനകള്‍ ആര്‍എസ്എസ് നീക്കത്തിനെതിരേ ജില്ലാഭരണ കൂടത്തിന് കത്ത്‌നല്‍കിയിട്ടുണ്ട്. 18 സ്ഥലങ്ങളില്‍ അടുത്ത വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം നിര്‍വഹിക്കാനാണ് മുസ്‌ലിം നാഷനല്‍ ഫോറവും ഗുരുഗ്രാം ഇമാം സമിതിയിലെ പണ്ഡിതന്മാരും ചേര്‍ന്ന് തീരുമാനിച്ചത്. ജില്ലാ ഭരണകൂടത്തിന് നല്‍കിയ മെമ്മോറാണ്ടത്തിലാണ് ഇക്കാര്യം അറിയിച്ചത്. 12 പള്ളി, മദ്രസാ, വഖഫ് ഭൂമികളില്‍ ജുമുഅ നടക്കുമെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. ഇതോടൊപ്പം മറ്റ് ആറിടങ്ങളില്‍ താല്‍ക്കാലികമായും ജുമുഅ നടക്കും. ഇവിടങ്ങളില്‍ ഭരണകൂടം നിശ്ചയിക്കുന്ന മെയിന്റനന്‍സ് ഫീസ് സംഘടനകള്‍ അടയ്ക്കാമെന്നും ഏറ്റിട്ടുണ്ട്. സംഘപരിവാര അനുകൂല സംഘടനയായ മുസ്‌ലിം രാഷ്ട്രീയ മഞ്ചിനെ പ്രശ്‌നത്തില്‍ ഇടപെടുവിച്ച് പ്രശ്‌നം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് സംഘപരിവാരം. ഹിന്ദുത്വ പ്രതിഷേധങ്ങളെ വകവയ്ക്കാതെ നമസ്‌ക്കാരം നിര്‍വഹിക്കാന്‍ മുസ്‌ലിം സംഘടനകള്‍ രംഗത്ത് വരുന്നത് തിരിച്ചടിയാകുമെന്ന പശ്ചാതലത്തിലാണ് പുതിയ നീക്കം. നേരത്തെ അനുമതി നല്‍കിയ 37 ഇടങ്ങളിലും ജുമുഅ നമസ്‌ക്കരിക്കാന്‍ അനുവദിക്കണമെന്നാണ് മുസ്‌ലിം ഏകതാ മഞ്ച്, ഗുഡ്ഗാവ് മുസ്‌ലിം കൗണ്‍സില്‍ എന്നീ സംഘടനകള്‍ ജില്ലാ ഭരണകൂടത്തിന് ഇന്നലെ നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സദര്‍ ബസാര്‍ ജമാമസ്ജിദ്, രാജീവ് ചൗക്ക്, പട്ടോടി ചൗക്ക് മസ്ജിദ്, സെക്ടര്‍57 മസ്ജിദ്, വില്ലേജ് ചൗമ, ശീത്‌ല കോളനി, ശാന്തി നഗര്‍, അതുല്‍ കട്ടാരിയ ചൗക്ക്, ദേവിലാല്‍ കോളനി, സറായ് അല്‍വര്‍ദി മസ്ജിദ്, ബാദ്ഷാപൂര്‍, ദര്‍ബാരിപൂര്‍ എന്നിവിടങ്ങളിലാണ് ജുമുഅ നമസ്‌കാരം നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. ഇവിടെ ആരെങ്കിലും നമസ്‌കാരം തടയാനെത്തിയാല്‍ അക്കാര്യം തങ്ങള്‍ നോക്കിക്കൊള്ളാമെന്നും ജില്ലാ ഭരണകൂടത്തിന് നല്‍കിയ മെമ്മോറാണ്ടത്തില്‍ സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗുരുഗ്രാമില്‍ ശാന്തിയും സമാധാനവുമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും വിഷയം രാഷ്ട്രീയവല്‍ക്കരിക്കുന്നത് നിര്‍ത്തണമെന്നും നേതാക്കള്‍ ഡെപ്യൂട്ടി കമ്മീഷണറോട് പറഞ്ഞു. പള്ളികളുടെയും മദ്രസകളുടെയും വഖഫ് ബോര്‍ഡിന്റെയും ഭൂമികളിലുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും എന്നാല്‍ സമാധാനപരമായി നമസ്‌ക്കാരം നിര്‍വഹിക്കാനാകുമെന്നും അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുസ്‌ലിം നാഷനല്‍ ഫോറം കണ്‍വീനര്‍ ഖുര്‍ഷിദ് റസാക് അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ ജുമുഅ നമസ്‌ക്കാരത്തിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് സംയുക്ത ഹിന്ദു സംഘര്‍ഷ് സമിതിയും ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഇമാം സമിതി, ഹിന്ദു സംഘര്‍ഷ് നേതാക്കളും ജില്ലാ ഭരണകൂടവും സംയുക്ത യോഗം നടത്തിയിരുന്നു. തുടര്‍ന്നാണ് 18 സ്ഥലങ്ങളില്‍ ജുമുഅ നിര്‍വഹിക്കാന്‍ തീരുമാനിച്ചതെന്ന് ഹിന്ദുത്വ സംഘടനാ നേതാവായ രാജീവ് മിത്തല്‍ പറഞ്ഞതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഗുരുഗ്രാമില്‍ ജുമുഅ നടത്താനുള്ള നീക്കം ഹിന്ദുത്വ സംഘടനകള്‍ തടഞ്ഞിരുന്നു. എന്നാല്‍, കഴിഞ്ഞ വെള്ളിയാഴ്ച ഹിന്ദുത്വ പ്രതിഷേധങ്ങള്‍ക്കിടെ ജുമുഅ നമസ്‌കാരം നിര്‍വഹിച്ചിരുന്നു. ഇത്തരം നീക്കങ്ങള്‍ ഹിന്ദുത്വ സംഘടനകള്‍ക്ക് നാണക്കേടാവുമെന്നതിനാലും. പള്ളികള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കേണ്ടിവരുമെന്നതിനാലുമാണ് പുതിയ നീക്കം.

Tags:    

Similar News