ഇന്ത്യയിലെ എല്ലാ ബോംബ് സ്‌ഫോടനങ്ങള്‍ക്കും പിന്നില്‍ ആര്‍എസ്എസ്; വെളിപ്പെടുത്തലുമായി ആർഎസ്എസ് നേതാവ്
ഗോവയിലെ വിഎച്ച്പിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്നു ഹിമാന്‍ഷു പാന്‍സെ. അയാളേയും 7 സുഹൃത്തുക്കളെയും പരിശീലനത്തിനായി തിരഞ്ഞെടുത്തു. ഹിമാന്‍ഷുവിനെയും 7 സുഹൃത്തുക്കളെയും താനാണ് ജമ്മുവിലേക്ക് കൊണ്ടുപോയത്. അവിടെ അവര്‍ ഇന്ത്യന്‍ സൈനികരില്‍ നിന്ന് ആധുനിക ആയുധങ്ങളില്‍ പരിശീലനം നേടി
ന്യൂഡൽഹി: രാജ്യത്തുടനീളം നടന്ന ബോംബ് സ്‌ഫോടനങ്ങൾക്ക് പിന്നിൽ ആര്‍എസ്എസിന് പങ്കുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആര്‍എസ്എസ് നേതാവിന്റെ സത്യവാങ്മൂലം. യശ്വന്ത് ഷിന്‍ഡെ എന്ന ആര്‍എസ്എസ് നേതാവ് ചൊവ്വാഴ്ച നന്ദേഡ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സുപ്രധാന വിവരങ്ങളുള്ളത്. ബോംബ് സ്‌ഫോടന പരിശീലനത്തിന് താന്‍ സാക്ഷിയാണെന്നും ഇന്ത്യയിലെ എല്ലാ ബോംബ് സ്‌ഫോടനങ്ങള്‍ക്കും പിന്നില്‍ ആര്‍എസ്എസ് ആണെന്നും അദ്ദേഹം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. നന്ദേഡ് ബോംബ് സ്‌ഫോടന കേസിലെ പ്രധാന സാക്ഷിയാണ് യശ്വന്ത് ഷിന്‍ഡെ.
ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇന്ത്യന്‍ സൈനികരില്‍ നിന്ന് നേരിട്ട് ആയുധപരിശീലനം നേടിയതടക്കമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് യശ്വന്ത് ഷിന്‍ഡെ നല്‍കിയ സത്യവാങ്മൂലത്തിലുള്ളത്. 1999ല്‍ താന്‍ മഹാരാഷ്ട്രയിലായിരുന്നപ്പോള്‍ ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ തന്നോട് യുദ്ധവീര്യമുള്ള ചില യുവാക്കളെ കണ്ടെത്തി ജമ്മുവിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞു. അവിടെ അവര്‍ക്ക് ആധുനിക ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ പരിശീലനം നല്‍കുമെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
യുവാക്കളെ തിരഞ്ഞെടുക്കാനായി മഹാരാഷ്ട്രയിലെ താനെയില്‍ വിഎച്ച്പിയുടെ സംസ്ഥാനതല യോഗം ചേര്‍ന്നു. ആ യോഗത്തില്‍ താന്‍ നന്ദേഡ് സ്വദേശിയായ ഹിമാന്‍ഷു പാന്‍സെയെ പരിചയപ്പെട്ടു. അന്ന് ഗോവയിലെ വിഎച്ച്പിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്നു ഹിമാന്‍ഷു പാന്‍സെ. അയാളേയും 7 സുഹൃത്തുക്കളെയും പരിശീലനത്തിനായി തിരഞ്ഞെടുത്തു. ഹിമാന്‍ഷുവിനെയും 7 സുഹൃത്തുക്കളെയും താനാണ് ജമ്മുവിലേക്ക് കൊണ്ടുപോയത്. അവിടെ അവര്‍ ഇന്ത്യന്‍ സൈനികരില്‍ നിന്ന് ആധുനിക ആയുധങ്ങളില്‍ പരിശീലനം നേടി- യശ്വന്ത് ഷിന്‍ഡെ സത്യവാങ്മൂലത്തില്‍ പറയുന്നു.
'ബോംബ് നിര്‍മ്മാണത്തില്‍ ഒരു പരിശീലന ക്യാംപ് ഉടന്‍ സംഘടിപ്പിക്കുമെന്നും അതിനുശേഷം രാജ്യത്തുടനീളം ബോംബ് സ്‌ഫോടനം നടത്താന്‍ പദ്ധതിയുണ്ടെന്നും ഇതില്‍ രണ്ടുപേര്‍ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരമാവധി ബോംബ് സ്‌ഫോടനങ്ങള്‍ നടത്തുന്നതിന്റെ ഉത്തരവാദിത്തം തന്നോട് ഏറ്റെടുക്കണമെന്ന് നിര്‍ദേശിച്ചു, ഇത് കേട്ട് താന്‍ ഞെട്ടിയെങ്കിലും ആ ഞെട്ടല്‍ മുഖത്ത് കാണിക്കാതെ, 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കമാണോ എന്ന് അവരോട് ചോദിച്ചെന്നും അവര്‍ മറുപടിയൊന്നും നല്‍കിയില്ലെന്നും ഷിന്‍ഡെ സത്യവാങ്മൂലത്തില്‍ പറയുന്നു.
രാകേഷ് ധവാഡെ എന്നയാളാണ് തന്നെ പരിശീലന സ്ഥലത്തേക്ക് കൊണ്ടുവന്ന് തിരികെ കൊണ്ടുപോയിരുന്നതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 2008ലെ മലേഗാവ് സ്‌ഫോടനക്കേസില്‍ പിന്നീട് അറസ്റ്റിലായ ധവാഡെയായിരുന്നു അത്. പരിശീലനത്തിനു ശേഷം സംഘാടകര്‍ ട്രെയിനികളെ വാഹനത്തില്‍ കയറ്റി ആളൊഴിഞ്ഞ വനമേഖലയിലെത്തിക്കും. സ്‌ഫോടനങ്ങളുടെ റിഹേഴ്‌സല്‍ നടത്തി ബോംബുകള്‍ പരീക്ഷിക്കും. ട്രെയിനികള്‍ ഒരു ചെറിയ കുഴി കുഴിച്ച് അതില്‍ ടൈമര്‍ ഘടിപ്പിച്ച ബോംബ് ഇട്ട് മണ്ണും വലിയ പാറക്കല്ലുകളും കൊണ്ട് മൂടി ബോംബ് പൊട്ടിക്കും. അവരുടെ പരീക്ഷണങ്ങള്‍ വിജയകരമായിരുന്നു. വലിയ സ്‌ഫോടനങ്ങളുണ്ടായി, പാറക്കല്ലുകള്‍ വളരെ ദൂരത്തേക്ക് തെറിച്ചുവീണു-സത്യവാങ്മൂലത്തില്‍ പറയുന്നു.
ഞാന്‍ പലതവണ നന്ദേഡിലെത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ആവശ്യമെങ്കില്‍ രാജ്യത്തുടനീളം സ്‌ഫോടനങ്ങള്‍ നടത്താന്‍ കഴിയുമായിരുന്ന ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ തന്നെ മനപൂര്‍വം ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. മഹാരാഷ്ട്രയിലെ 'ഗര്‍ജന'യുമായും ജമ്മുകശ്മീര്‍, പഞ്ചാബ്, ഹരിയാന, അസം, യുപി എന്നിവിടങ്ങളിലെ 'ഹിന്ദു യുവ ഛത്ര പരിഷത്തു'മായും കര്‍ണാടകയിലെ 'ശ്രീരാമസേന'യുമായും പശ്ചിമ ബംഗാളിലെ തപന്‍ ഘോഷിനെപ്പോലുള്ള മുതിര്‍ന്ന നേതാക്കളുമായും അദ്ദേഹം ബന്ധപ്പെട്ടിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
'വേണമെങ്കില്‍ 500-600 ബോംബ് സ്‌ഫോടനങ്ങള്‍ നടത്താമായിരുന്നു. എന്നാല്‍ നേതാക്കളുടെ ഗൂഢലക്ഷ്യങ്ങള്‍ അറിയാമായിരുന്നതിനാല്‍. അവരുടെ പദ്ധതി ഞാന്‍ അട്ടിമറിച്ചു. അത് വിജയിപ്പിക്കാന്‍ അനുവദിച്ചില്ല. നേതാക്കളുടെ ദുരുദ്ദേശ്യത്തെക്കുറിച്ച് തപന്‍ ഘോഷിനെ ബോധ്യപ്പെടുത്തി. തപന്‍ ഘോഷ് തന്നോട് യോജിക്കുകയും ഈ നീചമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സ്വയം അകന്നുനില്‍ക്കുകയും ചെയ്തു. അതുപോലെ തപന്‍ ഘോഷുമായി അടുപ്പമുണ്ടായിരുന്ന കര്‍ണാടകയിലെ ശ്രീരാമസേനയുടെ പ്രമോദ് മുത്താലിക്കും ഒന്നും ചെയ്തില്ല. അങ്ങനെ, താന്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും വിനാശകരമായ പദ്ധതി അട്ടിമറിക്കുകയും നിരവധി നിരപരാധികളായ ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും ജീവന്‍ രക്ഷിക്കുകയും ചെയ്തുവെന്നും സത്യവാങ്മൂലത്തില്‍ അവകാശപ്പെടുന്നുണ്ട്.
'രാജ്യത്തുടനീളം സ്‌ഫോടനങ്ങള്‍ ഉണ്ടാക്കാനുള്ള ആര്‍എസ്എസിന്റെയും വിഎച്ച്പിയുടെയും പദ്ധതി പ്രതീക്ഷിച്ചത്ര വിജയിക്കാത്തതിനാല്‍ ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടായില്ല. തല്‍ഫലമായി 2004ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടി. എന്നാല്‍ അതിന് ശേഷം രാജ്യത്തുടനീളം നിരവധി ബോംബ് സ്‌ഫോടനങ്ങള്‍ നടത്തി പോലിസിന്റെയും ഒരുവിഭാഗം മാധ്യമങ്ങളുടെയും സഹായത്തോടെ മുസ്‌ലിംകളെ കുറ്റപ്പെടുത്തി. അത് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിച്ചു.
2014ല്‍ കേന്ദ്രത്തില്‍ ബിജെപി അധികാരം പിടിക്കുകയും നരേന്ദ്ര മോദി പ്രധാനമന്ത്രിയാവുകയും ചെയ്തത് വിശ്വഹിന്ദു പരിഷത്തിന്റെയും ആര്‍എസ്എസിന്റെയും വിധ്വംസക പ്രവര്‍ത്തനങ്ങളെല്ലാം പെട്ടെന്ന് സജീവമാകാന്‍ കാരണമായി. പശ്ചിമ ബംഗാള്‍, ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ഇതേ ആളുകള്‍ തന്നെയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
'ഹിന്ദു മതം വളരെ ശ്രേഷ്ഠമായ മതമാണെന്ന് ഉറച്ച വിശ്വാസമുണ്ട്. ഹിന്ദുക്കള്‍ പൊതുവെ തീവ്രവാദ പ്രവണതയുള്ളവരല്ല, എന്നാല്‍ ആര്‍എസ്എസ്, വിഎച്ച്പി, ബജ്‌റംഗ്ദള്‍ തുടങ്ങിയ ചില ഹിന്ദുത്വ സംഘടനകള്‍ തീര്‍ച്ചയായും ബിജെപിയുടെ രാഷ്ട്രീയ നേട്ടത്തിനായി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും ഷിന്‍ഡെ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ സ്‌ഫോടനങ്ങളില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്ന് 2013ല്‍ അന്നത്തെ ആഭ്യന്തര സെക്രട്ടറി ആര്‍കെ സിങ് വെളിപ്പെടുത്തിയിരുന്നു. സംഝോത എക്‌സ്പ്രസ്, മക്ക മസ്ജിദ് സ്ഫോടനങ്ങളില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്നായിരുന്നു ആര്‍കെ സിങ്ങും പറഞ്ഞിരുന്നത്.