ശബരിമല: കരട് നിയമത്തെ പിന്‍തുണച്ച് പന്തളം കൊട്ടാരത്തിലെ ശശികുമാര വര്‍മ്മ

യുഡിഎഫ് ജനങ്ങളെ പറ്റിച്ച് ജീവിക്കുന്നവര്‍: എ വിജയരാഘവന്‍

Update: 2021-02-06 13:25 GMT

തിരുവനന്തപുരം: യുഡിഎഫ് കരട് നിയമം പുറത്തിറക്കിയതോടെ വരാന്‍ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ശബരിമല സ്ത്രീ പ്രവേശനം മുഖ്യചര്‍ച്ചയാവുമെന്നു ഉറപ്പായി. തുടക്കത്തില്‍ ഇടതുപക്ഷം, യുഡിഎഫ് ഉയര്‍ത്തിയ ശബരിമല വിഷയം അവഗണിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. യുഡിഎഫിന്റെ ശബരിമല കുടുക്കില്‍ വിഴരുതെന്ന് കഴിഞ്ഞ എല്‍ഡിഎഫ് യോഗത്തിലും അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍ ഇന്നലെ, സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന് അത് കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും കോടതി തീരുമാനം വരുന്നതിനനുസരിച്ച് നിലപാട് സ്വീകരിക്കുമെന്നും പറയേണ്ടിവന്നു. ഇതിന് പുറമെ മുഖ്യമന്ത്രി ഈ വിഷയത്തില്‍ കുറേക്കൂടി വ്യക്തമായ നിലപാട് പറഞ്ഞു.

കോടതി തീരുമാനം വരുന്നതിനനുസരിച്ച് കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയില്‍ കൂടിയാലോചന എന്നത് ഇടതുപക്ഷമോ മുഖ്യമന്ത്രിയോ ഇതുവരെ പറയാതിരുന്ന നിലപാടാണ്. ഇപ്പോള്‍, ശബരിമല വിഷയം ഒരു പടികൂടി കടന്ന്, യുഡിഎഫ് ഒരു കരട് നിയമം പുറത്തിറക്കിയതോടെ പുതിയൊരു മാനം വിഷയത്തില്‍ കൈവന്നിരിക്കുകയാണ്. മുന്‍ ഡയറട്ര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. ടി ആസിഫലിയെക്കൊണ്ട് നിയമത്തിന് ഒരു കരട് തയ്യാറാക്കി നിയമസഭ തിരഞ്ഞെടുപ്പിന് ഇത് തുറുപ്പ് ചീട്ടാക്കി മാറ്റാനും യുഡിഎഫ് തീരുമാനിച്ച് കഴിഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ അധികാരം ലഭിച്ചാല്‍ നടപ്പിലാക്കുന്ന കരട് നിയമം ഉള്‍പ്പെടുത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും സൂചന നല്‍കി.

അതിനിടെ യുഡിഎഫിന്റെ കരട് നിയമത്തെ പിന്തുണച്ച് പന്തളം കൊട്ടാരത്തിലെ ശശികുമാര വര്‍മ്മയും രംഗത്തെത്തിയതോടെ, യുഡിഎഫ് പ്രചാരണത്തിന് കൂടുതല്‍ മുന്‍തൂക്കം ലഭിച്ചു.

പക്ഷേ, ശബരിമല വിഷയം ഇടതു പക്ഷത്തെ സംബന്ധിച്ച് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്. സ്ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചിരുന്നത്. ഇതിന് പുറമെ ശബരിമല സ്ത്രീ പ്രവേശനം എന്നത് ഒരു നിലപാടും കാഴ്ചപ്പാടുമായി അവതരിപ്പിക്കാനും ഇടതുപക്ഷം അക്കാലത്ത് ശക്തമായി ശ്രമിച്ചിരുന്നു. ശബരിമല പ്രചരണായുധമാവുമ്പോള്‍, വനിതാമതിലും അന്ന് രൂപീകരിച്ച നവോത്ഥാന സമിതികളും ചര്‍ച്ചയാവും. പ്രത്യേകിച്ച് വനിതാമതിലിന്റെ രാഷ്ട്രീയ-സമൂഹിക പശ്ചാത്തലം വിശദീകരിക്കാന്‍ ഇടതുപക്ഷവും ഒപ്പം മുന്നണിയിലെ ഒന്നാമനെന്ന നിലയിലും സിപിഎം ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരുന്നു. അതിന്റെ ലക്ഷണമാണ് പാര്‍ട്ടി സെക്രട്ടറിയുടെ വിശദീകരണത്തില്‍ കാണുന്നത്. സര്‍ക്കാരിന് നിയമപ്രകാരമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നും ജനങ്ങളെ പറ്റിക്കാനും അതിലൂടെ ഉപജീവനം നടത്താനുമാണ് യുഡിഎഫ് ശ്രമിക്കന്നതെന്നുമാണ് പാര്‍ട്ടി സെക്രട്ടറി ഈ വിഷയത്തെ പ്രതിരോധിക്കുന്നത്. കോടതിയുടെ വിശാല ബഞ്ചിന്റെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ എങ്ങനെയാണ് നിയമം നിര്‍മിക്കുന്നതെന്ന് യുഡിഎഫ് വ്യക്തമാക്കണമെന്ന് പാര്‍ട്ടി സെക്രട്ടറി പറയുന്നു. എന്നാല്‍ ഇത്തരം ചോദ്യങ്ങളിലൂടെ പ്രതിരോധിച്ച്് നില്‍ക്കാന്‍ ഇടതുപക്ഷത്തിന് കഴിയില്ല.

ഇതിനിടെ ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി കെ കൃഷ്ണദാസ്, ശബരിമല ബിജെപിയ്ക്ക് വെറും രാഷ്ട്രീയ പ്രശ്‌നമല്ലെന്നും വിശ്വാസപരമായ ജീവല്‍പ്രശ്‌നമാണെന്നും സൂചന നല്‍കുന്നു. ഒപ്പം ബിജെപി വിയര്‍പ്പൊഴുക്കിയ ഉയര്‍ത്തിക്കൊണ്ട് വന്ന വിഷയം യുഡിഎഫ് കൈയ്യേറുന്നതും മേല്‍ക്കോയ്മ നേടുന്നതും അവരെ പ്രകോപിപ്പിക്കുന്നുണ്ട്.

Tags:    

Similar News