കൊച്ചി: ലൈംഗികമായി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയില്‍ നടനും സിപിഎം കൊല്ലം എംഎല്‍എയുമായ മുകേഷിനെതിരേ കേസെടുത്തു. എറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കൊച്ചി മരട് പോലിസ് കേസെടുത്തത്. മുകേഷ് ലൈംഗികമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തിയതിനു പിന്നാലെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയില്‍നിന്ന് മൊഴിയെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പായ ഐപിസി 354 ആണ് ചുമത്തിയിട്ടുള്ളത്. സിനിമയില്‍ അവസരം ലഭിക്കാന്‍ വഴങ്ങിത്തരണമെന്നും മോശമായി സംസാരിച്ചെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. അതേസമയം, ആരോപണങ്ങള്‍ നിഷേധിച്ച മുകേഷ് നടിക്കെതിരേ രംഗത്തെത്തിയിരുന്നു. ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചെന്നും അവസരം ലഭിച്ചപ്പോള്‍ പരാതി നല്‍കിയതാണെന്നുമായിരുന്നു മുകേഷിന്റെ വാദം.
അതിനിടെ, മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീപക്ഷ, സാമൂഹിക, സാംസ്‌കാരിക രംഗത്തുനിന്ന് സിപിഎമ്മിനുമേല്‍ സമ്മര്‍ദ്ദം ശക്തമായിട്ടുണ്ട്. എന്നാല്‍, ആരോപണത്തിന്റെ പേരില്‍ എംഎല്‍എ സ്ഥാനം ഒഴിയുന്നത് നല്ലതല്ലെന്ന് ഒരുവിഭാഗം വാദിക്കുന്നുണ്ട്.