നുപൂര്‍ ശര്‍മയുടെ പരാമര്‍ശം രാജ്യം കത്തിച്ചു; രാജ്യത്തോട് മാപ്പുപറയണമെന്ന് സുപ്രിംകോടതി

Update: 2022-07-01 06:25 GMT

ന്യൂഡല്‍ഹി: ഉദയ്പൂരില്‍ ഒരു തയ്യല്‍ക്കാരന്‍ ക്രൂരമായി കൊലചെയ്യപ്പെട്ട നിര്‍ഭാഗ്യകരമായ സംഭവത്തിന് ഉത്തരവാദി നുപൂര്‍ ശര്‍മയുടെ പ്രവാചക നിന്ദയാണെന്ന് സുപ്രീംകോടതി. നുപൂര്‍ ശര്‍മയുടെ നാക്ക് രാജ്യം മുഴുവന്‍ കത്തിച്ചെന്നും അവര്‍ രാജ്യത്തോട് മാപ്പ് പറയണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. വിവാദ പരാമര്‍ശത്തിന്റെ പേരില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകളെല്ലാം അന്വേഷണത്തിനായി ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബിജെപി നേതാവ് നൂപുര്‍ ശര്‍മ സുപ്രീം കോടതിയെ സമീപിച്ചത്. തീവ്രവാദികളില്‍ നിന്ന് തനിക്ക് നിരന്തരം ജീവന് ഭീഷണിയുണ്ടെന്നും ശര്‍മ്മ കോടതിയില്‍ പറഞ്ഞു.

എന്നാല്‍, നുപൂറിന്റെ പരാമര്‍ശം രാജ്യത്ത് കലാപം സൃഷ്ടിച്ചെന്ന് സുപ്രിംകോടതി വിലയിരുത്തി. ഉദയ്പൂര്‍ കൊലപാതകം നടന്നത് പോലും നുപൂറിന്റെ പ്രസ്താവന കാരണമാണെന്ന് കോടതി വിലയിരുത്തി. ശര്‍മ തന്റെ പരാമര്‍ശം പിന്‍വലിക്കാന്‍ വൈകിയെന്നും കോടതി പറഞ്ഞു. ശര്‍മക്ക് ഭീഷണിയുണ്ടെന്ന അഭിഭാഷകന്റെ വാദത്തോട് സുപ്രിംകോടതി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. 'അവള്‍ക്ക് ഭീഷണിയുണ്ടോ അതോ അവള്‍ ഒരു സുരക്ഷാ ഭീഷണിയായി മാറിയോ? അവള്‍ രാജ്യത്തുടനീളം വികാരങ്ങള്‍ കത്തിച്ചു. രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് അവള്‍ ഒറ്റയ്ക്കാണ് ഉത്തരവാദി'. സുപ്രിംകോടതി പ്രതികരിച്ചു.

നുപൂര്‍ ശര്‍മ ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ പ്രവാചകനിന്ദയ്‌ക്കെതിരെ അന്തര്‍ ദേശീയതലത്തില്‍ തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു. ഗ്യാന്‍വാപി പള്ളി വിഷയത്തിലെ ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം. നുപൂര്‍ ശര്‍മയെയും മറ്റൊരു വക്താവ് നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും ബിജെപി പിന്നീട് സസ്‌പെന്‍ഡ് ചെയ്തു. മുംബൈ പോലിസും ഹൈദരാബാദ് പോലിസും നുപൂര്‍ ശര്‍മയ്‌ക്കെതിരെ സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തിയതിനും മതവികാരം വ്രണപ്പെടുത്തിയതിനും കേസെടുത്തിരുന്നു. എന്നാല്‍ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Tags:    

Similar News