പള്ളിയില്‍ 'ജയ് ശ്രീരാം' വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തില്ല: കര്‍ണാടക ഹൈക്കോടതി
രണ്ട് ഹിന്ദുത്വര്‍ക്കെതിരായ കേസ് റദ്ദാക്കി
ബെംഗളൂരു: മുസ്‌ലിം പള്ളിയില്‍ 'ജയ് ശ്രീരാം' മുദ്രാവാക്യം വിളിക്കുന്നത് മതവികാരത്തെ വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ദക്ഷിണ കന്നഡയിലെ കഡബ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ പള്ളിയില്‍ അതിക്രമിച്ചു കയറി 'ജയ് ശ്രീരാം' മുദ്രാവാക്യം വിളിച്ച കീര്‍ത്തന്‍ കുമാര്‍, സച്ചിന്‍ കുമാര്‍ എന്നിവര്‍ക്കെതിരായ കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ ഉത്തരവ്.
2023 സെപ്റ്റംബര്‍ 24നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാത്രിയില്‍ പള്ളിയില്‍ അതിക്രമിച്ചു കയറിയ സംഘം മുദ്രാവാക്യം വിളിച്ചെന്ന് ചൂണ്ടിക്കാട്ടി അടുത്ത ദിവസം രാവിലെയാണ് പരാതി നല്‍കിയത്. തുടങ്ങി മതവികാരം വ്രണപ്പെടുത്തല്‍ (ഐപിസി 295), അതിക്രമിച്ചു കയറല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം പോലിസ് കേസെടുത്തു. ഹിന്ദുക്കളും മുസ്‌ലിംകളും സൗഹാര്‍ദ്ദത്തോടെ ജീവിക്കുന്ന പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് രണ്ടു പ്രതികളും ഹൈക്കോടതിയെ സമീപിച്ചത്.
മുസ്‌ലിം പള്ളി പൊതുസ്ഥലമാണെന്നും അവിടേക്കുള്ള പ്രവേശനത്തെ അതിക്രമിച്ചു കടക്കലായി കാണാനാവില്ലെന്ന് പ്രതികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. പള്ളിയില്‍ അതിക്രമിച്ചു കടക്കുന്നതും മുതവല്ലിയെ ഭീഷണിപ്പെടുത്തുന്നതും പ്രതികള്‍ക്ക് അവകാശമില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു.
പള്ളി നില്‍ക്കുന്ന പ്രദേശത്ത് മതസൗഹാര്‍ദ്ദമുണ്ടെങ്കില്‍ 'ജയ് ശ്രീരാം' വിളിക്കുന്നത് എങ്ങനെയാണ് പ്രശ്‌നമുണ്ടാക്കുകയെന്ന് കോടതി ചോദിച്ചു. മതവുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പിന് കീഴില്‍ വരില്ലെന്ന് സുപ്രിംകോടതി നേരത്തെ വിധിച്ചിട്ടുണ്ട്. പ്രതികളുടെ പ്രവൃത്തികള്‍ പ്രദേശത്ത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കിയിട്ടില്ല. പ്രതികള്‍ പള്ളിയില്‍ വന്നത് മുതവല്ലി കണ്ടിട്ടു പോലുമില്ല. അതിനാല്‍ പോലിസ് റജിസ്റ്റര്‍ ചെയ്ത കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നും റദ്ദാക്കുകയാണെന്നും കോടതി വിധിച്ചു.