'അഭയയുടെ മുഖത്ത് മുറിവുണ്ടായിരുന്നു; വൈദികരുടെ നോട്ടം ശരിയല്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞിട്ടുണ്ട്' അധ്യാപികയുടെ വെളിപ്പെടുത്തല്‍
വൈദികന്മാര്‍ക്കെതിരെ സാക്ഷി പറഞ്ഞതിനാല്‍ പലവിധത്തിലുള്ള ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സിസ്റ്ററിന് നീതി ലഭിക്കാന്‍ വേണ്ടിയാണ് ഇപ്പോഴും വെളിപ്പെടുത്തലില്‍ ഉറച്ചുനില്‍ക്കുന്നതെന്നും ത്രേസ്യാമ്മ പറഞ്ഞു.
കോട്ടയം: കൊല്ലപ്പെട്ട അഭയയുടെ മൃതദേഹം കാണാനെത്തിയപ്പോള്‍ മുഖത്ത് മുറിവ് കണ്ടിരുന്നുവെന്ന് അഭയയെ പഠിപ്പിച്ച അധ്യാപിക പ്രഫ.ത്രേസ്യാമ്മ. കേസില്‍ വിചാരണ നടക്കുമ്പോള്‍ ആറ് സാക്ഷികള്‍ കൂറുമാറിയ സാഹചര്യത്തിലാണ് രഹസ്യമൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായി ത്രേസ്യാമ്മ വ്യക്തമാക്കിയത്. മൊഴി മാറ്റാന്‍ സമ്മര്‍ദമുണ്ടായിരുന്നതായും ത്രേസ്യാമ്മ മാധ്യമങ്ങളോട് പറഞ്ഞു.
'മരണം നടന്നതിനു ശേഷം മഠത്തിലെത്തി അഭയയുടെ മൃതദേഹം കണ്ടു. കിണറിനരികിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. രണ്ടാം പ്രതിയായ ഫാദര്‍ ജോസ് പുതൃക്കയില്‍ ബെഡ് ഷീറ്റ് മാറ്റി അഭയയുടെ മുഖം കാണിച്ചുതന്നു. കഴുത്ത് വരെയുള്ള ഭാഗമാണ് കണ്ടത്. അഭയയുടെ മുഖത്ത് മുറിവുണ്ടായിരുന്നു. നേരത്തെയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. മുറിവ് കണ്ടതായി ആരും വെളിപ്പെടുത്തിയിട്ടില്ല. അതേക്കുറിച്ച് കോടതിയില്‍ പറഞ്ഞിട്ടുണ്ട്. മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നു. സത്യസന്ധമായ കാര്യങ്ങളാണ് അന്നും ഇന്നും പറഞ്ഞിരിക്കുന്നത്.' ത്രേസ്യാമ്മ പറഞ്ഞു.
പ്രതികളായ വൈദികരുടെ സ്വഭാവ ദൂഷ്യത്തെക്കുറിച്ച് കോളജിലെ വിദ്യാര്‍ഥികള്‍ തന്നോട് പലപ്പോഴും പരാതി പറഞ്ഞിട്ടുണ്ടെന്നും ത്രേസ്യാമ്മ പറഞ്ഞു. ഇക്കാര്യവും കോടതിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതികളായ രണ്ട് വൈദികരുടെ നോട്ടം ശരിയല്ലെന്ന് വിദ്യാര്‍ഥികള്‍ തന്നോട് പറഞ്ഞിട്ടുള്ളതായി ത്രോസ്യാമ്മ വെളിപ്പെടുത്തി.
വൈദികന്മാര്‍ക്കെതിരെ സാക്ഷി പറഞ്ഞതിനാല്‍ പലവിധത്തിലുള്ള ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സിസ്റ്ററിന് നീതി ലഭിക്കാന്‍ വേണ്ടിയാണ് ഇപ്പോഴും വെളിപ്പെടുത്തലില്‍ ഉറച്ചുനില്‍ക്കുന്നതെന്നും ത്രേസ്യാമ്മ പറഞ്ഞു.