സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 27 വര്‍ഷം

1992 മാര്‍ച്ച് 27 ന് കോട്ടയത്ത് പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്. ലോക്കല്‍ പോലിസ് 17 ദിവസവും, ക്രൈം ബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ നേതൃത്വത്തില്‍ 1992 മെയ് 18ന് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനെ നേരില്‍ കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.

Update: 2019-03-27 13:55 GMT

കോട്ടയം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് 27 വര്‍ഷം തികയുന്നു. കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത് 1992 മാര്‍ച്ച് 27നാണ്. 16 വര്‍ഷം നീണ്ട അന്വേഷണത്തിന് ശേഷം ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നീ മൂന്ന് പ്രതികളെ സിബിഐ 2008 നവംബര്‍ 18ന് അറസ്റ്റ് ചെയ്തു. മൂന്ന് പ്രതികളും 49 ദിവസം ജയിലില്‍ കിടന്നതിന് ശേഷം ഹൈക്കോടതി ജാമ്യം നല്‍കി. പിന്നീട് ഈ മൂന്ന് പ്രതികള്‍ക്കെതിരേയും സിബിഐ 2009 ജൂലൈ 17ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ ഈ മൂന്ന് പ്രതികളെയും വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്നാശ്യപ്പെട്ട് സിബിഐ കോടതിയില്‍ പ്രതികള്‍ നല്‍കിയ ഹര്‍ജി ഒമ്പതു വര്‍ഷത്തിന് ശേഷമാണ് 2018 മാര്‍ച്ച് 7 ന് സിബിഐ കോടതി തീര്‍പ്പാക്കിയത്.

ഒന്നാം പ്രതി തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവരുടെ ഹര്‍ജികള്‍ തള്ളിക്കൊണ്ട് വിചാരണ നേരിടുവാനും രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടുകൊണ്ടും തിരുവനന്തപുരംസിബിഐ കോടതി ഉത്തരവിട്ടു.

ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവരോട് വിചാരണ നേരിടുവാന്‍ ഉത്തരവിട്ട സിബിഐ കോടതി ഉത്തരവിനെതിരേ രണ്ട് പ്രതികളും, രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരേ ജോമോന്‍ പുത്തന്‍പുരയ്ക്കലും ഹൈക്കോടതിയില്‍ അപ്പീലുകള്‍ നല്‍കിയിരുന്നു.

ഈ മൂന്ന് അപ്പീല്‍ ഹര്‍ജികളും ഹൈക്കോടതി ഒരുമിച്ച് വാദം മാസങ്ങളോളം കേട്ടതിന് ശേഷം ജസ്റ്റിസ് സുനില്‍ തോമസിന്റെ സിംഗിള്‍ ബഞ്ച് വാദം 2018 സെപ്റ്റംബര്‍ 13 ന് പൂര്‍ത്തിയാക്കി വിധി പറയുവാന്‍ മാറ്റി. എന്നാല്‍ ആറ് മാസം കഴിഞ്ഞിട്ടും ഹൈക്കോടതി വിധി പറഞ്ഞിട്ടില്ല. കൂടാതെ അഭയ കേസ്സില്‍ തെളിവ് നശിപ്പിച്ചതിന്റെയും ഗൂഢാലോചന നടത്തിയതിനുമുള്ള കുറ്റത്തിന് െ്രെകംബ്രാഞ്ച് എസ് പി ആയിരുന്ന കെ ടി മൈക്കിളിനെ നാലാം പ്രതിയാക്കി തിരുവനന്തപുരം സിബിഐ കോടതി 2018 ജനുവരി 22 ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരേ പ്രതി മൈക്കിള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി വാദം 2018 ജൂണ്‍ 7 ന് പൂര്‍ത്തിയാക്കിയതിന് ശേഷം വിധി പറയുവാന്‍ ജസ്റ്റിസ് സുനില്‍ തോമസ് മാറ്റി വച്ചിരിക്കുകയാണ്. എന്നാല്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇപ്പോള്‍ 27 വര്‍ഷവുമായി.

1992 മാര്‍ച്ച് 27 ന് കോട്ടയത്ത് പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്. ലോക്കല്‍ പോലിസ് 17 ദിവസവും, ക്രൈം ബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ നേതൃത്വത്തില്‍ 1992 മെയ് 18ന് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനെ നേരില്‍ കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.

1993 മാര്‍ച്ച് 29 ന് കേസ് സിബിഐ ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു. സിബിഐ ഡിവൈഎസ്പി വര്‍ഗ്ഗീസ് പി തോമസിന്റെ നേതൃത്വത്തില്‍ സിബിഐ സംഘം ചുരുങ്ങിയ ആറ് മാസത്തിനുള്ളില്‍ തന്നെ കൊലപാതകമെന്ന് കണ്ടെത്തി കേസ് ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു. ആത്മഹത്യയാക്കുവാന്‍ തന്റെ മേലുദ്യോഗസ്ഥന്‍ സിബിഐ എസ്പി സമ്മര്‍ദ്ദം ചെലുത്തി പീഡിപ്പിക്കുകയാണെന്ന് വെളിപ്പെടുത്തികൊണ്ട് വര്‍ഗ്ഗീസ് പി തോമസ് വാര്‍ത്താ സമ്മേളനം നടത്തി സിബിഐയില്‍ നിന്നും 1993 ഡിസംബര്‍ 31ന് രാജിവച്ചതിനെ തുടര്‍ന്നാണ് അഭയ കേസ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്.

വര്‍ഗ്ഗീസ് പി തോമസിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സിബിഐ എസ്പിയെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ 1994 മാര്‍ച്ച് 16ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

കേരളത്തിലെ ലോക്‌സഭയിലെയും രാജ്യസഭയിലെയും 28 എംപിമാര്‍ ഒപ്പിട്ട നിവേദനം 1994 ജൂണ്‍ 2ന് സിബിഐ ഡയറക്ടര്‍ കെ വിജയറാവുവിനെ അന്നത്തെ എംപിമാരായ ഒ രാജഗോപാല്‍, ഇ ബാലാനന്ദന്‍, പി സി തോമസ് എന്നിവരും ജോമോന്‍ പുത്തന്‍പുരയ്ക്കലും ചേര്‍ന്ന് നേരില്‍ കണ്ട്‌നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ എസ്പി യെ മാറ്റി കൊണ്ട് സിബിഐ ഡിഐജി എംഎല്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ടീമിനെ നിയമിച്ചുകൊണ്ട് ഡയറക്ടര്‍ ഉത്തരവിട്ടിരുന്നു.

കഴിഞ്ഞ 16 വര്‍ഷത്തിനിടയില്‍ പ്രതികളെ പിടിക്കുവാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞ് സിബിഐ അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് മൂന്ന് പ്രാവശ്യം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ മൂന്ന് പ്രാവശ്യവും നല്‍കിയ റിപ്പോര്‍ട്ട് തള്ളികൊണ്ട് എറണാകുളം ചീഫ് ജൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. 2007 മെയ് 9നും 18നും സിബിഐ ഡയറക്ടര്‍ വിജയ് ശങ്കറിനെ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നേരില്‍ കണ്ട് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സിബിഐ എസ്പി എസ് എം കൃഷ്ണയുടെയും ഡിവൈഎസ്പി ആര്‍ എല്‍ അഗര്‍വാളിന്റെയും നേതൃത്വത്തിലുള്ള സിബിഐ സ്‌പെഷ്യല്‍ ടീം രൂപീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. സിസ്റ്റര്‍ അഭയയുടെ ആന്തരിക അവയവങ്ങളുടെ രാസ പരിശോധന റിപ്പോര്‍ട്ടില്‍ കൃത്രിമം

കാട്ടിയതിന്ചീഫ്കെമിക്കല്‍ എക്‌സാമിനര്‍ ആര്‍ ഗീത, അനലിസ്റ്റ് എം ചിത്ര എന്നിവരെപ്രതിയാക്കി തിരുവനന്തപുരം സിജെഎം കോടതി 2011 മെയ് 31ന് കുറ്റപത്രം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് രണ്ട് പ്രതികളെയും വെറുതെ വിട്ടതിനെതിരേ ജോമോന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.

ആദ്യം കേസ് അന്വേഷിച്ച കോട്ടയം വെസ്റ്റ് പോലിസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ്‌ഐ വി വി അഗസ്റ്റിന്‍, െ്രെകം ബ്രാഞ്ച് ഡിവൈഎസ്പി കെ സാമുവല്‍ എന്നിവരെ തെളിവ് നശിപ്പിച്ചതിന് സിബിഐ പ്രതിയാക്കി കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു. പിന്നീട് ഇരുവരും മരണപ്പെട്ടതിനാല്‍ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്.

സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മയെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന് കാരണം അഭയ കേസിലെ രണ്ടാം പ്രതിയെ സഹായിച്ചതിനെതിരെയുള്ള ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പരാതിയാണ്. അലോക് വര്‍മ്മ ഉള്‍പ്പെടെ അഞ്ച് സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി ആരോപണത്തെക്കുറിച്ച്അന്വേഷിച്ച് നടപടി സ്വീകരിക്കുവാന്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം സെക്രട്ടറി സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് പരാതി കൈമാറി കത്ത് നല്‍കിയ വിവരം കഴിഞ്ഞ ഡിസംബര്‍ 10 ന് പേഴ്‌സണല്‍ മന്ത്രാലയം സെക്രട്ടറി രേഖാമൂലം ജോമോനെ അറിയിച്ചിരുന്നു.

അഭയ കേസിലെ രണ്ടാം പ്രതി ഫാ. ജോസ് പുതൃക്കയിലിനെ സിബിഐ കോടതി വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയില്‍ സിബിഐ അപ്പീല്‍ നല്‍കുവാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി, കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം സെക്രട്ടറി എന്നിവര്‍ രേഖാമൂലം ഡയറക്ടര്‍ അലോക് വര്‍മ്മയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നിട്ടും അപ്പീല്‍ ഹൈക്കോടതിയില്‍ സിബിഐ ഫയല്‍ ചെയ്തില്ല.പകരം സിബിഐ ഡയറക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിയെ സഹായിച്ചുവെന്നാണ് ആരോപണം. ഈ പരാതിയെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുവാന്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം സെക്രട്ടറി കഴിഞ്ഞ ഡിസംബര്‍ 10 ന് പരാതി കൈമാറികൊണ്ട് കത്ത് നല്‍കിയിരുന്നു. ഒടുവില്‍ രണ്ടാം പ്രതി ഫാ. ജോസ് പുതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരേ ഹൈക്കോടതിയില്‍ സിബിഐ 2019 ഫെബ്രുവരി 19ന് അപ്പീല്‍ നല്‍കിയിരിക്കുകയാണ്.

Tags:    

Similar News