ശ്രീറാം വെങ്കിട്ടരാമനെ മാറ്റണം; പ്രതിഷേധക്കടലായി കലക്ടറേറ്റ് മാർച്ചുകൾ
തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നിലും മറ്റ് ജില്ലകളിൽ കലക്ടറേറ്റുകൾക്ക് മുന്നിലുമാണ് മാർച്ച് പുരേമാഗമിക്കുന്നത്.
കോഴിക്കോട്: സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സർക്കാർ നടപടിക്കെതിരേ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ മാർച്ചും ധർണയും പ്രതിഷേധക്കടലായി മാറി. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നിലും മറ്റ് ജില്ലകളിൽ കലക്ടറേറ്റുകൾക്ക് മുന്നിലുമാണ് മാർച്ച് പുരേമാഗമിക്കുന്നത്.
സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധ പരിപാടികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംഘടനയുടെ പ്രവാസി ഘടകമായ ഇന്ത്യൻ കൾച്ചറൽ ഫോറം (ഐസിഎഫ്) ഇന്ന് രാത്രി വിവിധ രാഷ്ട്രങ്ങളിലായി 65 കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമങ്ങൾ നടത്തും. പ്രതിഷേധ പരിപാടികളെ സുന്നി സംഘടനകളുടെ സംസ്ഥാന, ജില്ലാ നേതാക്കൾ അഭിവാദ്യം ചെയ്യും.
തിരുവനന്തപുരത്ത് പാളയത്ത് നിന്ന് ആരംഭിക്കുന്ന മാർച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സമാപിക്കും. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീൻ ഹാജി ഉദ്ഘാടനം ചെയ്യും. കൊല്ലത്ത് ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, ഇടുക്കിയിൽ അബ്ദുൽ കരീം സഖാഫി, പത്തനംതിട്ടയിൽ നിസാമുദ്ദീൻ ഫാളിലി, കോട്ടയത്ത് ലബീബ് സഖാഫി, എറണാകുളത്ത് അബ്ദുൽ ജ ബ്ബാർ സഖാഫി, തൃശൂരിൽ എം എം ഇബ്‌റാഹീം, പാലക്കാട്ട് ഉമർ ഓങ്ങല്ലൂർ, മലപ്പുറത്ത് വണ്ടൂർ അബ്ദുർറഹ്്മാൻ ഫൈസി, കോഴിക്കോട്ട് എൻ അലി അബ്ദുല്ല, വയനാട്ടിൽ ശറഫുദ്ദീൻ അഞ്ചാംപീടിക, കണ്ണൂരിൽ എം കെ ഹാമിദ് മാസ്റ്റർ, കാസർകോട്ട് സി എൻ ജഅ്ഫർ എന്നിവർ അഭിസംബോധന ചെയ്യും.