മാവോവാദി ബന്ധം ആരോപിച്ച് ജയിലിലടച്ച ഫാ. സ്റ്റാന്‍ സ്വാമി അന്തരിച്ചു
ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജയിലില്‍ നിന്ന് ബാന്ദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ഇന്നു ഉച്ചയ്ക്ക 1.30ഓടെയാണ് അന്ത്യം.
മുംബൈ: എല്‍ഗാര്‍ പരിഷദ് കേസില്‍ പ്രതിയാക്കപ്പെട്ട സാമൂഹ്യ-മനുഷ്യാവകാശപ്രവര്‍ത്തകനും ജെസ്യുട്ട് പുരോഹിതനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമി (83) അന്തരിച്ചു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജയിലില്‍ നിന്ന് ബാന്ദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ഇന്നു ഉച്ചയ്ക്ക 1.30ഓടെയാണ് അന്ത്യം.
സ്റ്റാന്‍ സ്വാമിക്ക് മാവോവാദി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് രാജ്യദ്രോഹ കുറ്റം ചുമത്തി എന്‍ഐഎ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇന്ന് സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി പരിഗണിക്കവേ, അഭിഭാഷകനാണ് ഉച്ചയ്ക്ക് ഒന്നരയോടെ അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചതായി അറിയിച്ചത്. കൊവിഡ് ബാധിതനായിരുന്നു ഫാദര്‍ സ്റ്റാന്‍ സ്വാമി. പിന്നീട് രോഗം മാറിയെങ്കിലും കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു.
മെയ് 30 മുതല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഫാദര്‍ സ്റ്റാന്‍ സ്വാമി. ജയിലില്‍ കഴിയവേ അദ്ദേഹത്തിന്‍െ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ബോംബെ ഹൈക്കോടതി ഇടപെട്ടാണ് സ്റ്റാന്‍ സ്വാമിക്ക് ചികിത്സ ഉറപ്പാക്കിയത്. ശനിയാഴ്ച അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ അദ്ദേഹം ഐസിയുവിലാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരിനോട് സ്റ്റാന്‍ സ്വാമിക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കത്ത് നല്‍കിയിരുന്നു. ഇതിനിടയിലാണ് ആരോഗ്യാവസ്ഥ വഷളായി അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.
2018 ജനുവരി ഒന്നിന് നടന്ന ഭീമ കൊറേഗാവ് കലാപ കേസില്‍ ഗൂഢാലോചന ആരോപിച്ചായിരുന്നു ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.നാഡിവ്യൂഹത്തെ ബാധിക്കുന്ന പാര്‍ക്കിസാന്‍സ് രോഗബാധിതനായ അദ്ദേഹത്തിന് നവി മുംബൈയിലെ തലോജ ജയിലില്‍ വെച്ച് കൃത്യമായ ചികിത്സ ലഭിച്ചിരുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.
അഞ്ചു പതിറ്റാണ്ട് ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച സാമൂഹിക പ്രവര്‍ത്തകനാണ് ഭീമ കൊറേഗാവ് സംഭവത്തിന് തലേ ദിവസം നടന്ന ഏകത പരിഷത്തിന്റെ യോഗത്തില്‍ വെച്ചാണ് ഗൂഢാലോചന നടന്നതെന്നും അതില്‍ സ്റ്റാന്‍ സ്വാമിക്ക് പങ്കുണ്ടെന്നുമായിരുന്നു എന്‍ഐഎയുടെ വാദം.