ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ പ്രതിഷേധം; ഭീമാ കൊറേഗാവ് കേസിലെ തടവുകാര്‍ ജയിലില്‍ നിരാഹാര സമരം നടത്തി

Update: 2021-07-07 15:36 GMT

മുംബൈ: മാവോവാദി ബന്ധം ആരോപിച്ച് ജയിലിലടയ്ക്കപ്പെട്ട ഫാ. സ്റ്റാന്‍ സ്വാമിയുടെ 'സ്ഥാപനവല്‍കൃത കൊലപാതക'ത്തില്‍ പ്രതിഷേധിച്ച് ഭീമാ കൊറേഗാവ് കേസില്‍ ജയിലിലിടയ്ക്കപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ജയിലില്‍ നിരാഹാര സമരം നടത്തി. റോണാ വില്‍സണ്‍, സുരേന്ദ്ര ഗാഡ്‌ലിങ്, സുധീര്‍ ധവാലെ, മഹേഷ് റാവത്ത്, അരുണ്‍ ഫെരേര, വെര്‍നോണ്‍ ഗോണ്‍സാല്‍വസ്, ഗൗതം നവ്‌ലാഖ, ആനന്ദ് തെല്‍തുംബ്ദെ, രമേശ് ഗെയ്‌ചോര്‍, സാഗര്‍ ഗോര്‍ഖെ എന്നിവരാണ് നവി മുംബൈയിലെ തലോജ ജയിലില്‍ ബുധനാഴ്ച ഏകദിന നിരാഹാര സമരം നടത്തിയത്. എല്‍ഗാര്‍ പരിഷത്ത് കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) ഉദ്യോഗസ്ഥര്‍ക്കും തലോജ ജയിലിലെ മുന്‍ സൂപ്രണ്ടിനുമെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധിച്ചത്. ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെടുത്തി യുഎപിഎ ഉള്‍പ്പെടെയുള്ള ജനവിരുദ്ധ നിയമങ്ങള്‍ ഉപയോഗിച്ച് 2020 ഒക്ടോബറില്‍ റാഞ്ചിയില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്ത് തലോജ സെന്‍ട്രല്‍ ജയിലിലടച്ച ഫാ. സ്റ്റാന്‍ സ്വാമി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് തിങ്കളാഴ്ച മരണപ്പെട്ടത്.

    കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മറ്റു തടവുകാര്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തെ 'സ്ഥാപനവല്‍കൃത കൊലപാതകം' എന്നു വിശേഷിപ്പിക്കുകയും ജയില്‍ അധികൃതരും കോടതികളും അന്വേഷണ ഏജന്‍സികളുമാണ് ഉത്തരവാദികളെന്നും പ്രസ്താവിക്കുകയും ചെയ്തു. 2017 ഡിസംബര്‍ 31ന് പൂനെയില്‍ എല്‍ഗാര്‍ പരിഷത്ത് നടത്തിയ സമ്മേളനത്തില്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നും ഭീമാ കൊറെഗാവ് യുദ്ധസ്മാരകത്തിന് സമീപം അക്രമത്തിന് പ്രേരിപ്പിച്ചെന്നുമാണ് ഇവര്‍ക്കെതിരേ ചുമത്തിയ കുറ്റം.

    മാവോവാദി ബന്ധമുള്ളവരാണ് സമ്മേളനം സംഘടിപ്പിച്ചതെന്നാണ് പോലിസിന്റെ അവകാശവാദം. ഫാ. സ്റ്റാന്‍ സ്വാമിയെ ഉപദ്രവിക്കാനുള്ള ഒരു അവസരവും എന്‍ഐഎയും മുന്‍ ജയില്‍ സൂപ്രണ്ട് കുര്‍ലേക്കറും നഷ്ടപ്പെടുത്തിയില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി. ഇവരുടെ പ്രതികാര നടപടിയാണ് ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തിന് കാരണമായത്. അതിനാല്‍ ഈ സ്ഥാപനവല്‍കൃത കൊലപാതകത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 302 (കൊലപാതകം) പ്രകാരം എന്‍ഐഎ ഉദ്യോഗസ്ഥരെയും കുര്‍ലേക്കറിനെയും വിചാരണ ചെയ്യണണമെന്നും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടും പ്രസ്താവനയില്‍ വ്യക്തമാക്കി. തടവില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ തലോജ ജയില്‍ അധികൃതര്‍ വഴി പ്രസ്താവന മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് സമര്‍പ്പിക്കുമെന്നും അറിയിച്ചു.

Elgar Case Accused Observe Hunger Strike in Jail Against 'Institutional Murder' of Stan Swamy

Tags:    

Similar News