രാജ്യത്തെ കരിമ്പ് കര്‍ഷകര്‍ക്ക് മില്ലുടമകളില്‍ നിന്ന് ലഭിക്കാനുള്ളത് 24000 കോടി രൂപ

രാജ്യത്തെ കരിമ്പ് കർഷകർക്ക് മില്ലുടമകളിൽ നിന്ന് ലഭിക്കാനുള്ളത് 24000 കോടി രൂപ.മഹാരാഷ്ട്രയിൽ ആകെ 180 ഓളം പഞ്ചസാര ഫാക്ടറികളിൽ, 77 എണ്ണം ബി.ജെ.പി നേതാക്കളുടെ കൈവശമാണ്.

Update: 2019-05-30 07:06 GMT

മുംബൈ: രാജ്യത്തെ കരിമ്പ് കര്‍ഷകര്‍ക്ക് മില്ലുടമകളില്‍ നിന്ന് ലഭിക്കാനുള്ളത് 24000 കോടി രൂപ. ഇന്ത്യയിലെ പഞ്ചസാര വ്യവസായം, ഏകദേശം 5 കോടി കരിമ്പ് കര്‍ഷകരും 20 ലക്ഷം തൊഴിലാളികളും ഉള്‍പ്പെടുന്ന വ്യവസായ മേഖലയാണ്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളാണ് രാജ്യത്തൊട്ടാകെ ഉല്‍പാദിപ്പിക്കുന്ന കരിമ്പിന്റെ എണ്‍പത് ശതമാനവും ഉത്പാദിപ്പിക്കുന്നത്.

ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന്റെ കണക്ക് പ്രകാരം 2018 ഡിസംബര്‍ 31 വരെ മൊത്തം ഉല്‍പാദനം 6.7% വര്‍ധിച്ചു. 501 മില്ലുകളില്‍ നിന്നായി 110.52 ലക്ഷം ടണ്‍ പഞ്ചസാരയാണ് കഴിഞ്ഞ വര്‍ഷം ഉത്പാദിപ്പിച്ചത്. എന്നാല്‍ 2017 ല്‍ 103.56 ലക്ഷം ടണ്‍ പഞ്ചസാര മാത്രമാണ് ഉത്പാദിപ്പിച്ചിരുന്നത്. കാലാവസ്ഥ വ്യതിയാനം കാരണം നേരത്തെ കരിമ്പുകള്‍ വെട്ടേണ്ടി വന്നതിനാല്‍ ആയിരുന്നു പഞ്ചസാര ഉല്‍പാദനത്തിലെ വര്‍ദ്ധനവ്.

മഹാരാഷ്ട്രയില്‍ 4,700 കോടി രൂപ കര്‍ഷകര്‍ക്ക് മില്ലുടമകളില്‍ നിന്ന് ലഭിക്കാനുണ്ട്. കരിമ്പിന്റെ മതിപ്പ് വിലയനുസരിച്ച് 15,600 കോടി രൂപയാണ് ലഭിക്കേണ്ടത്. മഹാരാഷ്ട്രയില്‍ മാത്രം 184 മില്ലുകളില്‍ നിന്നായി 43.98 ലക്ഷം ടണ്‍ പഞ്ചസാര ഉത്പാദിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കര്‍ണാടകത്തില്‍ 63 മില്ലുകളില്‍ നിന്നായി 20.45 ലക്ഷം ടണ്‍ പഞ്ചസാരയാണ് ഉത്പാദിപ്പിച്ചത്. 3,990 കോടി രൂപയാണ് ഇവിടെ കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത്.

തമിഴ്‌നാട്ടിലും സ്ഥിതി വ്യത്യസ്തമല്ല 1854 കോടി രൂപയാണ് മില്ലുടമകള്‍ കുടിശ്ശിക വരുത്തിയിരിക്കുന്നത്.1854 കോടി രൂപയും അതിന്റെ പലിശയും മില്ലുടമകളില്‍ നിന്ന് വാങ്ങിത്തരുവാന്‍ തമിഴ്‌നാട്ടിലെ കരിമ്പ് കര്‍ഷക സംഘടന സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ കര്‍ഷക പ്രക്ഷോഭത്തിനെ തുടര്‍ന്ന് കരിമ്പിന്റെ താങ്ങുവില ഉയര്‍ത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു.

അതേസമയം കരിമ്പ് കര്‍ഷകരില്‍ നിന്നും വ്യത്യസ്തമായി, മില്ലുടമകള്‍ക്ക് കാലാകാലങ്ങളില്‍ സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. മില്ലുകള്‍ക്ക് ടണ്ണിന് 138.8 രൂപ സര്‍ക്കാര്‍ ധനസഹായം വര്‍ഷാവര്‍ഷം നല്‍കുന്നുണ്ട്. മില്ലുടമകള്‍ക്ക് കുറഞ്ഞ പലിശയില്‍ വായ്പ നല്‍കുന്നതിനായി സര്‍ക്കാര്‍ അനുവദിച്ചത് 4,100 കോടി രൂപയാണ്. മില്ലുകളാകട്ടെ മേഖലകളിലെ രാഷ്ട്രീയ നേതാക്കളാണെന്നതാണ് യാഥാര്‍ഥ്യം.

മഹാരാഷ്ട്രയില്‍ ആകെ 180 ഓളം പഞ്ചസാര ഫാക്ടറികളില്‍, 77 എണ്ണം ബി.ജെ.പി നേതാക്കളുടെ കൈവശമാണ്. 53 എണ്ണം കോണ്‍ഗ്രസ് നേതാക്കളുടെയും 44 എണ്ണം ശിവസേന നേതാക്കളുടെയും ഉടമസ്ഥതയിലാണ്. 2008 നും 2014 നും ഇടയില്‍ സഹകരണ മേഖലയിലെ 39 പഞ്ചാസാര മില്ലുകള്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് വില്‍ക്കേണ്ടി വന്നിട്ടുണ്ട്. ബിജെപി കോണ്‍ഗ്രസ് എന്‍സിപി നേതാക്കളാണ് ഇവയെല്ലാം വാങ്ങിക്കൂട്ടിയത്.

2016 ഏപ്രില്‍ മുതല്‍ 2018 ഓഗസ്റ്റ് വരെ കര്‍ണാടകത്തില്‍ ബെലഗാവി, ബഗല്‍കോട്ട്, മണ്ഡ്യ, ഹവേരി എന്നിവിടങ്ങളില്‍ 589 കര്‍ഷക ആത്മഹത്യ നടന്നിട്ടുണ്ട്. വിജയയപുര ജില്ലയില്‍ മാത്രം 656 ആണ്. ഈ മേഖലകളിലാണ് കര്‍ണാടകത്തില്‍ ഏറ്റവും കൂടുതല്‍ കരിമ്പ് കൃഷി നടക്കുന്നത്. ഈ രണ്ടു വര്‍ഷത്തിനിടയില്‍ 2480 കര്‍ഷകരെയാണ് സര്‍ക്കാര്‍ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്. 

Tags:    

Similar News