പാമ്പിനെ കൊല്ലാന്‍ വയലില്‍ തീയിട്ടു; ചത്തത് അഞ്ചു പുലിക്കുട്ടികള്‍

Update: 2019-04-04 13:19 GMT

പൂനെ: പാമ്പുകളെ കൊല്ലാന്‍ കരിമ്പിന്റെ അവശിഷ്ടങ്ങള്‍ക്കു തീയിട്ടതിനെ തുടര്‍ന്നു ചത്തത് പുലിക്കുട്ടികള്‍. മഹാരാഷ്ട്രയിലെ പൂനെയില്‍ അവാസരി ഗ്രാമത്തിലാണു സംഭവം. വിളവെടുപ്പ് കഴിഞ്ഞ കരിമ്പു പാടത്ത് കൂട്ടിയിട്ട അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു പാമ്പിനെ കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പാമ്പുകളുണ്ടാവുമെന്നു കരുതി അവശിഷ്ടങ്ങള്‍ക്കു തീയിടുകയായിരുന്നു കര്‍ഷകര്‍. എന്നാല്‍ തീ ആളിപ്പടര്‍ന്നതോടെ വയലില്‍ നിന്നും കരച്ചില്‍ കേട്ടതോടെയാണ് കര്‍ഷകര്‍ സ്ഥലത്തു പരിശോധന നടത്തിയത്. ഇതോടെയാണ് മൂന്നാഴ്ച മാത്രം പ്രായമുള്ള അഞ്ചു പുലിക്കുട്ടികള്‍ തീയില്‍ പെട്ടു ചത്തു കിടക്കുന്നത് കര്‍ഷകര്‍ കണ്ടത്. പുലിക്കുട്ടികള്‍ വയലിലുള്ളത് അറിഞ്ഞിരുന്നില്ലെന്നും പാമ്പുകളെ തുരത്തുക മാത്രമായിരുന്നു തങ്ങളുടെ ഉദ്ദേശമെന്നും കര്‍ഷര്‍ പറഞ്ഞു. കര്‍ഷകര്‍ക്കെതിരേ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തതായി വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ജയറാം ഗൗഡ വ്യക്തമാക്കി. പാമ്പുകളെ തുരത്താനാണ് തീയിട്ടതെന്നാണു കര്‍ഷകര്‍ പറയുന്നതെങ്കിലും പുലിക്കുട്ടികള്‍ ചത്തതിനെ തുടര്‍ന്നു കര്‍ഷകര്‍ നടപടി നേരിടേണ്ടി വരുമെന്നും ഗൗഡ വ്യക്തമാക്കി. ചത്ത പുലിക്കുട്ടികളുടെ ശരീരം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്‌കരിച്ചു. സംഭവം നടന്ന സ്ഥലത്തു രാത്രി തള്ളപ്പുലി എത്തുമെന്നതിനാല്‍ പരിശോധനക്കായി ഉദ്യോഗസ്ഥരെ നിയോഗിച്ചതായും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

Tags:    

Similar News