പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: കേന്ദ്രത്തിന് തിരിച്ചടി; കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര വിദഗ്ധ സമിതി അന്വേഷിക്കും; സുപ്രധാന ഉത്തരവുമായി സുപ്രിംകോടതി
വിരമിച്ച സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം.
ന്യൂഡല്‍ഹി: പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരുടെ ഫോണ്‍ ചോര്‍ത്തിയ സംഭവം പരിശോധിക്കാന്‍ ഒരു സ്വതന്ത്ര വിദഗ്ധ സമിതി രൂപീകരിക്കാന്‍ ഉത്തരവിട്ട് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
വിരമിച്ച സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. മുന്‍ ഐപിഎസ് ഓഫിസര്‍ അലോക് ജോഷി അന്വേഷണത്തില്‍ മേല്‍നോട്ടക്കാരനായ ജഡ്ജിയെ സഹായിക്കും.
ഡോ. സന്ദീപ് ഒബ്‌റോയ് ആണ് കമ്മിറ്റിയുടെ ചെയര്‍മാന്‍. ഡോ. നവീന്‍ കുമാര്‍ ചൗധരി, ഡോ. പി പ്രഭാഹരന്‍, ഡോ. അശ്വിന്‍ അനില്‍ ഗുമസ്‌റ്റെ എന്നിവരാണ് സാങ്കേതിക സമിതിയി അംഗങ്ങള്‍. എട്ടാഴ്ചയ്ക്ക് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയോട് കോടതി ആവശ്യപ്പെട്ടു.
പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണം സ്വകാര്യതയ്ക്കുള്ള അവകാശത്തേയും അഭിപ്രായ സ്വാതന്ത്ര്യത്തേയും ഹനിക്കുന്നതാണെന്നും അതിനാല്‍ അവ പരിശോധിക്കപ്പെടേണ്ടതാണെന്നും കോടതി വിധി ന്യായത്തില്‍ പറഞ്ഞു. സ്വീകരിച്ച നടപടികളെക്കുറിച്ച് പ്രതികരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് വ്യക്തമായ നിലപാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വിധി പ്രസ്താവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കോടതി കടുത്ത വിമര്‍ശനമുന്നയിച്ചു. സുരക്ഷയുടെ പേരും പറഞ്ഞ് എന്തും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും കേസുമായി ബന്ധപ്പെട്ട് വളരെ കുറച്ച് വിവരങ്ങള്‍ മാത്രമാണ് കോടതിക്ക് കേന്ദ്രത്തില്‍ നിന്നും ലഭിച്ചതെന്നും സുപ്രിംകോടതി വിമര്‍ശിച്ചു. ഭരണഘടന തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് കോടതി ശ്രമിക്കുന്നത്. രാഷ്ട്രീയ വിവാദങ്ങളില്‍ ഇടപെടാന്‍ കോടതി ആഗ്രഹിക്കുന്നില്ല. ഈ കേസില്‍ ചില ഹര്‍ജിക്കാര്‍ പെഗാസസിന്റെ നേരിട്ടുള്ള ഇരകളാണ്. വിവര സാങ്കേതികതയുടെ വളര്‍ച്ചക്കിടയിലും സ്വകാര്യത കാത്തുസൂക്ഷിക്കേണ്ടതുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല എല്ലാ വ്യക്തികള്‍ക്കും സ്വകാര്യത അനിവാര്യമാണ്. ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിക്കണോ എന്നത് സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണം. വിവാദത്തിന്റെ അടിവേരുകള്‍ കണ്ടെത്താന്‍ ഇവിടെ കോടതി നിര്‍ബന്ധിതമാകുന്നു. മൗലിക അവകാശങ്ങളിലേക്ക് കടന്നു കയറുന്ന നിയന്ത്രണങ്ങള്‍ ഭരണഘടന പരിശോധനക്ക് വിധേയമാകണം. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. ദേശസുരക്ഷയുടെ പേരില്‍ സര്‍ക്കാരിന് എന്തും ചെയ്യാന്‍ പറ്റില്ല. കോടതി വ്യക്തമാക്കി.
ഇസ്രായേല്‍ സ്ഥാപനമായ എന്‍എസ്ഒയുടെ സ്‌പൈവെയറായ പെഗാസസ് ഉപയോഗിച്ച് പ്രമുഖ പൗരന്മാരുടെയും രാഷ്ട്രീയക്കാരുടെയും അടക്കം വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് ആരോപണം.
രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍ റാം, ശശികുമാര്‍, പെഗാസസ് ചോര്‍ത്തലിന് ഇരയായ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍, എഡിറ്റേഴ്‌സ് ഗില്‍ഡ്, മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ, അഡ്വ. എം എല്‍ ശര്‍മ തുടങ്ങിയവരാണ് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്.
സര്‍ക്കാര്‍ ഒരു പ്രത്യേക സോഫ്റ്റ്‌വേര്‍ ഉപയോഗിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് പൊതുചര്‍ച്ചയ്ക്കു വെക്കാവുന്ന വിഷയമല്ലെന്നായിരുന്നു കേന്ദ്ര നിലപാട്.
പൗരന്മാരെ നിരീക്ഷിക്കാന്‍ ചട്ടം അനുവദിക്കുന്നുണ്ട്. ഏതു സോഫ്റ്റ്‌വേറാണ് ഉപയോഗിക്കുന്നതെന്ന് ഒരുരാജ്യവും വെളിപ്പെടുത്താറില്ല. പെഗാസസ് സോഫ്റ്റ്‌വേര്‍ ഉപയോഗിച്ചോ ഇല്ലയോ എന്നത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ സുപ്രിംകോടതിയില്‍പ്പോലും പറയാനാവില്ലെന്നും വിദഗ്ധസമിതിയെ അറിയിക്കാമെന്നുമാണ് കേന്ദ്രം നിലപാട് അറിയിച്ചത്. വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് സുപ്രിംകോടതിക്ക് പരിശോധിക്കാവുന്നതാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.