കേരളത്തില്‍ പ്ലസ്‌വണ്‍ പരീക്ഷയ്ക്ക് അനുമതി; ഓഫ്‌ലൈനായി നടത്താമെന്ന് സുപ്രിംകോടതി
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ നടത്താമെന്നാണ് കോടതിയുടെ ഉത്തരവ്. ഏഴ് ലക്ഷം പേര്‍ ഓഫ്‌ലൈനായി നീറ്റ് പരീക്ഷ എഴുതിയത് പരാമര്‍ശിച്ചുകൊണ്ടാണ് കേരളത്തിന്റെ ഹരജി അനുവദിച്ചത്. കൊവിഡ് കാലത്ത് പരീക്ഷ നടത്തുന്നത് ചോദ്യം ചെയ്ത് 48 വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജികള്‍ സുപ്രിംകോടതി തള്ളി.
ന്യൂഡല്‍ഹി: കേരളത്തില്‍ പ്ലസ്‌വണ്‍ പരീക്ഷ നടത്താന്‍ അനുമതി നല്‍കി സുപ്രിംകോടതി ഉത്തരവ്. സംസ്ഥാനത്ത് പ്ലസ്‌വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്താന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ഹരജിയിലാണ് സുപ്രിംകോടതിയുടെ നിര്‍ണായക വിധിയുണ്ടായത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ നടത്താമെന്നാണ് കോടതിയുടെ ഉത്തരവ്. ഏഴ് ലക്ഷം പേര്‍ ഓഫ്‌ലൈനായി നീറ്റ് പരീക്ഷ എഴുതിയത് പരാമര്‍ശിച്ചുകൊണ്ടാണ് കേരളത്തിന്റെ ഹരജി അനുവദിച്ചത്. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. കൊവിഡ് കാലത്ത് പരീക്ഷ നടത്തുന്നത് ചോദ്യം ചെയ്ത് 48 വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജികള്‍ സുപ്രിംകോടതി തള്ളി.
പരീക്ഷ നടത്താന്‍ അനുമതി നല്‍കിയ കോടതി, വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഒക്ടോബറില്‍ മൂന്നാംതരംഗമുണ്ടാവുന്നതിന് മുമ്പ് പരീക്ഷ പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും കേരളം സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ ഉറപ്പ് മുഖവിലയ്‌ക്കെടുത്താണ് ഓഫ്‌ലൈന്‍ പരീക്ഷയ്‌ക്കെതിരായ ഹരജികള്‍ കോടതി തള്ളിയത്. ഓണ്‍ലൈനായി പരീക്ഷ നടത്താനാവില്ലെന്നും കംപ്യൂട്ടറും ഇന്റര്‍നെറ്റ് സംവിധാനങ്ങളുമില്ലാത്ത നിരവധി കുട്ടികളുണ്ടെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഓഫ്‌ലൈനായി പരീക്ഷ നടത്തുന്നതുകൊണ്ട് ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടാവുന്നത് തടയാന്‍ കഴിയും.
മോഡല്‍ പരീക്ഷയുടെ അടിസ്ഥനത്തില്‍ മാര്‍ക്ക് നിശ്ചയിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല. വീടുകളില്‍ ഇരുന്നാണ് രക്ഷാകര്‍ത്താക്കളുടെ സാന്നിധ്യത്തില്‍ വിദ്യാര്‍ഥികള്‍ മോഡല്‍ പരീക്ഷ എഴുതിയത്. എന്നാല്‍, ഓഫ്‌ലൈനായി പരീക്ഷ നടത്തുമ്പോള്‍ അധ്യാപകരുടെ സാന്നിധ്യത്തിലാണ് പരീക്ഷ എഴുതുന്നതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈയില്‍ സാങ്കേതിക സര്‍വകലാശാലയിലെ ബിടെക് പരീക്ഷ ഓഫ്‌ലൈനായി നടത്തിയിരുന്നു. ഏതാണ്ട് ഒരുലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഈ പരീക്ഷ എഴുതിയിരുന്നു.
ആഗസ്ത് അവസാനവും സപ്തംബര്‍ ആദ്യവുമായി ഓഫ്‌ലൈനായി നടത്തിയ ജെഇഇ മെയിന്‍ പരീക്ഷ ഏഴ് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് എഴുതിയത്. ഇതേ രീതിയില്‍ പ്ലസ് വണ്‍ പരീക്ഷയും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഓഫ്‌ലൈനായി നടത്താമെന്നാണ് കേരളം സുപ്രിംകോടതിയെ അറിയിച്ചത്. കേരളത്തിലെ കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി പരീക്ഷാ നടപടികള്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്തത്. കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുമ്പോള്‍ നേരിട്ടുള്ള പരീക്ഷ നടത്തിപ്പ് അംഗീകരിക്കില്ലെന്നായിരുന്നു സുപ്രിംകോടതിയുടെ മുന്‍ ഉത്തരവ്. പരീക്ഷ റദ്ദാക്കണമെന്ന പൊതുതാല്‍പര്യ ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്ത് ശാസ്ത്രീയതയുടെ അടിസ്ഥാനത്തിലാണ് പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ തയ്യാറായതെന്നായിരുന്നു ജസ്റ്റിസ് എ എം ഖാല്‍വിക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം.