ന്യൂഡല്‍ഹി: സുപ്രീംകോടതി ജസ്റ്റിസായിരുന്ന അരുണ്‍ മിശ്രയുടെ ഫോണും പെഗാസസിലൂടെ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. 'ദി വയര്‍' അടക്കമുള്ള മാധ്യമക്കൂട്ടായ്മയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടത്. 2019ല്‍ അരുണ്‍ മിശ്ര ഉപയോഗിച്ച ഫോണാണ് പെഗസസ് ചാരസോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ചോര്‍ത്തിയത്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരേ വാര്‍ത്തസമ്മേളനം നടത്തിയ നാല് ജഡ്ജിമാരില്‍ ഒരാളായിരുന്ന അരുണ്‍ മിശ്ര. വിവാദമായ ഒട്ടനവധി കേസുകളില്‍ അരുണ്‍ മിശ്ര വിചാരണ നടത്തുകയും. വിവാദപരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. 2020 സെപ്തംബറിലാണ് അരുണ്‍ മിശ്ര സുപ്രീംകോടതിയില്‍ നിന്നും വിരമിച്ചത്. ഇതിനു മുന്‍പുള്ള കാലത്ത് ഇദ്ദേഹം ഉപയോഗിച്ച നമ്പറാണ് ചോര്‍ത്തപ്പെട്ടത് എന്നാണ് വിവരം.
ഇതു കൂടാതെ സുപ്രീംകോടതിയിലെ പല അഭിഭാഷകരുടെ ഫോണുകളും ചോര്‍ത്തിയെന്നാണ് 'ദി വയര്‍' റിപ്പോര്‍ട്ട് ചെയ്യുന്നത്. അഗസ്റ്റ വെസ്റ്റ്‌ലാന്റ് കേസില്‍ കിസ്റ്റ്യന്‍ മിഷേലിന്റെ അഭിഭാഷകന്‍ ആയ ആള്‍ജോ ജോസഫിന്റെ ഫോണും പെഗസസ് സ്‌പൈവേര്‍ ഉപയോഗിച്ച് ചോര്‍ത്തപ്പെട്ടിട്ടുണ്ട്. മലയാളി അഭിഭാഷകനാണ് ആള്‍ജോ. മുന്‍ അറ്റോര്‍ണി ജനറല്‍ മുഗുള്‍ റോത്തഖിയുടെ ജൂനിയര്‍ അഭിഭാഷകന്‍ തങ്കദുരെയുടെ ഫോണും ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.
പെഗസസ് ഫോണ്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സുപ്രീംകോടതി ജസ്റ്റിന്റെ അടക്കം ഫോണുകള്‍ ചോര്‍ത്തപ്പെട്ടു എന്ന വാര്‍ത്ത പുറത്തു വരുന്നത്. ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് മാധ്യമപ്രവര്‍ത്തകരും എഡിറ്റേഴ്‌സ് ഗില്‍ഡും നല്‍കിയ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.