സ്വപ്ന സുരേഷിന്റെ ശബ്ദരേഖ: ഇഡിക്ക് എതിരേ ക്രൈംബ്രാഞ്ച് കേസെടുത്തു
ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, വ്യാജ മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയ എഫ്‌ഐആറാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി ( ഇഡി) നെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തു. മുഖ്യമന്ത്രിക്കെതിരേ കള്ള മൊഴി കൊടുക്കാന്‍ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, വ്യാജ മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയ എഫ്‌ഐആറാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. സ്വപ്ന സുരേഷിനെ ഇഡി ചോദ്യംചെയ്യുന്ന ഘട്ടത്തില്‍ മുഖ്യമന്ത്രി അടക്കമുള്ള ഉന്നതരുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്ന് വനിതാ പോലീസുകാര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇഡിക്കെതിരേ കേരള പോലീസിന്റെ നടപടി. പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലെ സിജി വിജയന്‍, കടവന്ത്ര സ്‌റ്റേഷനിലെ എസ്. റെജിമോള്‍ എന്നീ സിവില്‍ പോലീസ് ഓഫീസര്‍മാരാണ് ഇ.ഡി.ക്കെതിരേ മൊഴി നല്‍കിയത്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ ഇഡി. ഉദ്യോാഗസ്ഥര്‍ നിര്‍ബന്ധിച്ചു എന്നാണ് സ്വപ്നയുടെ ഫോണ്‍ ശബ്ദരേഖാ വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് ഇവര്‍ മൊഴി നല്‍കിയത്.