സര്‍ക്കാരിന്റെ പരാജയം മൂടിവയ്ക്കാന്‍ തബ്‌ലീഗ് ജമാഅത്തിനെ ബലിയാടാക്കുന്നു: പോപുലര്‍ ഫ്രണ്ട്
ലോക്ക് ഡൗണ്‍ ആരംഭിക്കുന്നതിനു മുമ്പുതന്നെ മര്‍കസ് നിസാമുദ്ദീന്‍ നേരത്തേ തീരുമാനിച്ചിരുന്ന എല്ലാ പരിപാടികളും മാറ്റിവയ്ക്കുകയും ഔദ്യോഗിക നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കുകയും ചെയ്തിരുന്നു
ന്യൂഡല്‍ഹി: മര്‍കസ് നിസാമുദ്ദീനെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാര്‍ ഒ എം എ സലാം. മതിയായ തയ്യാറെടുപ്പില്ലാതെ നടത്തിയ ലോക്ക് ഡൗണ്‍ മൂലം സംഭവിച്ച വന്‍വീഴ്ചകളില്‍ നിന്നു ശ്രദ്ധതിരിച്ചുവിടാന്‍, ഡല്‍ഹി സംസ്ഥാന സര്‍ക്കാരും ഒരുപറ്റം മാധ്യമങ്ങളും തബ്‌ലീഗ് ജമാഅത്തിനെ ബലിയാടാക്കുകയാണ്. മതിയായ ആസൂത്രണമില്ലാതെ നടപ്പാക്കിയതു മൂലം, ലോക്ക് ഡൗണ്‍ കൊണ്ട് ഉദ്ദേശിച്ചതിനു വിരുദ്ധമായി, സാമൂഹിക അകലം പാലിക്കല്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. പകരം അത് ദുരന്തങ്ങള്‍ക്ക് കാരണമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.
ലോക്ക് ഡൗണ്‍ ആരംഭിക്കുന്നതിനു മുമ്പുതന്നെ മര്‍കസ് നിസാമുദ്ദീന്‍ നേരത്തേ തീരുമാനിച്ചിരുന്ന എല്ലാ പരിപാടികളും മാറ്റിവയ്ക്കുകയും ഔദ്യോഗിക നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കുകയും ചെയ്തിരുന്നു. ലോക്ക് ഡൗണ്‍ ഏറ്റവും കൂടുതല്‍ ബാധിച്ച നഗരമാണ് ഡല്‍ഹി. കേന്ദ്ര-ഡല്‍ഹി സര്‍ക്കാരുകള്‍ ഇതിന് തുല്യ ഉത്തരവാദികളാണ്. ആയിരക്കണക്കിന് വിശ്വാസികള്‍ ഒരുമിച്ചു കൂടുന്ന തബ്‌ലീഗ് മര്‍കസ്, അപ്രതീക്ഷിതമായി നടപ്പാക്കിയ നിയന്ത്രണങ്ങള്‍ മൂലം പ്രതിസന്ധിയിലാവുകയായിരുന്നു. അവിടെയുള്ളവരെ സ്വദേശത്തേക്ക് അയക്കാന്‍ മര്‍കസ് നേതൃത്വം അധികാരികളോട് അനുമതി തേടിയെങ്കിലും അത് അവഗണിക്കുകയായിരുന്നു. എങ്കിലും കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ എല്ലാ പരിപാടികളും നിര്‍ത്തിവച്ചു. പക്ഷേ, ഗതാഗത സംവിധാനമോ താമസസൗകര്യമോ സര്‍ക്കാര്‍ ലഭ്യമാക്കാത്തതു മൂലം അവിടെയെത്തിയവരെ മറ്റ് മാര്‍ഗമില്ലാതെ, മര്‍കസ് അധികൃതര്‍ പള്ളിക്കുള്ളില്‍ തന്നെ താമസിപ്പിക്കുകയായിരുന്നു. അതിന്റെ പേരില്‍ മര്‍കസിനെ കുറ്റപ്പെടുത്തുന്നത് കൃത്യമായ മാധ്യമ കുപ്രചാരണത്തിന്റെ ഭാഗമാണ്. ഇത്തരമൊരു സാഹചര്യത്തിന്റെ ഉത്തരവാദിത്തം മര്‍കസിന്റെയും തലവന്‍ സഅദ് മൗലാനയുടെയും മേല്‍ കെട്ടിവയ്ക്കുന്നത് അപലപനീയമാണ്. മര്‍കസിനെതിരേ അന്യായമായി ചുമത്തിയ കേസ് പിന്‍വലിക്കണം.
അധികാരികളുടെ അനാസ്ഥ മൂലമുണ്ടായ സാഹചര്യത്തിന് മര്‍കസിനെയും തബ്‌ലീഗ് ജമാഅത്തിനെയും ക്രൂശിക്കുന്ന നടപടിയില്‍ നിന്ന് മാധ്യമങ്ങള്‍ പിന്‍മാറണമെന്ന് പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു. രാജ്യത്തുടനീളം കുടുങ്ങിക്കിടക്കുന്ന മുഴുവനാളുകള്‍ക്കും ഭക്ഷണവും താമസ സൗകര്യവും വൈദ്യസഹായവും ഉറപ്പാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പോപുലര്‍ ഫ്രണ്ട് അഭ്യര്‍ഥിച്ചു.