സൗദി അറേബ്യയില്‍ തബ്‌ലീഗ് ജമാഅത്തിനെ നിരോധിച്ച നടപടി അനീതിയെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്

Update: 2021-12-11 13:10 GMT

ന്യൂഡല്‍ഹി: സൗദി അറേബ്യ തബ് ലീഗ് ജമാഅത്തിനെ നിരോധിച്ച നടപടി അനീതിയും തെറ്റുമാണെന്ന് ജമാഅത്തെ ഇസ് ലാമി ഹിന്ദ് പ്രസിഡന്റ് സയ്യിദ് സാദത്തുള്ള ഹുസൈനി. മതസംഘടനകള്‍ക്ക് അവരുടെ വിശ്വാസം പ്രചരിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ടാവണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

തബ്‌ലീഗ് ജമാഅത്ത് വ്യക്തിപരിഷ്‌കരണം ലക്ഷ്യമിട്ട് സമാധാനപരമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നും സൗദി സര്‍ക്കാരിന്റെ നടപടിയെ ഒരു തരത്തിലും നീതീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 

അടുത്ത വെള്ളിയാഴ്ച തബ് ലീഗ് ജമാഅത്തിനെതിരേ പ്രസംഗിക്കാന്‍ മതപ്രബോധകര്‍ക്ക് സൗദി സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തബ് ലീഗിന് ഭീകരവാദവുമായി ബന്ധമുണ്ടെന്നാണ് ആരോപണം. 

'ഭീകരവാദത്തിന്റെ കവാടങ്ങളില്‍ ഒന്ന്' എന്ന് വിശേഷിപ്പിച്ചാണ് സൗദി അറേബ്യ രാജ്യത്ത് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. 

തബ്‌ലീഗ് ജമാഅത്തിനെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി അടുത്ത വെള്ളിയാഴ്ച പള്ളികളില്‍ പ്രഭാഷണം നടത്താന്‍ സൗദി അറേബ്യയിലെ ഇസ്‌ലാമിക കാര്യ മന്ത്രി അബ്ദുല്‍ ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ശെയ്ഖ് ആണ് നിര്‍ദേശം നല്‍കിയത്. സൗദി ഇസ്‌ലാമിക കാര്യ മന്ത്രാലയമാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. 

തബ്‌ലീഗ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം വഴിതെറ്റിയാണെന്നും അത് അപകടമാണെന്നും തീവ്രവാദത്തിന്റെ കവാടങ്ങളിലൊന്നാണെന്നുമാണ് മന്ത്രാലയം പറയുന്നത്.

ഇത്തരം ഗ്രൂപ്പുകള്‍ സമൂഹത്തിന് ആപത്താണെന്നും തബ്‌ലീഗും ദഅ്‌വ ഗ്രൂപ്പും ഉള്‍പ്പെടെയുള്ള പക്ഷപാതപരമായ ഗ്രൂപ്പുകളുമായുള്ള ബന്ധം സൗദി അറേബ്യയില്‍ നിരോധിച്ചിരിക്കുന്നു എന്നും പ്രസ്താവനയില്‍ മന്ത്രാലയം വ്യക്തമാക്കുന്നു. 

Tags:    

Similar News