സിഎഎ, കര്‍ഷക പ്രക്ഷോഭം; തമിഴ്‌നാട് സര്‍ക്കാര്‍ 5,570 കേസുകള്‍ പിന്‍വലിച്ചു

2,282 കേസുകള്‍ സിഎഎ പ്രതിഷേധക്കാര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിരുന്നവയാണ്. 2,831 കേസുകളാണ് കര്‍ഷക പ്രക്ഷോഭത്തിന്റെ പേരിലുള്ളതാണ്. 2011 നും 2021 നുമിടയില്‍ രജിസ്റ്റര്‍ ചെയ്ത പത്രമാധ്യമങ്ങള്‍ക്കെതിരെയുള്ള 26 കേസുകളും പിന്‍വലിച്ചവയില്‍ ഉള്‍പ്പെടുന്നു. കൂടംകുളം പ്ലാന്റ്, എട്ടുവരിപ്പാത, മീഥേന്‍, ന്യൂട്രിനോ പദ്ധതികളുമായി ബന്ധപ്പെട്ട 405 കേസുകളും സര്‍ക്കാര്‍ പിന്‍വലിച്ചതായി അറിയിച്ചിട്ടുണ്ട്.

Update: 2021-09-18 06:23 GMT

ചെന്നൈ: പൗരത്വ ഭേദഗതി നിയമം, കാര്‍ഷിക നിയമങ്ങള്‍ എന്നിവയ്‌ക്കെതിരായ പ്രക്ഷോഭങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ തമിഴ്‌നാട് സര്‍ക്കാര്‍ പിന്‍വലിച്ചു. 5,570 കേസുകള്‍ പിന്‍വലിച്ചതായാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിയമസഭയില്‍ അറിയിച്ചത്. അന്വേഷണം നടക്കാത്തതോ കുറ്റപത്രം സമര്‍പ്പിക്കപ്പെടാത്തതോ ആയ കേസുകളാണ് സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്. മാധ്യമങ്ങള്‍ക്കെതിരേയും, കൂടംകുളം ആണവനിലയത്തിനും തമിഴ്‌നാട്ടിലെ എട്ടുവരിപ്പാതകള്‍ക്കുമെതിരേ പ്രതിഷേധിച്ചവര്‍ക്കെതിരേയും രജിസ്റ്റര്‍ ചെയ്ത കേസുകളും പിന്‍വലിച്ചവയില്‍പ്പെടുന്നു.

2,282 കേസുകള്‍ സിഎഎ പ്രതിഷേധക്കാര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിരുന്നവയാണ്. 2,831 കേസുകളാണ് കര്‍ഷക പ്രക്ഷോഭത്തിന്റെ പേരിലുള്ളതാണ്. 2011 നും 2021 നുമിടയില്‍ രജിസ്റ്റര്‍ ചെയ്ത പത്രമാധ്യമങ്ങള്‍ക്കെതിരെയുള്ള 26 കേസുകളും പിന്‍വലിച്ചവയില്‍ ഉള്‍പ്പെടുന്നു. കൂടംകുളം പ്ലാന്റ്, എട്ടുവരിപ്പാത, മീഥേന്‍, ന്യൂട്രിനോ പദ്ധതികളുമായി ബന്ധപ്പെട്ട 405 കേസുകളും സര്‍ക്കാര്‍ പിന്‍വലിച്ചതായി അറിയിച്ചിട്ടുണ്ട്. ഇത്തരം കേസുകളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാതെ ഉപേക്ഷിക്കാമെന്ന് പോലിസ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. വിചാരണ കാത്തിരിക്കുന്ന കേസുകളില്‍ പ്രോസിക്യൂഷന്‍ പിന്‍വലിക്കുന്നതിനുള്ള അപേക്ഷ നീക്കാന്‍ ചുമതലയുള്ള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് നിര്‍ദേശം നല്‍കി.

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരേ ഫയല്‍ ചെയ്ത കേസുകള്‍ ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിന്‍വലിക്കരുതെന്ന സുപ്രിംകോടതി നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍, അത്തരം കേസുകളുടെ വിശദാംശങ്ങള്‍ മദ്രാസ് ഹൈക്കോടതി മുമ്പാകെ ഹാജരാക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. സിറ്റിങ് അല്ലെങ്കില്‍ മുന്‍ എംപിമാര്‍/എംഎല്‍എമാര്‍ എന്നിവര്‍ക്കെതിരായ കേസുകളുടെ വിശദാംശങ്ങള്‍ മദ്രാസ് ഹൈക്കോടതിയില്‍ പരിഗണിക്കുന്നതിനായി സമര്‍പ്പിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസിന് നിര്‍ദേശം നല്‍കിയതായി തമിഴ്‌നാട് ചീഫ് സെക്രട്ടറി എസ്‌കെ പ്രഭാകര്‍ ഒപ്പിട്ട ഉത്തരവില്‍ വ്യക്തമാക്കുന്നു.

Tags:    

Similar News