താനൂര്‍ കസ്റ്റഡി കൊല: നടപടി സുജിത്ത് ദാസിന്റെ സസ്‌പെന്‍ഷനില്‍ ഒതുങ്ങരുതെന്ന് താമിര്‍ ജിഫ്രിയുടെ സഹോദരന്‍
തിരൂരങ്ങാടി: പി വി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെുടത്തലിലൂടെ സസ്‌പെന്റ് ചെയ്ത മലപ്പുറം മുന്‍ എസ്പി സുജിത്ത്ദാസില്‍ മാത്രം നടപടികള്‍ ഒതുങ്ങരുതെന്ന് താനൂരില്‍ പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി. തന്റെ അനുജന്‍ കൊല്ലപ്പെട്ടത് മുതല്‍ എസ്പി അടക്കമുള്ളവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടിട്ടും സംരക്ഷിച്ച് പോന്നിരുന്ന വേളയിലാണ് ഇപ്പോഴാണ് താമിറിനെ തല്ലിയതിലൂടെയാണ് മരിച്ചതെന്ന വെളിപ്പെടുത്തല്‍ സുജിത്ത് ദാസ് നടത്തിയത്. ലോക്കപ്പില്‍ കുഴഞ്ഞുവീണതായിരുന്നുവെന്ന വാദമാണ് ഇതോടെ പൊളിഞ്ഞത്. അമിതമായി മദ്യപിച്ച് ഡാന്‍സാഫ് അംഗങ്ങള്‍ താമിര്‍ ജിഫ്രിയെ ക്രൂരമായി മര്‍ദിച്ചതാണെന്ന് വെളിവായിട്ടും കള്ളക്കഥകള്‍ പ്രചരിക്കപ്പെട്ടതിന് പിന്നില്‍ ജില്ലയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ എസ് പിയാണന്നത് തെളിഞ്ഞിരിക്കയാണ്. മാത്രമല്ല താനൂര്‍ ഡിവൈഎസ്പി, എഎസ്പി, സിഐ എന്നിവരെ അടക്കം സസ്‌പെന്റെ ചെയ്ത് കേസില്‍ പ്രതി ചേര്‍ക്കാന്‍ തയ്യാറാവണമെന്നും ഹാരിസ് ജിഫ്രി ആവശ്യപ്പെട്ടു. വൈകിയാണെങ്കിലും പോലിസിലെ ക്രിമിനലായ സുജിത്ത് ദാസിനെതിരെയുള്ള നടപടിയില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.