താനൂര്‍ കസ്റ്റഡികൊലപാതകം; 'താമിര്‍ ജിഫ്രിയെ പോലിസ് മര്‍ദ്ദിക്കുന്നത് നേരില്‍ കണ്ടു'; ദൃക്‌സാക്ഷികള്‍ കോടതിയില്‍
പരപ്പനങ്ങാടി: താനൂര്‍ കസ്റ്റഡിക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍. താമിര്‍ ജിഫ്രിയെ പോലിസ് മര്‍ദ്ദിക്കുന്നത് നേരില്‍ കണ്ടുവെന്ന് ദൃക്‌സാക്ഷികള്‍ മജിസ്‌ട്രേറ്റിന് മൊഴി നല്‍കി. താമിര്‍ ജിഫ്രിക്കൊപ്പം അറസ്റ്റിലായി പിന്നീട് ജാമ്യം ലഭിച്ച നാലു പേരും ഡാന്‍സാഫ് വിട്ടയച്ച ഏഴംഗ സംഘത്തില്‍പ്പെട്ട രണ്ടു യുവാക്കളുമാണ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരായത്. ചേളാരി സ്വദേശികളായ മന്‍സൂര്‍, ഇബ്രാഹീം, തിരൂരങ്ങാടി സ്വദേശി കെ ടി മുഹമ്മദ്, താനൂര്‍ സ്വദേശികളായ ജബീര്‍, ഫാസില്‍, കൂമണ്ണ സ്വദേശി ആബിദ് എന്നിവരാണ് മൊഴി നല്‍കിയത്.
എറണാകുളം സിബിഐ കോടതിയില്‍ എത്തിയാണ് ഇവര്‍ മൊഴി നല്‍കിയത്. നേരത്തെ സിബിഐ ഇവരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. പോലിസ് മര്‍ദ്ദനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും സിബിഐ ശേഖരിച്ചു. ആലുങ്ങലിലെ വാടകമുറിയിലും, താനൂര്‍ പോലിസ് ക്വാര്‍ട്ടേഴ്‌സിലും, താനൂര്‍ പോലിസ് സ്റ്റേഷനിലും താമിര്‍ ജിഫ്രിക്ക് സംഭവിച്ചത് നേരിട്ട കണ്ട യുവാക്കള്‍ കേസിലെ പ്രധാന സാക്ഷികളാണ്. അതിനിടെ താമിര്‍ ജിഫ്രിയുടെ മരണ സര്‍ട്ടിഫിക്കറ്റ് താനൂര്‍ മുന്‍സിപ്പാലിറ്റി ബന്ധുക്കള്‍ക്ക് നല്‍കി. താനൂര്‍ മൂലക്കല്‍ ആശുപത്രിയിലേക്ക് കൊണ്ട് വരുന്ന വഴിക്കാണ് മരണപ്പെട്ടതാണെന്നാണ് രേഖയില്‍ . നേരത്തെ മരണ റിപ്പോര്‍ട്ട് നല്‍കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. പോലിസ് ഭാഷ്യം അപ്പടി പകര്‍ത്താന്‍ തയ്യാറല്ലെന്നായിരുന്നു മുന്‍സിപ്പാലിറ്റി അധികൃതരുടെ നിലപാട്.
എന്നാല്‍ ഇപ്പോള്‍ പോലിസിന്റെ വാദങ്ങള്‍ മുഖവിലക്കെടുത്ത് തന്നെയാണ് രേഖ നല്‍കിയതെന്ന് സഹോദരന്‍ ഹാരിസ് ജിഫ്രി പറയുന്നു. താമിര്‍ ജിഫ്രി കൊല്ലപെട്ടിട്ട് മൂന്ന് മാസം പിന്നിടാന്‍ ഇരിക്കെ പ്രതികളെ പിടികൂടാത്തതും കുറ്റം മറക്കാന്‍ ശ്രമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതും വിവാദമായിരിക്കുകയാണ്. ഔദ്യോഗിക തലത്തില്‍ നടന്ന കസ്റ്റഡി കൊലപാതകത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉടനെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.