8.34 കോടിയുടെ ടേണ്‍ ഓവര്‍ മറച്ചുവച്ചു; താരസംഘടനയായ 'അമ്മ'ക്ക് ജിഎസ്ടി നോട്ടിസ്

Update: 2023-01-09 06:15 GMT

കൊച്ചി: താരസംഘടനയായ അമ്മയ്ക്ക് ജിഎസ്ടി നോട്ടീസ്. 8.34 കോടി രൂപ ജിഎസ്ടി ടേണ്‍ ഓവര്‍ സംഘടന മറച്ചുവച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജിഎസ്ടി വകുപ്പ് നോട്ടിസ് നല്‍കിയത്. വകുപ്പിന്റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 2018- 2022 കാലയളവിലെ അമ്മയുടെ അക്കൗണ്ടിലാണ് ക്രമക്കേട്. നികുതിയും പലിശയും പിഴയുമായി അമ്മ നാല് കോടി രൂപ അടക്കണം. തുക അടക്കാന്‍ അമ്മക്ക് ജിഎസ്ടി ഇന്റിമേഷന്‍ നോട്ടീസ് നല്‍കി.

2017ല്‍ ജിഎസ്ടി ആരംഭിച്ചിട്ടും അമ്മ രജിസ്‌ട്രേഷനെടുത്തത് 2022ലാണ്. ജി.എസ്.ടി വകുപ്പ് സമന്‍സ് നല്‍കിയ ശേഷമാണ് അമ്മ രജിസ്‌ട്രേഷനെടുക്കാന്‍ തയ്യാറായത്. ജിഎസ്ടി രജിസ്‌ട്രേഷനെടുക്കാതെ അമ്മ അഞ്ച് വര്‍ഷം ഇടപാടുകള്‍ നടത്തിയതായാണ് ജിഎസ്ടി വകുപ്പിന്റെ കണ്ടെത്തല്‍. ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ എന്ന നിലയ്ക്കാണ് സംഘടന രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, വരുമാനം ലഭിച്ചിട്ടുണ്ടെങ്കില്‍ ജിഎസ്ടി നല്‍കണമെന്നാണ് അധികൃതരുടെ നിര്‍ദേശം. 2017 മുതലുളള ജിഎസ്ടിയാണ് അടയ്‌ക്കേണ്ടത്. സ്‌റ്റേജ് ഷോകളില്‍ നിന്നടക്കം കിട്ടിയ വരുമാനത്തിന് ജിഎസ്ടി നല്‍കാനാണ് നോട്ടീസില്‍ നിര്‍ദേശിക്കുന്നത്. അധികൃതര്‍ക്ക് ഉടന്‍ മറുപടി നല്‍കുമെന്ന് അമ്മ ഭാരവാഹികള്‍ വ്യക്തമാക്കി.

Tags:    

Similar News