ന്യൂഡല്‍ഹി: അക്കൗണ്ട് മരവിപ്പിക്കലിലൂടെയും പണം പിടിച്ചെടുക്കലിലൂടെയും സാമ്പത്തിക പ്രതിസന്ധിയിലായ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടിയുമായി ആദായനികുതി വകുപ്പ്. 1700 കോടിയുടെ പുതിയ നോട്ടീസ് കൈമാറി. 2017-18 മുതല്‍ 2020-21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയും ഉള്‍പ്പെടെയാണ് നോട്ടീസിലുള്ളത്. 2017-18 മുതല്‍ 2020-21 ലെ നികുതി പുനര്‍നിര്‍ണയിക്കാനുള്ള ആദായനികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നല്‍കിയ ഹരജി ഡല്‍ഹി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചത്.
കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലെ പുനര്‍നിര്‍ണയത്തിനുള്ള കാലാവധി ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന ഞായറാഴ്ച കഴിയും. അതിനുമുമ്പ് പുനര്‍നിര്‍ണയം നടത്തി പിഴയും പലിശയുമടക്കം മറ്റൊരു നോട്ടീസ് കൂടി കോണ്‍ഗ്രസിന് നല്‍കിയേക്കുമെന്നാണ് റിപോര്‍ട്ട്. എന്നാല്‍, അനുബന്ധ രേഖകളില്ലാതെയാണ് നോട്ടീസ് കൈമാറിയതെന്നും നീക്കം ജനാധിപത്യവിരുദ്ധമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. നേരത്തേ, കുടിശ്ശികയുടെ പേരില്‍ അക്കൗണ്ട് മരവിപ്പിക്കുകയും തുക കണ്ടുകെട്ടുകയും ചെയ്തതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ലാതെ ബുദ്ധിമുട്ടുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും ഭീമമായ തുകകളുടെ പുതിയ നോട്ടീസ് ലഭിച്ചത്.