ഷിമോഗയിൽ സംഘർഷം തുടരുന്നു; മൂന്ന് പേർ അറസ്റ്റിൽ
അക്രമകാരികൾ ആർഎസ്എസ് വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നും ആക്രമിക്കപ്പെട്ടവർ പറയുന്നു
കർണാടക: വ്യത്യസ്ത സംഭവങ്ങളിൽ രണ്ടുപേർ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് ഷിമോഗ ജില്ലയിൽ സംഘർഷം തുടരുന്നു. സംഭവത്തെ തുടർന്ന് മൂന്ന് പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. മാർക്കറ്റ് ഫൗസാൻ, അസർ എന്ന അസു, ഫറാസ് എന്നിവരെയാണ് ദൊഡ്ഡപേട്ടയിൽ നിന്ന് പിടികൂടിയത്.
ഏതാനും ദിവസം മുമ്പ് പ്രതികളിൽ ഒരാളായ മാർക്കറ്റ് ഫൗസാനെതിരെ ചില ആരോപണങ്ങൾ ഉയർത്തിയതിനെ തുടർന്നാണ് ഇപ്പോഴുണ്ടായ സംഭവമെന്ന് അക്രമിക്കപ്പെട്ടവരിൽ ഒരാളായ കുമാർ പറഞ്ഞു. അക്രമകാരികൾ ആർഎസ്എസ് വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നും ഇവർ പറയുന്നു.
'ഞാൻ നിലത്തു വീണു, അവർ അപ്പോഴും എന്നെ ആക്രമിച്ചു, എന്റെ മുഖത്തവർ അടിച്ചു. തലയിൽ രക്തസ്രാവമുണ്ടായി. രക്ഷപെടാൻ ശ്രമിച്ച എന്നെ അവർ പിന്തുടരുകയും ആക്രമിക്കുകയും ചെയ്തു' - ആക്രമിക്കപ്പെട്ട മറ്റൊരാൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ പറഞ്ഞു.
എന്നാൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ഷിമോഗ എസ്പി ജി കെ മിഥുൻ കുമാർ അറിയിച്ചു. അക്രമസംഭവങ്ങളിൽ പോലിസ് പ്രതികളെ പിടിച്ചിട്ടുണ്ടെന്നും അവർ വേണ്ടത് ചെയ്യുമെന്നും കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പ്രതികരിച്ചു.