വീണ്ടും കൂട്ടക്കൊലകള്‍ അരങ്ങേറുമെന്ന ഭീതിയില്‍ ബോസ്‌നിയന്‍ ജനത

സംയുക്ത സേനയെ പുറംതള്ളി റിപബ്ലിക്ക സ്രപ്‌സ്‌ക്കയില്‍ സെര്‍ബ് സൈന്യത്തെ മാത്രം നിയന്ത്രണ മേല്‍പ്പിക്കാനൊരുങ്ങുകയാണ്

Update: 2021-11-06 07:50 GMT

സാരയോവ: രാജ്യത്ത് വീണ്ടും കൂട്ടക്കൊലകള്‍ അരങ്ങേറുമെന്ന ഭീതിയില്‍ ബോസ്‌നിയന്‍ ജനത. ബോസ്‌നിയ -ഹെര്‍സ്‌ഗോവിന എന്ന പോരില്‍ രാജ്യം രണ്ട് വ്യത്യസ്ഥ ഭരണകൂടങ്ങളുടെ ഫെഡറേഷനായതിന് ശേഷം ഇപ്പോള്‍ വീണ്ടും രൂപപ്പെട്ട് വരുന്ന വംശീയ ധ്രുവീകരണ ശ്രമങ്ങളാണ് പുതിയ പ്രതിസന്ധിയുണ്ടാക്കുന്നത്. 1992 -95 കാലഘട്ടങ്ങളില്‍ നടന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കിടെ ഒരു ലക്ഷത്തിലേറെ ആളുകളാണ് കൊല്ലപ്പെട്ടത്. സെര്‍ബുകളും ക്രോട്ടുകളും വ്യത്യസ്ഥ രാജ്യങ്ങള്‍ വേണമെന്നാവശ്യപ്പെട്ട് നടത്തിയ സമരങ്ങളാണ് വ്യാപകമായ വംശഹത്യകളായി പരിണമിച്ചത്. തുടര്‍ന്ന് യുഎന്‍ മധ്യസ്ഥതയില്‍ ബോസിനിയന്‍ -ക്രോട്ട് വംശജര്‍ക്ക് ഭൂരിപക്ഷമുള്ള ഒരുഫെഡറേഷനും സെര്‍ബ് ആധിപത്യമുള്ള റിപബ്ലിക്ക സ്രപ്‌സ്‌ക്കയും രൂപീകരിക്കുകയായിരുന്നു.


ഇവിടെ സെര്‍ബ്, ക്രോട്ട്(ക്രെയേഷ്യന്‍), ബോസ്‌നിയന്‍ വംശജര്‍ക്ക് പ്രസിഡന്റ് പദവി എട്ട് മാസംകൂടുമ്പോള്‍ മാറ്റി നല്‍കുന്ന മധ്യസ്ഥ ശ്രമമാണ് നടന്നിരുന്നത്. 15 വര്‍ഷമായി ഈ രീതി തുടര്‍ന്ന വരികയായിരുന്നു. എന്നാല്‍ ഈയിടെ സെര്‍ബ് പ്രസിഡന്റായ മിലോറാഡ് ദോദിക്ക് നടത്തിയ വിവാദ നീക്കങ്ങളും പരാമര്‍ശങ്ങളും രാജ്യത്ത് വീണ്ടും വംശീയ കലാപമുണ്ടാകുമെന്ന ഭീതി വിതച്ചിരിക്കുകയാണ്. രാജ്യത്തിന്റെ സംയുക്ത സേനയെ പുറംതള്ളി റിപബ്ലിക്ക സ്രപ്‌സ്‌ക്കയില്‍ സെര്‍ബ് സൈന്യത്തെ മാത്രം നിയന്ത്രണ മേല്‍പ്പിക്കാനൊരുങ്ങുകയാണ്. റഷ്യന്‍ ചൈനീസ് പിന്തുണയുള്ള ഇവര്‍ ബോസ്‌നിയന്‍ മുസ്‌ലിംകള്‍ അടക്കമുള്ളവര്‍ക്ക് നേരെ തിരിയുമെന്ന് ആശങ്കയുണ്ട്. സെബ്രനിക്ക കൂട്ടകൊല നടത്തിയ സെര്‍ബ് സൈന്യത്തെ വീണ്ടും പ്രദേശത്തിന്റെ നിയന്ത്രണമേല്‍പ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇവിടെ പതിനായിരക്കണക്കിന് മുസ്‌ലിംകളെയാണ് സെര്‍ബുകള്‍ കൊന്നത്.


ലക്ഷങ്ങള്‍ പാലായനം ചെയ്യുകയും ചെയ്തു. 1992-95 കാലത്ത് സെര്‍ബ് സൈന്യം ബോസ്‌നിയന്‍ മുസ്‌ലിം വംശജര്‍ക്കെതിരേ ആസൂത്രിതമായ ആക്രമണമഴിച്ചു വിടുകയായിരുന്നുവെന്ന് പിന്നീട്അന്താരാഷ്ട്ര നീതിന്യായ കോടതി കണ്ടെത്തിയിരുന്നു. കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരികയും ചെയ്തു.


സംയുക്ത സൈന്യത്തെ പുറംതള്ളി റിപബ്ലിക്ക സ്രപ്‌സ്‌ക്ക മേഖലയില്‍ സെര്‍ബ് സൈന്യത്തിന് പൂര്‍ണാധികാരം നല്‍കുന്നതോടെ അവര്‍ വീണ്ടും വശീയ ഉന്മൂലനം നടത്തുമെന്ന് തങ്ങള്‍ ഭയപ്പെടുന്നതായി മുസ്‌ലിംപുരോഹിതന്‍ അഹമ്മദ് ഹ്രുസ്താനോവിച്ച് ആശങ്കപങ്കുവച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു.അന്താരാഷ്ട്ര മുറവിളികള്‍ക്കും അറബ് പോരാളികളുടെ ഇടപെടുലകള്‍ക്കുമൊടുവിലാണ് ബോസ്‌നിയല്‍ സമാധാനം പുനസ്ഥാപിക്കാനായിരുന്നത്.

Tags:    

Similar News