കൊവിഡ് വാക്‌സിന്‍ വിപണിയില്‍ വരാനിരിക്കുന്നത് കഴുത്തറപ്പന്‍ മല്‍സരം

വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ വാക്‌സിന്‍ വിപണി ഉദാരമാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആലോചന വാക്‌സിന്‍ വിപണിയില്‍ കടുത്ത മല്‍സരത്തിന് കാരണമാവും. വിലനിലവാരം ഉയരും. നിരവധി പേര്‍ വാക്‌സിനെടുക്കാതെ ചത്തൊടുങ്ങാനും സാധ്യത

Update: 2021-04-20 05:51 GMT

ന്യൂഡല്‍ഹി: കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിപ്പിക്കുകയും വാക്‌സിന്‍ ക്ഷാമം രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തില്‍ വരാനിരിക്കുന്നത് വാക്‌സിന്‍ വിപണിയില്‍ കഴുത്തറപ്പന്‍ മല്‍സരമെന്ന് സൂചന. വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ വാക്‌സിന്‍ വിപണി ഉദാരമാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആലോചനയാണ് ഇതിനു പിന്നില്‍.

വാക്‌സിന്‍ ക്ഷാമം ഉണ്ടായിരുന്നെങ്കിലും നേരത്തെ കേന്ദ്ര സര്‍ക്കാര്‍ പരിശോധന പൂര്‍ത്തിയായ റഷ്യന്‍ നിര്‍മിത വാക്‌സിനായ സ്പുടിനിക് 5ന് ഇറക്കുമതി അനുമതി നിഷേധിച്ചിരുന്നു. പകരം തദ്ദേശിയ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റിയൂട്ടിനെയും ഭാരത് ബയോടെക്കിനെയും ആശ്രയിക്കുകയെന്നതായിരുന്നു നയം. ഈ നയത്തിന് മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. രണ്ട് കമ്പനികള്‍ക്കും രാജ്യത്തിന് ആവശ്യമായ വാക്‌സിന്‍ നിര്‍മിച്ചുനല്‍കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വാക്‌സിന്‍ വിപണി ഉദാരമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതുപക്ഷേ, പുതിയ അപകടങ്ങള്‍ക്ക് വഴിയൊരുക്കുമെന്നതാണ് യാഥാര്‍ത്ഥ്യം. 


പല ലോകരാജ്യങ്ങളും തങ്ങളുടെ ജനതക്ക് ആവശ്യമായ വാക്‌സിന്‍ നല്‍കി കൊവിഡ് ഭീതിയില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ഇന്ത്യ ഇപ്പോഴും പിന്നിലാണ്. ഏപ്രില്‍ 17ാം തിയ്യതിയോടെ ബ്രിട്ടന്‍ അവരുടെ ജനസംഖ്യയുടെ 48.2 ശതമാനം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. യുഎസ്സില്‍ അത് 38.2 ശതമാനമാണ്. ജര്‍മനിയില്‍ 18.9 ശതമാനം പേര്‍ വാക്‌സിനെടുത്തെങ്കില്‍ ഇന്ത്യയിലത് വെറും 7.7 ശതമാനം മാത്രമാണ്.

പ്രധാനമന്ത്രി കൊട്ടിഘോഷിച്ച് നടപ്പാക്കിയ വാക്‌സിന്‍ ഉല്‍സ സമയത്താകട്ടെ മുന്‍ ദിവസങ്ങളില്‍ എടുത്തതിനേക്കാള്‍ കുറവ് വാക്‌സിനാണ് വിതരണം ചെയ്തത്. ഏപ്രില്‍ 11-14 തിയ്യതികളിലാണ് കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ ഉല്‍സവം ആചരിച്ചത്.

മെയ് 1ാം തിയ്യതിയോടെ പതിനെട്ട് തികഞ്ഞവര്‍ക്കു കൂടി വാക്‌സിന്‍ നല്‍കാന്‍ തീരുമാനിക്കുന്നതോടെ രാജ്യത്ത് വാക്‌സിന്റെ ആവശ്യകത ക്രമാതീതമായി ഉയരും. ഇതുകൂടെ മുന്നില്‍ കണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ വിപണിയെ ഉദാരമാക്കുന്നത്. 


വാക്‌സിന്‍ വിതരണവും വിലനിര്‍ണയവും നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. ഇത് മാറ്റി കമ്പനികള്‍ക്ക് ഇറക്കുമതിച്ചുങ്കം ഒഴിവാക്കിക്കൊടുത്ത് വിലനിര്‍ണയ അവകാശം കേന്ദ്രസര്‍ക്കാര്‍ കയ്യൊഴിയാനാണ് ആലോചന. ഇത് വാക്‌സിന്‍ വിപണിയില്‍ കഴുത്തറപ്പന്‍ മത്സരത്തിനും സാധാരണക്കാരന് വാക്‌സിന്‍ അപ്രാപ്യമാക്കാനും ഇടയാക്കും.

നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായാണ് വാക്‌സിന്‍ നല്‍കുന്നത്. സിറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മിക്കുന്ന കൊവിഷീല്‍ഡും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും തങ്ങളുടെ വാക്‌സിന്‍ സബ്‌സിഡി നിരക്കില്‍ ഉല്‍പ്പാദിപ്പിച്ച് കേന്ദ്രത്തിന് കൈമാറുകയാണ് ചെയ്യുന്നത്. ഇതാണ് നികുതികള്‍ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ വിപണിയില്‍ കൊവിഷീല്‍ഡ് ഡോസൊന്നിന് 150 രൂപയ്ക്കും കൊവാക്‌സിന്‍ 206 രൂപയ്ക്കും വില്‍ക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതിനു പുറമെ നികുതിയും നല്‍കണം. 


 എന്നാല്‍ ഈ വിലക്ക് വാക്‌സിന്‍ വില്‍ക്കാന്‍ കമ്പനികള്‍ തയ്യാറല്ലെന്നാണ് അറിയുന്നത്. വിലനിര്‍ണയം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സ്വതന്ത്രമാക്കണമെന്ന ആവശ്യം വിവിധ വ്യവസാ സംഘടനകളും ഉയര്‍ത്തിയിട്ടുണ്ട്. വാക്‌സിന്‍ വിപണി ഉദാരമാക്കി വാക്‌സിന്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിര്‍മാതാക്കള്‍ നിശ്ചയിക്കുന്ന വിലയില്‍ വിറ്റഴിക്കാനാവണമെന്നാണ് അവരുടെ ആവശ്യം.

സബ്‌സിഡി നിരക്കില്‍ വാക്‌സിന്‍ വില്‍ക്കുന്നതുതന്നെ രണ്ട് കമ്പനികള്‍ക്കും ആവശ്യമായ ലാഭം നല്‍കുന്നുണ്ട്. എന്നാല്‍ അത് പോരെന്നാണ് കമ്പനികളുടെ താല്‍പ്പര്യം. സിറം ഇന്‍സ്റ്റിറ്റിയൂട്ട് സിഇഒ അഡര്‍ പൊന്നവാല ഏപ്രില്‍ 6ന് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സബ്‌സിഡി നിരക്കില്‍ വാക്‌സിന്‍ നല്‍കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

തങ്ങള്‍ക്ക് നിലവില്‍ ലാഭമുണ്ടെങ്കിലും അധികലാഭം ലഭിക്കുന്നില്ലെന്നാണ് സിഇഒയുടെ പരാതി. സാധാരണ ലാഭം കുറച്ചുകാലം മാത്രമേ സഹിക്കുകയുള്ളൂവെന്നും അധികലാഭം ലഭിക്കേണ്ട കാലമായെന്നും അദ്ദേഹം അതേ അഭിമുഖത്തില്‍ വ്യക്തമാക്കി.

കൊവിഷീല്‍ഡിന് നിലവില്‍ തങ്ങള്‍ക്ക് ഒരു ഡോസില്‍ നിന്ന് 3 ഡോളര്‍ മാത്രമാണ് ലഭിക്കുന്നതെന്നും ആഗോളതലത്തില്‍ 20 ഡോളറാണെന്നും അദ്ദേഹം പറഞ്ഞു. 


നിലവില്‍ ഫൈസര്‍ വാക്‌സിന് ഡോസൊന്നിന് 1,431 രൂപയാണ് ഈടാക്കുന്നത്. മൊഡേണയ്ക്ക് 2,348-2,715ഉം സിനോവാക്‌സിന് 1,027ഉം ജോണ്‍സണ്‍ ആന്റ് ജോണ്‍സന്് 734ഉം രൂപയാണ് വില. ഇന്ത്യയിലും തങ്ങള്‍ക്ക് ഇതേ വിലക്ക് വില്‍ക്കാനാവണമെന്നാണ് കമ്പനികളുടെ വാദം. നിലവില്‍ 150 രൂപക്ക് വില്‍ക്കുന്ന വാക്‌സിന്‍ 1,000 രൂപക്കെങ്കിലും വില്‍ക്കാനാവണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.

കൊവാക്‌സിന്‍ ഐസിഎംആര്‍ സഹായത്തോടെയാണ് ഭാരത് ബയോടെക്ക് വികസിപ്പിച്ചത്. അത് നിര്‍മിക്കാനുള്ള അവകാശവും സര്‍ക്കാര്‍ ഭാരത് ബയോടെക്കിന് നല്‍കി. ആദ്യത്തെ 16.5 ലക്ഷം ഡോസ് കേന്ദ്രത്തിന് സൗജന്യമായും തുടര്‍ന്ന് 38.5 ലക്ഷം ഡോസ് 206 രൂപയ്ക്കും നല്‍കണമെന്നായിരുന്നു കരാര്‍. ഉദാരവിപണയില്‍ കൊവാസ്‌കിന് എത്ര രൂപയ്ക്ക് ലഭിക്കുമെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.

രാജ്യത്തെ ദരിദ്രരായ 30 കോടി പേര്‍ക്കുമാത്രം സൗജന്യമായി വാക്‌സിന്‍ നല്‍കിയാല്‍ മതിയെന്നാണ് തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. അതിനുശേഷം വാക്‌സിന് ഇപ്പോള്‍ നല്‍കുന്ന സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കും. പിന്നീടങ്ങോട്ട് 50 ശതമാനം വാക്‌സിന്‍ കേന്ദ്ര സര്‍ക്കാര്‍ വാങ്ങുകയും വിതരണം ചെയ്യുകയും ബാക്കി 50 ശതമാനം സംസ്ഥാനങ്ങള്‍ വാക്‌സിന്‍ നിര്‍മാതാക്കളില്‍ നിന്ന് വാങ്ങേണ്ടിയും വരും. നേരിട്ടു വാങ്ങാനാണ് തീരുമാനമെങ്കില്‍ അത് വിലനിലവാരം ഉയര്‍ത്തുമെന്നാണ് കരുതപ്പെടുന്നത്.

18 തികഞ്ഞവര്‍ക്ക് വാക്‌സിന്‍ നല്‍കാമെന്ന തീരുമാനം എടുത്ത അതേദിവസം തന്നെ വാക്‌സിന്‍ വിലനിര്‍ണയം കമ്പനികള്‍ക്ക് നല്‍കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. അതിനിര്‍ത്ഥം ഇപ്പോള്‍ 150 രൂപയ്ക്ക് ലഭിക്കുന്ന കൊവിഷീല്‍ഡിന് 1,000 രൂപയാകും. രണ്ട് ഡോസിന് 2,000 രൂപ ചെലവഴിക്കേണ്ടിവരും. കേന്ദ്രം നല്‍കുന്ന 50 ശതമാനത്തിന് സംസ്ഥാനങ്ങള്‍ വില നല്‍കേണ്ടിവരുമോയെന്ന കാര്യം തിങ്കളാഴ്ചയിലെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. കേന്ദ്രം പ്രഖ്യാപിച്ച 30 കോടി ദരിദ്രരുടെ ക്വാട്ട കഴിഞ്ഞാല്‍ സംസ്ഥാനങ്ങള്‍ വാക്‌സിന് വില നല്‍കേണ്ടിവരുമെന്നാണ് കരുതുന്നത്.

ഇത് സംസ്ഥാനങ്ങളുടെ ബജറ്റില്‍ വലിയ ആഘാതത്തിന് കാരണമാവുമെന്ന് കരുതപ്പെടുന്നു. 


100 കോടി വരുന്ന ജനങ്ങള്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കാന്‍ 2 ലക്ഷം കോടി രൂപയാണ് ചെലവു വരിക. വാക്‌സിന്‍ വില വര്‍ധിക്കുന്നതോടെ വലിയൊരു വിഭാഗം ജനങ്ങള്‍ വാക്‌സിന്‍ എടുക്കുന്നത് ഒഴിവവാക്കുമെന്നതാണ് ഇതിന്റെ ഫലം. സംസ്ഥാനങ്ങള്‍ സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചാല്‍ അവയുടെ സമ്പദ്ഘടനയും താറുമാറാവും.

വാക്‌സിന്‍ വാങ്ങാന്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് അനുമതി നല്‍കുമെന്ന കേന്ദ്ര നിലപാട് മറ്റൊരു അപകടത്തിനും കാരണമാവും. തങ്ങള്‍ വിതരണം ചെയ്യേണ്ട 50 ശതമാനം വാക്‌സിനു വേണ്ടി സംസ്ഥാനങ്ങള്‍ സ്വകാര്യ ഏജന്‍സികളുമായി മല്‍സരിക്കേണ്ടിവരും. ഇതും വിലവര്‍ധനയ്ക്കും സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ തകര്‍ക്കാനും കാരണമാവും.

റഷ്യയില്‍ നിര്‍മിക്കുന്ന സ്പുട്‌നിക് 5 വാക്‌സിന്‍ താമസിയാകെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്‌തേക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ആഗോള നിര്‍മാതാക്കളായ ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ തുടങ്ങിയവയും അനുമതി ലഭിച്ചാല്‍ ഇറക്കുമതി ആരംഭിക്കും.

ലോകത്തെ പല രാജ്യങ്ങളിലും കൊവിഡ് വാക്‌സിന് 10-20 ശതമാനം നികുതിയാണ് ചുമത്തുന്നത്.

Tags:    

Similar News